TMJ
searchnav-menu
post-thumbnail

TMJ Daily

അഫ്ഗാനിസ്ഥാനില്‍ വ്യോമാക്രമണം നടത്തി പാകിസ്താന്‍; എട്ട് മരണം

25 Dec 2024   |   1 min Read
TMJ News Desk

ഫ്ഗാനിസ്ഥാനിലെ പാകിസ്താനി താലിബാനുകാരുടെ ഒളികേന്ദ്രങ്ങളില്‍ പാകിസ്താന്‍ വ്യോമാക്രമണം നടത്തി. പരിശീലനകേന്ദ്രങ്ങള്‍ തകര്‍ക്കുകയും ഏതാനും ഭീകരരെ വധിക്കുകയും ചെയ്തു. പാകിസ്താന്‍ നടത്തിയ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം എട്ടുപേര്‍ കൊല്ലപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. മരണസംഖ്യ ഉയരുമെന്നും അവര്‍ പറയുന്നു.

പാകിസ്താനുമായി അതിരിടുന്ന പാക്ടിക പ്രവിശ്യയിലെ പര്‍വ്വത മേഖലയിലാണ് ആക്രമണങ്ങള്‍ നടന്നതെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത ഉദ്യോഗസ്ഥര്‍ പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ എത്ര ഉള്‍പ്രദേശത്തേക്ക് യുദ്ധവിമാനങ്ങള്‍ എത്തിയെന്നോ എങ്ങനെയാണ് ആക്രമണം നടത്തിയതെന്നോ വ്യക്തമല്ല.

ഈ വര്‍ഷം മാര്‍ച്ചിനുശേഷം അഫ്ഗാനിസ്ഥാനിലെ പാകിസ്താനി താലിബാന്റെ കേന്ദ്രങ്ങളില്‍ പാകിസ്താന്‍ നടത്തുന്ന രണ്ടാമത്തെ ആക്രമണം ആണിത്. ഇന്റലിജന്‍സ് വിവരങ്ങളെത്തുടര്‍ന്നുള്ള ആക്രണം എന്നാണ് ആദ്യത്തെ ആക്രമണത്തെ തുടര്‍ന്ന് പാക് അധികൃതര്‍ പറഞ്ഞത്.

അതേസമയം, പാകിസ്താന്റെ വ്യോമാക്രമണത്തെ അഫ്ഗാന്റെ പ്രതിരോധ മന്ത്രി അപലപിച്ചു. കുട്ടികളും സ്ത്രീകളും അടക്കമുള്ള സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് മന്ത്രി പറഞ്ഞു. വസീറിസ്ഥാന്‍ പ്രദേശത്തുനിന്നുള്ള അഭയാര്‍ത്ഥികളാണ് ബോംബാക്രമണത്തിന്റെ ഇരകള്‍ എന്ന് മന്ത്രി പറഞ്ഞു.

എല്ലാ അന്താരാഷ്ട്ര തത്വങ്ങള്‍ക്കും എതിരായ ക്രൂരമായ പ്രവൃത്തിയായി ഈ ആക്രമണത്തെ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ കാണുന്നുവെന്നും ശക്തമായി അപലപിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.ഇത്തരം ഏകപക്ഷീയമായ നടപടികള്‍ ഒരു പ്രശ്‌നത്തിനും പരിഹാരമല്ലെന്ന് അഫ്ഗാന്‍ പ്രതിരോധ മന്ത്രി എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാനുമായുള്ള ഉഭയകക്ഷി വ്യാപാരം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും ബന്ധം മെച്ചപ്പെടുത്താനും വേണ്ടി പാകിസ്താന്റെ പ്രത്യേക പ്രതിനിധി മുഹമ്മദ് സാദിഖ് അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് വ്യോമാക്രമണം നടത്തിയത്.

പാകിസ്താനി താലിബാന്‍ പാകിസ്താനില്‍ ആക്രമണം നടത്താന്‍ അഫ്ഗാന്റെ മണ്ണ് ഉപയോഗിക്കുന്നതായി പാകിസ്താന്‍ പതിവായി ആരോപിക്കാറുണ്ട്. എന്നാല്‍ ഇത് അഫ്ഗാനിസ്ഥാന്‍ നിരസിക്കുന്നു. രാജ്യത്തിന് അകത്തും പുറത്തുമുള്ള ഭീകര സംഘങ്ങള്‍ക്ക് എതിരെ ലഭ്യമായ എല്ലാ മാര്‍ഗവും പാകിസ്താന്‍ ഉപയോഗിക്കുമെന്നതിന്റെ വ്യക്തവും ശക്തവുമായ മുന്നറിയിപ്പാണ് ഈ ആക്രമണമെന്ന് ഇസ്ലാമാബാദിലെ സുരക്ഷാ വിദഗ്ദ്ധനായ സെയ്ദ് മുഹമ്മദ് അലി പറഞ്ഞു.

2021-ല്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലെത്തിയത് തഹ്രീക്ക്-ഇ-താലിബാന്‍ പാകിസ്താന്‍ എന്ന പേരുള്ള പാകിസ്താനി താലിബാന്റെ ശക്തിവര്‍ദ്ധിപ്പിച്ചു.


#Daily
Leave a comment