
പഹല്‍ഗാം ഭീകരാക്രമണം: പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന് കോണ്‍ഗ്രസ്
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 26 പേര്‍ കേന്ദ്രഭരണപ്രദേശമായ ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവവും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന ഭാവി പരിപാടികളും ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സെഷന്‍ വിളിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്ത്. ഇതിനായി ഇന്ത്യാ മുന്നണിയിലെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ ശേഖരിക്കാന്‍ പാര്‍ട്ടി ശ്രമം തുടങ്ങി.
പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള കത്ത് കോണ്‍ഗ്രസ് തയ്യാറാക്കിയിട്ടുണ്ട്. ഇന്നോ നാളെയോ അത് അയക്കുമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞയാഴ്ച്ച ജമ്മുകശ്മീരില്‍ നടന്ന ആക്രമണത്തില്‍ കേന്ദ്രത്തിന് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏതൊരു നടപടിക്കും പ്രതിപക്ഷത്തിന്റെ പിന്തുണ ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു.
കോണ്‍ഗ്രസിന്റെ ആവശ്യത്തെ തുടര്‍ന്ന് കേന്ദ്രം വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ച്ചകളെ ചോദ്യം ചെയ്തിരുന്നു. സുരക്ഷ, ഇന്റലിജന്‍സ് വീഴ്ച്ചകളെ കുറിച്ച് പ്രതിപക്ഷം ചോദ്യങ്ങള്‍ ഉന്നയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോഡി സര്‍വകക്ഷി യോഗത്തിന് അധ്യക്ഷത വഹിക്കണമെന്ന് മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ആവശ്യപ്പെട്ടുവെങ്കിലും മോഡി യോഗത്തില്‍ പങ്കെടുത്തില്ല. ഇത് ഏറെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ആണ് അധ്യക്ഷത വഹിച്ചത്.
ഈ യോഗത്തില്‍ കേന്ദ്രം വീഴ്ച്ചകള്‍ സമ്മതിച്ചിരുന്നു. പ്രത്യേക സമ്മേളനം വിളിക്കണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത് മുസ്ലിം ലീഗ് പ്രതിനിധിയും രാജ്യസഭാ എംപിയുമായ ഹാരിസ് ബീരാനാണ്. സര്‍വകക്ഷി യോഗത്തില്‍ അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
ഭീകരതയ്‌ക്കെതിരെ രാജ്യം ഒറ്റക്കെട്ടാണെന്ന് കാണിക്കാനുള്ള അവസരമായിട്ടാണ് പാര്‍ട്ടികള്‍ സമ്മേളനത്തെ കാണുന്നത്. കൂടാതെ, സര്‍ക്കാരിന്റെ ഉത്തരവാദിത്വത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉന്നയിക്കാനും പ്രതിപക്ഷത്തിന് സാധിക്കും.


