
പഹല്‍ഗാം ഭീകരാക്രമണം: അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പഹല്‍ഗാം ഭീകരാക്രമണത്തിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തു. ഏപ്രില്‍ 22ന് ഭീകരാക്രമണം നടന്നതിന് പിന്നാലെ സംഭവസ്ഥലത്ത് എത്തിയ എന്‍ഐഎ ഇപ്പോഴും അവിടെ തുടരുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ജമ്മുകശ്മീര്‍ പൊലീസില്‍നിന്നുമാണ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തത്.
ഭീകരവിരുദ്ധ ഏജന്‍സിയില്‍ നിന്നുള്ള ഐജി, ഡിഐജി, എസ്പി എന്നിവര്‍ നേതൃത്വം നല്‍കുന്ന ടീമുകള്‍ ദൃക്‌സാക്ഷികളുടെ മൊഴികള്‍ ശേഖരിക്കുന്നുവെന്ന് വക്താവ് അറിയിച്ചു.
ജമ്മുകശ്മീരിലെ ഏറ്റവും മനോഹരമായ ബൈസരന്‍ താഴ് വരയില്‍ നടന്ന ആക്രമണത്തിന്റെ വളരെ ചെറിയ വിവരങ്ങള്‍ വരെ സംഘം ചോദിച്ചറിയുന്നുണ്ട്.
ഭീകരരുടെ പ്രവര്‍ത്തന രീതി മനസ്സിലാക്കുന്നതിനായി ഈ മേഖലയിലെ പ്രവേശന, നിര്‍ഗമന പോയിന്റുകള്‍ എന്‍ഐഎ സംഘം സൂക്ഷ്മമായി പരിശോധിക്കുന്നു. ഫോറന്‍സിക് സംഘവും മറ്റ് രംഗങ്ങളിലെ വിദഗ്ദ്ധരും തെളിവുകള്‍ക്കായി മേഖല അരിച്ചുപെറുക്കുകയാണ്.
ആക്രമണം നടന്ന് നാല് ദിവസം പിന്നിട്ടിട്ടും അന്വേഷണ സംഘങ്ങള്‍ക്ക് അക്രമത്തില്‍ പങ്കെടുത്ത ഭീകരരെ പിടികൂടാനോ, വധിക്കാനോ സാധിച്ചിട്ടില്ല.