TMJ
searchnav-menu
post-thumbnail

TMJ Daily

പഹല്‍ഗാം ഭീകരാക്രമണം: നെഹ്‌റു ഒപ്പിട്ട സിന്ധുനദീജല കരാര്‍ ഇന്ത്യ റദ്ദാക്കി

24 Apr 2025   |   2 min Read
TMJ News Desk

ഹല്‍ഗാം ഭീകരാക്രമണത്തിന്റെ തിരിച്ചടിയായി ഇന്ത്യ പാകിസ്താനുമായുള്ള 1960ലെ സിന്ധു നദീജല കരാര്‍ റദ്ദാക്കി. പാകിസ്താന്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദം വിശ്വസനീയമായും തിരിച്ചുപോക്കില്ലാതെയും അവസാനിപ്പിക്കുന്നത് വരെ കരാര്‍ റദ്ദാക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ദേശ സുരക്ഷാ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന ഉന്നത അധികാര സംവിധാനമായ സുരക്ഷാകാര്യ കാബിനറ്റ് കമ്മിറ്റിയുടേതാണ് തീരുമാനം. പഹല്‍ഗാം ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പഞ്ചാബിലെ അട്ടാരി- വാഗ അതിര്‍ത്തി ചെക്ക്‌പോസ്റ്റും അടയ്ക്കാന്‍ തീരുമാനിച്ചു.

സാര്‍ക്ക് വിസ ഇളവ് പദ്ധതി പ്രകാരം ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ പാക് പൗരന്മാര്‍ക്കുള്ള അനുവാദവും പിന്‍വലിച്ചു. ഹൈക്കോടതി ജഡ്ജിമാര്‍, എംപിമാര്‍, സംരംഭകര്‍, മാധ്യമപ്രവര്‍ത്തകര്‍, കായികതാരങ്ങള്‍ തുടങ്ങിയവര്‍ക്ക് സാര്‍ക്ക് രാജ്യങ്ങളില്‍ യാത്ര ചെയ്യുന്നതിന് വിസ ഇളവ് നല്‍കുന്ന പദ്ധതിയാണിത്. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, ഇന്ത്യ, മാലദ്വീപ്, നേപ്പാള്‍, പാകിസ്താന്‍, ശ്രീലങ്ക എന്നിവയാണ് സാര്‍ക്ക് രാജ്യങ്ങള്‍.

ഈ വിസ പ്രകാരം നിലവില്‍ ഇന്ത്യയിലുള്ള പാകിസ്താനികള്‍ 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

ന്യൂഡല്‍ഹിയിലുള്ള പാക് ഹൈകമ്മീഷനിലെ പാക് പ്രതിരോധ രംഗത്തെ ഉപദേശകരോടും ഒരാഴ്ച്ചയ്ക്കുള്ളില്‍ രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇവരെ പേഴ്‌സോണ നോണ്‍- ഗ്രാറ്റയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു രാജ്യത്തിലേക്ക് സ്വാഗതം ചെയ്യപ്പെടാത്ത വിദേശ നയതന്ത്ര പ്രതിനിധി അല്ലെങ്കില്‍ ജീവനക്കാര്‍ ആണ് പേഴ്‌സോണ്‍ നോണ്‍-ഗ്രാറ്റ.

പാകിസ്താനില്‍ നിന്നും ഇന്ത്യയുടെ പ്രതിരോധ ഉപദേശകരേയും പിന്‍വലിച്ചിട്ടുണ്ട്.

ലോക ബാങ്കിന്റെ മധ്യസ്ഥതയില്‍ 1960ലാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ സിന്ധു നദി ജല കരാറില്‍ ഒപ്പുവച്ചത്. സിന്ധു നദിയിലേയും അതിന്റെ പോഷക നദികളുടേയും ജലം ഇരുരാജ്യങ്ങളും തമ്മില്‍ പങ്കുവയ്ക്കാനുള്ള കരാറാണിത്. കിഴക്കന്‍ നദികളായ ബിയാസ്, രവി, സത്‌ലജ് എന്നിവ ഇന്ത്യയ്ക്കും പടിഞ്ഞാറുള്ള മൂന്ന് നദികളായ ചിനാബ്, സിന്ധു, ഝലം എന്നിവയിലെ ജലം പാകിസ്താനുമാണ് ലഭിക്കുന്നത്.

പാകിസ്താന് അവകാശമുള്ള നദികളില്‍ ഇന്ത്യയ്ക്കും ഇന്ത്യയ്ക്ക് അവകാശമുള്ള നദികളില്‍ പാകിസ്താനും കുറച്ച് മാത്രം ജലം തടഞ്ഞു നിര്‍ത്തുന്ന അല്ലെങ്കില്‍ ജലം തടഞ്ഞു നിര്‍ത്താത്ത തരത്തിലുള്ള ചെറുകിട ജലവൈദ്യുത പദ്ധതികള്‍ സ്ഥാപിക്കാനും സാധിക്കും. 1960 സെപ്തംബര്‍ 19ന് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും പാക് പ്രസിഡന്റ് അയൂബ് ഖാനും കറാച്ചിയില്‍ വച്ചാണ് സിന്ധു നദിജല കരാറില്‍ ഒപ്പുവച്ചത്.

1965ലേയും 1971ലേയും ഇന്ത്യാ-പാക് യുദ്ധങ്ങളെ അതിജീവിച്ച കരാറാണിത്.





#Daily
Leave a comment