
വീണ്ടും ഇന്ത്യാ വിരുദ്ധ പരാമർശവുമായി പാക്ക് സൈനിക മേധാവി
കശ്മീർ പാകിസ്താൻ്റെ കഴുത്തിലെ സിരയായിരുന്നെന്ന് വീണ്ടും ആവർത്തിച്ച് പാകിസ്താൻ ആർമി ചീഫ് ഫീൽഡ് മാർഷൽ അസിം മുനീർ. അമേരിക്കൻ സന്ദർശന വേളയിൽ ഫ്ലോറിഡയിലെ ടാമ്പയിൽ, പാകിസ്താൻ പ്രവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.
പഹൽഗാം ആക്രമണത്തിന് ആഴ്ചകൾക്ക് മുൻപും അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങൾ ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു.
ഇന്ത്യയുമായുള്ള സംഘർഷത്തിൽ പാകിസ്താൻ "ദൃഢനിശ്ചയത്തോടെയും ശക്തമായും" പ്രതികരിച്ചുവെന്നും ഏതൊരു ഇന്ത്യൻ ആക്രമണത്തിനും "ശരിയായ മറുപടി" നൽകുമെന്ന് ഇസ്ലാമാബാദ് വ്യക്തമാക്കിയിട്ടുണ്ടെന്നും മുനീർ കൂട്ടിച്ചേർത്തു.
"ഒരു വിദേശ രാജ്യത്തിന് എങ്ങനെ പാകിസ്താൻ്റെ കഴുത്തിലെ സിരയാകാൻ കഴിയും? കശ്മീർ ഇന്ത്യയുടെ ഒരു കേന്ദ്രഭരണ പ്രദേശമാണ്. പാകിസ്താനുമായുള്ള അവരുടെ ഏക ബന്ധം ആ രാജ്യം നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ പ്രദേശങ്ങൾ ഉപേക്ഷിക്കുക എന്നതാണ്," എന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) വ്യക്തമാക്കിയിരുന്നു.
ഇന്ത്യ- പാക് യുദ്ധവും ലോകമെമ്പാടുമുള്ള മറ്റ് യുദ്ധങ്ങളും തടയാൻ തന്ത്രപരമായ നേതൃത്വം നൽകിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് പാകിസ്താൻ നന്ദി അറിയിച്ചതായും മുനീർ പറഞ്ഞു.
"ഇന്ത്യ ഒരു അണക്കെട്ട് നിർമിക്കാൻ ഞങ്ങൾ കാത്തിരിക്കും. നിർമിച്ച് കഴിയുമ്പോൾ 10 മിസൈൽ ഉപയോഗിച്ച് ഞങ്ങളത് തകർക്കും. സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബസ്വത്തല്ല. ഞങ്ങൾക്ക് മിസൈലുകൾക്ക് കുറവില്ല"– അസിം മുനീർ കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.


