
പാക് സൈന്യം അതിര്‍ത്തിയിലേക്ക് നീങ്ങുന്നുവെന്ന് കേന്ദ്രം
കഴിഞ്ഞ മൂന്ന് ദിവസമായി അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കുന്നതും സംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും പാകിസ്താനാണെന്ന് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു. ഇന്നലെ രാത്രിയില്‍ 26 ഇടങ്ങളില്‍ വ്യോമാക്രമണം നടത്താന്‍ പാകിസ്താന്‍ ശ്രമിച്ചുവെന്നും ഇതിനോടുള്ള പ്രതികരണമായി ഇന്ത്യ പാകിസ്താന്റെ റഡാര്‍ സംവിധാനങ്ങളേയും സാങ്കേതിക കേന്ദ്രങ്ങളേയും ആക്രമിച്ചുവെന്നും മിശ്രി പറഞ്ഞു. ഇന്ത്യയുടെ തിരിച്ചടിയില്‍ പാക് സൈന്യത്തിന് നഷ്ടമുണ്ടായി. വാര്‍ത്താ സമ്മേളനത്തില്‍ കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങും പങ്കെടുത്തു.
സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നത് കൂടാതെ കശ്മീരിലെ ആരോഗ്യ, വിദ്യാഭ്യാസ കേന്ദ്രങ്ങളെ പാകിസ്താന്‍ ആക്രമിച്ചുവെന്ന് കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു. അതിര്‍ത്തിയില്‍ പാകിസ്താന്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കുന്നുവെന്ന് വിങ് കമാന്‍ഡര്‍ വ്യോമിക സിങ് പറഞ്ഞു. ഇത് സാഹചര്യം വഷളാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുവെന്നതിന്റെ സൂചനയാണിതെന്ന് വ്യോമിക ചൂണ്ടിക്കാണിച്ചു.
സിര്‍സയിലേയും സൂറത്ത്ഗഢിലേയും വ്യോമസേന സ്റ്റേഷനുകള്‍ ആക്രമിച്ച് തകര്‍ത്തുവെന്ന പാക് വാദം വിദേശകാര്യമന്ത്രാലയം തള്ളി. സ്റ്റേഷന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍ അദ്ദേഹം പങ്കുവച്ചു.
പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യങ്ങളില്‍ നാശനഷ്ടം വരുത്തിയെന്ന പാക് വാദം പൂര്‍ണമായും തെറ്റാണെന്ന് മിശ്രി പറഞ്ഞു. ഇന്ത്യ മതപരമായ സ്ഥലങ്ങളിലേക്ക് മിസൈല്‍ അയച്ചുവെന്ന പാക് വാദവും മിശ്രി നിഷേധിച്ചു. സംഘര്‍ഷം വര്‍ദ്ധിപ്പിക്കരുതെന്നാണ് ഇന്ത്യയുടെ നിലപാടെന്നും പാക് സൈന്യത്തിന്റെ പ്രകോപനങ്ങള്‍ക്ക് മറുപടി നല്‍കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജമ്മുകശ്മീരില്‍ സാധാരണക്കാര്‍ക്കുനേരെ പാകിസ്താന്‍ ഷെല്ലാക്രമണം നടത്തുന്നതിനെ അദ്ദേഹം അപലപിച്ചു.


