
പഹല്‍ഗാം ഭീകരാക്രമണം: സൈനിക പരിഹാരമൊരു പരിഹാരമല്ലെന്ന് യുഎന്‍ തലവന്‍
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലനില്‍ക്കുന്ന യുദ്ധസാധ്യതാ സാഹചര്യം യുഎന്‍ രക്ഷാസമിതി ചര്‍ച്ച ചെയ്തു. പാകിസ്താന്റെ ആവശ്യപ്രകാരമാണ് രക്ഷാസമിതി യോഗം ചേര്‍ന്നത്. യോഗശേഷം 15 അംഗ സമിതി പ്രസ്താവന പുറത്തുവിട്ടില്ല. എന്നാല്‍, തങ്ങള്‍ക്ക് പറയാനുള്ളത് യോഗത്തെ അറിയിച്ചുവെന്ന് പാകിസ്താന്‍ അവകാശപ്പെട്ടു. നിലവില്‍ രക്ഷാസമിതിയിലെ താല്‍ക്കാലിക അംഗമാണ് പാകിസ്താന്‍.
യുഎന്‍ തലവന്‍ അന്റോണിയോ ഗുട്ടറസ് പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ചു. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സൈനിക നടപടി ഒഴിവാക്കാന്‍ ഇന്ത്യയോടും പാകിസ്താനോടും യുഎന്‍ തലവന്‍ ആവശ്യപ്പെട്ടു. 'അബദ്ധം കാണിക്കരുത്, സൈനിക പരിഹാരമൊരു പരിഹാരമല്ല,' അദ്ദേഹം പറഞ്ഞു. സമാധാനം ഉറപ്പാക്കാന്‍ തന്റെ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.
പാകിസ്താന്റെ ആവശ്യപ്രകാരം രഹസ്യ യോഗമാണ് രക്ഷാസമിതി നടത്തിയത്. സമിതിയുടെ യോഗത്തിനുശേഷമാണ് രണ്ട് ആണവരാഷ്ട്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തെക്കുറിച്ചുള്ള ആശങ്ക ഗുട്ടറസ് പങ്കുവച്ചത്.
അതേസമയം, ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയം നാളെ മോക്ക് ഡ്രില്ലുകള്‍ നടത്താന്‍ അതിര്‍ത്തി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. വ്യോമാക്രമണ മുന്നറിയിപ്പുകള്‍, ജനങ്ങളെ ഒഴിപ്പിക്കുന്ന നടപടികള്‍ മെച്ചപ്പെടുത്തല്‍ തുടങ്ങിയവ നടക്കും. മോക്ക് ഡ്രില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിലയിരുത്തും. 244 ജില്ലകളിലാണ് മോക്ക്ഡ്രില്‍ നടത്തുന്നത്.
തുടര്‍ച്ചയായി 12ാം ദിവസവും ജമ്മുകശ്മീരിലെ വിവിധ സ്ഥലങ്ങളില്‍ പാകിസ്താന്‍ സൈന്യം ആക്രമണം നടത്തുകയും ഇന്ത്യ തിരിച്ചടിക്കുകയും ചെയ്തു.