
പഹല്‍ഗാം ഭീകരാക്രമണം: തെളിവ് യുഎന്നിന് മുന്നില്‍ അവതരിപ്പിക്കും
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താനും ഭീകരസംഘടനകള്‍ക്കും പങ്കുള്ളതിന്റെ തെളിവുകള്‍ യുഎന്നിന് മുന്നില്‍ ഇന്ത്യ അവതരിപ്പിക്കും. ഇതിനായി ഇന്ത്യയില്‍നിന്നും സാങ്കേതിക സംഘം ന്യൂയോര്‍ക്കിലെത്തി. ഭീകര സംഘടനകളുടെ ആഗോള പട്ടിക തയ്യാറാക്കുന്ന 1,267 ഉപരോധങ്ങളുടെ കമ്മിറ്റിയുടെ മോണിറ്ററിങ് ടീമിന് മുന്നിലാണ് തെളിവുകള്‍ നല്‍കുന്നത്.
പഹല്‍ഗാമില്‍ ഏപ്രില്‍ 22ന് ഭീകരാക്രമണം നടത്തിയത് ദി റസിസ്റ്റന്‍സ് ഫ്രണ്ട് ആണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു.
യുഎന്നിന്റെ ഭീകര വിരുദ്ധ ഓഫീസിലും ഭീകരവിരുദ്ധ കമ്മിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടറേറ്റിലും നടക്കുന്ന യോഗങ്ങളിലും ഇന്ത്യന്‍ സംഘം പങ്കെടുക്കും.
2019ലാണ് ടിആര്‍എഫ് സ്ഥാപിച്ചത്. വളരെയധികം അറിയപ്പെടാത്ത സംഘടനയായിരുന്നു ഇത്. കശ്മീരില്‍ പുറത്തുനിന്നുള്ളവര്‍ എത്തുന്നതിനെ ഈ സംഘടന എതിര്‍ത്തിരുന്നു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയുടെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
ടെലഗ്രാം ഗ്രൂപ്പില്‍ ഇന്ത്യാ വിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ടാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം ലഷ്‌കര്‍ ഇ തോയ്ബയുടെ ഭാഗമാണ് ഈ സംഘടനയെന്ന വിവരവും പുറത്തുവന്നു. കശ്മീരിന് അകത്തും പുറത്തും ധാരാളം ഭീകരാക്രമണങ്ങള്‍ നടത്തിയിട്ടുള്ള സംഘടനയാണ് ലഷ്‌കര്‍.
മെയ് 7ന് ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗായി ഇസ്ലാമാബാദിന് സമീപത്തെ മുറിദ്‌കെയിലെ ലഷ്‌കര്‍ കേന്ദ്രത്തില്‍ ഇന്ത്യ ബോംബാക്രമണം നടത്തിയിരുന്നു.


