
പാക് സൈന്യം നിയന്ത്രണ രേഖ കടന്നു; വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു
ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ പാകിസ്താന്‍ സൈന്യം നിയന്ത്രണ രേഖ കടന്ന് കയറുകയും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയും ചെയ്തു.
ഏപ്രില്‍ ഒന്നിന് പൂഞ്ചിലെ കൃഷ്ണ ഗതി സെക്ടറില്‍ പാകിസ്താന്‍ സൈന്യം നിയന്ത്രണ രേഖ മുറിച്ചു കടന്നുകയറിയത് മൂലം മൈന്‍ സ്‌ഫോടനം ഉണ്ടായി. സ്‌ഫോടനത്തിന് പിന്നാലെ പാകിസ്താന്‍ സൈന്യം പ്രകോപനമില്ലാതെ വെടിവയ്ക്കുകയും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഉണ്ടാകുകയും ചെയ്തുവെന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ പൊതുജന സമ്പര്‍ക്ക ഓഫീസര്‍ ലെഫ്റ്റനന്റ് കേണല്‍ സുനീല്‍ ഭരത്വാള്‍ പറഞ്ഞു.
ഉച്ചയ്ക്ക് 1.10 ഓടെയാണ് പാക് സൈന്യം നിയന്ത്രണ രേഖ മറികടന്നത്. ഇന്ത്യന്‍ സൈന്യം നിയന്ത്രിതവും സൂക്ഷ്മവുമായ രീതിയില്‍ ഫലപ്രദമായി പ്രതികരിച്ചുവെന്ന് ലെഫ്റ്റനന്റ് കേണല്‍ സുനീല്‍ പറഞ്ഞു.
സാഹചര്യം നിയന്ത്രണവിധേയമാണെന്നും സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിയന്ത്രണരേഖയില്‍ സമാധാനം നിലനിര്‍ത്തുന്നതിന് രണ്ട് രാജ്യങ്ങളുടേയും സൈനിക ഓപ്പറേഷന്‍സിന്റെ ഡയറക്ടര്‍ ജനറല്‍മാര്‍ തമ്മില്‍ 2021ല്‍ എത്തിയ ധാരണയുടെ പ്രാധാന്യത്തെ ഇന്ത്യന്‍ സൈന്യം ആവര്‍ത്തിക്കുന്നുവെന്ന് സുനീല്‍ പറഞ്ഞു.
പാകിസ്താന്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ടോയെന്ന് ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ അഞ്ച് പാക് സൈനികര്‍ക്ക് സ്‌ഫോടനത്തിലും വെടിവയ്പ്പിലും പരിക്കേറ്റുവെന്ന് റിപ്പോര്‍ട്ടുണ്ട്.
ഇന്ത്യയും പാകിസ്താനും 2021 ഫെബ്രുവരിയില്‍ നിയന്ത്രണ രേഖയിലുടനീളം വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചിരുന്നു. 2003ലെ വെടിനിര്‍ത്തല്‍ കരാര്‍ സമയത്ത് നല്‍കിയ പ്രതിജ്ഞാബദ്ധതയെ രണ്ട് രാജ്യങ്ങളും ആവര്‍ത്തിച്ചിരുന്നു.
എന്നാല്‍, 2022നും 2024നും ഇടയില്‍ പാകിസ്താന്‍ അനവധി തവണ ഈ കരാര്‍ ലംഘിച്ചുവെന്ന് ഇന്ത്യ ആരോപിച്ചിരുന്നു.