
ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ജീവനക്കാരനെ പാകിസ്താന്‍ പുറത്താക്കി
ഇന്ത്യയിലെ പാക് ഹൈക്കമ്മീഷനിലെ ജീവനക്കാരനെ ഇന്ത്യ ചാരവൃത്തി ആരോപിച്ച് പുറത്താക്കിയതിന് പിന്നാലെ ഇന്ത്യയുടെ പാകിസ്താനിലെ ഹൈക്കമ്മീഷനിലെ ഓഫീസിലെ ജീവനക്കാരനെ പാകിസ്താനും പുറത്താക്കി. ഈ ജീവനക്കാരനോട് 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാനും പാകിസ്താന്‍ ആവശ്യപ്പെട്ടു. ജീവനക്കാരന്‍ പദവിക്ക് നിരക്കാത്ത പ്രവര്‍ത്തികള്‍ ചെയ്തുവെന്ന് പാകിസ്താന്‍ ആരോപിച്ചു.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഇരുരാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് യുകെ പറഞ്ഞു. കൂടാതെ, ഭീകരതയ്‌ക്കെതിരെയുള്ള നടപടികളില്‍ ഇരുവരേയും സഹായിക്കുമെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമ്മി പാര്‍ലമെന്റില്‍ പറഞ്ഞു. കശ്മീരിനെ കുറിച്ച് ഹൗസ് ഓഫ് കോമണ്‍സില്‍ നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സിന്ധു നദീജല കരാര്‍ പോലെയുള്ള നയതന്ത്ര സഹകരണങ്ങളോടുള്ള പ്രതിജ്ഞാബദ്ധത പുലര്‍ത്താന്‍ ഇരുരാജ്യങ്ങളേയും പ്രോത്സാഹിപ്പിക്കുന്നതിനായി രണ്ട് രാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാരുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നുവെന്നും അദ്ദേഹം പാര്‍ലമെന്റിനെ അറിയിച്ചു.
ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ധാരണയെ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎന്‍ വക്താവ് പറഞ്ഞു.
ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്ന വിമാനത്താവളങ്ങളില്‍ ആറെണ്ണം ഇന്ന് പ്രവര്‍ത്തനം പുനരാംരംഭിക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. ജമ്മു, അമൃത്സര്‍, ചണ്ഡിഗഢ്, ലേ, ശ്രീനഗര്‍, രാജ്‌കോട്ട് എന്നിവിടങ്ങളില്‍നിന്നും സര്‍വീസ് ഉണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചു.


