TMJ
searchnav-menu
post-thumbnail

TMJ Daily

പഹല്‍ഗാം ഭീകരാക്രമണം: പ്രധാനമന്ത്രി ഇന്ന് ഉന്നതതല യോഗം നടത്തും

23 Apr 2025   |   1 min Read
TMJ News Desk

ന്നലെ പഹല്‍ഗാമില്‍ ഒരു മലയാളിയടക്കം 26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് സൗദി അറേബ്യന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിദേശ കാര്യമന്ത്രി എസ് ജയശങ്കറുമായും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായും വിമാനത്താവളത്തില്‍ വച്ച് ചര്‍ച്ച നടത്തി. ആക്രമണത്തെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യാന്‍ മോഡി ഇന്ന് കാബിനറ്റ് യോഗം വിളിച്ചിട്ടുണ്ട്.

ഇന്നലെ വൈകുന്നേരമാണ് പഹല്‍ഗാമിലെ ബൈസാരന്‍ പുല്‍മേഡുകളില്‍ ട്രക്കിങ് നടത്തുകയായിരുന്ന വിനോദസഞ്ചാരികളെ ഭീകരര്‍ ആക്രമിച്ചത്. കൊല്ലപ്പെട്ടവരില്‍ രണ്ട് വിദേശികളും ഉള്‍പ്പെടുന്നു. ധാരാളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൃതദേഹങ്ങള്‍ പഹല്‍ഗാമില്‍നിന്നും ശ്രീനഗറിലേക്ക് അയച്ചു.

ലോകസഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും കേന്ദ്രഭരണപ്രദേശമായ ജമ്മുകശ്മീരിലെ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായും സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. ആക്രമണത്തിന് ഇരയായവരുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.

ആക്രമണത്തെ തുടര്‍ന്ന് ഇന്നലെ അമിത് ഷാ ജമ്മുകശ്മീരിലെത്തി. ഷായുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് അനന്ത്‌നാഗില്‍ സുരക്ഷ ശക്തമാക്കി.  

യുഎസും പെറുവും സന്ദര്‍ശിക്കുന്ന ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനും സന്ദര്‍ശനം റദ്ദാക്കി ഇന്ത്യയിലേക്ക് തിരിച്ചു.

പഹല്‍ഗാം ആക്രമണ പശ്ചാത്തലത്തില്‍ ജമ്മുകശ്മീരില്‍ വിവിധ സംഘടനകള്‍ ബന്ദ് ആഹ്വാനം ചെയ്തിട്ടുണ്ട്.

ആക്രമണത്തെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുട്ടറസ് ശക്തമായി അപലപിച്ചു. ഏതൊരു സാഹചര്യത്തിലും സാധാരണക്കാരുടെ നേര്‍ക്കുള്ള ആക്രമണങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡെണാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് പുടിന്‍, ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു തുടങ്ങിയ ലോക നേതാക്കള്‍ ആക്രമണത്തെ അപലപിച്ചു. ട്രംപ് മോഡിയുമായി ഫോണില്‍ ആക്രമണത്തെ കുറിച്ച് സംസാരിച്ചു.

ഇന്ത്യയ്‌ക്കൊപ്പം യുഎസ് നിലകൊള്ളുന്നുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു.

കൊച്ചി സ്വദേശിയായ എന്‍ രാമചന്ദ്രനാണ് കൊല്ലപ്പെട്ട മലയാളി. കൊച്ചിയില്‍ നാവിക സേനയില്‍ ഉദ്യോഗസ്ഥനായ ഹരിയാന സ്വദേശി വിനയ് നര്‍വലും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

രാമചന്ദ്രനൊപ്പം ഭാര്യ ഷീല, മകള്‍ ആരതി, മകളുടെ ഇരട്ടക്കുട്ടികള്‍ എന്നിവരും ഉണ്ടായിരുന്നു. ദക്ഷിണ കശ്മീരില്‍ മിനി സ്വിറ്റ്‌സര്‍ലന്‍ഡ് എന്നറിയപ്പെടുന്ന മേഖലയിലാണ് ഭീകരര്‍ ആക്രമണം നടത്തിയത്.


#Daily
Leave a comment