
ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്ക് നീട്ടി പാകിസ്താൻ
ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്താൻ വ്യോമാതിർത്തി കടക്കാനുള്ള വിലക്ക് ഒരുമാസത്തേക്ക് കൂടെ നീട്ടി പാകിസ്താൻ. വ്യോമാതിർത്തി ആഗസ്റ്റ് 24 വരെ അടച്ചിടുമെന്ന് പാകിസ്ഥാൻ എയർപോർട്ട് അതോറിറ്റി (പിഎഎ) അറിയിച്ചു. ആഗസ്റ്റ് 24ന് പുലർച്ചെ 4:59 വരെയാണ് വിലക്ക്.
ഇന്ത്യൻ എയർലൈൻസുകൾക്ക് പുറമെ ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും രജിസ്റ്റർ ചെയ്ത വിമാനങ്ങൾക്കും പാകിസ്താൻ വ്യോമാതിർത്തി ഉപയോഗിക്കുന്നതിനുള്ള വിലക്ക് ഒരു മാസത്തേക്ക് നീട്ടിയിട്ടുണ്ട്. സൈനിക വിമാനങ്ങൾക്കും വിലക്ക് ബാധകമാണ്.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ തിരിച്ചടിച്ചതിന് പിന്നാലെയാണ് പാകിസ്താൻ വ്യോമപാത താൽകാലികമായി അടച്ചത്. ഇന്ത്യയിലും പാകിസ്താൻ വിമാനങ്ങൾക്ക് വിലക്ക് ഏർപെടുത്തിയിട്ടുണ്ട്. പാകിസ്താൻ വ്യോമപാത അടച്ചതിനാൽ ഇന്ത്യൻ വിമാനങ്ങൾ കൂടുതൽ സമയമെടുത്താണ് രാജ്യാന്തര സർവീസുകൾ നടത്തുന്നത്.
ഏപ്രില്‍ 24നാണ് പാകിസ്താൻ വിലക്ക് പ്രാബല്യത്തിൽ കൊണ്ടുവന്നത്. പിന്നീട് ഘട്ടം ഘട്ടമായി വിലക്ക് നീട്ടുകയായിരുന്നു. പഹൽഗാം ഭീകരാക്രമണത്തിൽ 26 പേർ ഇന്ത്യയിൽ കൊല്ലപ്പെട്ടിരുന്നു.


