
പഹല്‍ഗാം ഭീകരാക്രമണം; കേന്ദ്ര മന്ത്രിസഭാ സമിതി യോഗം ചേരും
26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ആക്രമണത്തിനു ശേഷമുള്ള ആദ്യ കേന്ദ്ര മന്ത്രിസഭാ സമിതി ഇന്ന് യോഗം ചേരും. ഇന്നത്തെ മന്ത്രിസഭാ യോഗം സ്ഥിതിഗതികള്‍ വിലയിരുത്തുകയും പഹല്‍ഗാം ആക്രമണത്തെത്തുടര്‍ന്നുണ്ടായ ഇന്ത്യയുടെ നടപടികളുടെ പുരോഗതി അവലോകനം ചെയ്യുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
ഏപ്രില്‍ 23 ന് സുരക്ഷാകാര്യ മന്ത്രിസഭാ സമിതി (സിസിഎസ്) യോഗം ചേര്‍ന്ന് പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ചിരുന്നു. സിസിഎസ് യോഗത്തിന് ശേഷം ഇന്ത്യ നിരവധി നടപടികളാണ് പ്രഖ്യാപിച്ചത്. 1965ലേയും 1971ലേയും ഇന്ത്യാ-പാക് യുദ്ധങ്ങളെ അതിജീവിച്ച കരാറായ സിന്ധുനദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു. മാത്രമല്ല പാക് പൗരന്‍മാരോട് 48 മണിക്കൂറിനകം രാജ്യം വിടാനും പഞ്ചാബിലെ അട്ടാരി അതിര്‍ത്തി അടയ്ക്കാനും തീരുമാനിച്ചിരുന്നു.
ആക്രമണത്തെതുടര്‍ന്ന് കശ്മീര്‍ താഴ്‌വരയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളെ മുന്‍നിര്‍ത്തി 48 പൊതു പാര്‍ക്കുകളും ഉദ്യാനങ്ങളും അടച്ചിട്ടതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ തിരിച്ചടി എങ്ങനെവേണമെന്നത് സേനകള്‍ക്ക് തീരുമാനിക്കാമെന്ന് സേനാ മേധാവിമാരുടെ ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.