TMJ
searchnav-menu
post-thumbnail

PHOTO: PTI

TMJ Daily

പാകിസ്ഥാന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇനി തിരഞ്ഞെടുപ്പിലേക്ക് 

10 Aug 2023   |   2 min Read
TMJ News Desk

പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടതായി പ്രസിഡന്റിന്റെ ഓഫീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാജ്യത്തെ രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക പ്രതിസന്ധിയും നിലനില്‍ക്കെ പുതിയ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ് പാകിസ്ഥാന്‍.

കാലാവധി തീരുന്നതിനു മൂന്നുദിവസം മുമ്പാണ് പിരിച്ചുവിടുന്നത്. ആഗസ്റ്റ് 12 നാണ് അഞ്ചുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാകുന്നത്. കാലാവധി തീരുംമുമ്പ് പാര്‍ലമെന്റ് പിരിച്ചുവിട്ടാല്‍ പൊതുതിരഞ്ഞെടുപ്പ് നടത്താന്‍ 90 ദിവസം സമയം ലഭിക്കുമെന്നതിനാലാണിത്. കാലാവധി പൂര്‍ത്തിയായാല്‍ 60 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിയമം.

ഇമ്രാന്‍ ഖാന്റെ അനുയായികള്‍ അറസ്റ്റില്‍

അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ 200 ലധികം അനുയായികളെ ഇതിനോടകം അറസ്റ്റു ചെയ്തതായാണ് റിപ്പോര്‍ട്ട്. കൂടാതെ പാകിസ്ഥാന്‍ തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടിയുടെ ഭാരവാഹികളുടെ വീടുകള്‍ റെയ്ഡ് ചെയ്തു.

2018 ജൂലൈയില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ പ്രമുഖ ക്രിക്കറ്റ് താരം കൂടിയായിരുന്ന ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയാണ് വിജയിച്ചത്. തുടര്‍ന്ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അദ്ദേഹം അധികാരമേറ്റിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന അവിശ്വാസ വോട്ടെടുപ്പിനുശേഷം പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടു. പിന്നീട് അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലുമായി. 

ലോകം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ്

ദേശീയ അസംബ്ലിയിലെ 342 സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പിനാണ് ഇതോടെ കളമൊരുങ്ങുന്നത്. തിരഞ്ഞെടുപ്പില്‍ പാകിസ്ഥാന്‍ മുസ്ലിംലീഗ് (നവാസ്) വന്‍ വിജയം നേടുമെന്ന് ഷഹബാസ് ഷെറിഫ് വ്യക്തമാക്കി. ദേശീയ അസംബ്ലി പിരിച്ചുവിടുകയാണെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രധാനമന്ത്രിയുടെ വിജ്ഞാപനം പാക് പ്രസിഡന്റിന് കൈമാറുകയായിരുന്നു. പ്രസിഡന്റ് ഒപ്പുവച്ചതോടെയാണ് പാര്‍ലമെന്റ് പിരിച്ചുവിടുന്നത് യാഥാര്‍ത്ഥ്യമാകുന്നത്. പ്രസിഡന്റ് ഒപ്പുവച്ചില്ലെങ്കിലും പ്രധാനമന്ത്രിയുടെ വിജ്ഞാപനം പുറത്തിറങ്ങി 48 മണിക്കൂറിനുശേഷം ദേശീയ അസംബ്ലി സ്വാഭാവികമായും പിരിച്ചുവിടാമെന്നതാണ് നിയമം. പാകിസ്ഥാനില്‍ ഇതുവരെയും ഒരു സര്‍ക്കാരിന് കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 

മുന്‍ പ്രധാനമന്ത്രി ഷാഹിദ് അബ്ബാസി, ബലൂചിസ്ഥാനില്‍ നിന്നുള്ള സ്വതന്ത്ര എംപി അസ്ലം ഭൂട്ടാനി എന്നിവരെ കാവല്‍ പ്രധാനമന്ത്രിമാരായി പരിഗണിക്കുന്നതായും സൂചനയുണ്ട്. കാവല്‍ പ്രധാനമന്ത്രിയെ സംബന്ധിച്ച് സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ സമവായമുണ്ടാക്കുകയാണ് ലക്ഷ്യം. എന്നാല്‍ ധാരണയിലെത്തിയില്ലെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ട് നിര്‍ദിഷ്ട പേരുകളില്‍ നിന്ന് താല്കാലിക പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒരു സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദേശം ചെയ്യും. 

മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ലണ്ടനില്‍നിന്ന് പാകിസ്ഥാനിലേക്ക് മടങ്ങിയെത്തും. 2018 ല്‍ അഴിമതി കേസുകളില്‍ നവാസ് ഷെരീഫിന് 11 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചെങ്കിലും ചികിത്സയ്ക്കായി തൊട്ടടുത്ത വര്‍ഷം ലണ്ടനിലേക്ക് പോകാന്‍ കോടതി അനുവാദം നല്‍കുകയായിരുന്നു. 

2023 ലെ ഡിജിറ്റല്‍ സെന്‍സസിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. ഏകദേശം 22 കോടി ജനങ്ങളാണ് പാകിസ്ഥാനിലുള്ളത്. അവിശ്വാസ പ്രമേയത്തിലൂടെ ഇമ്രാന്‍ ഖാനെ 2022 ഏപ്രിലില്‍ പുറത്താക്കിയതിനെ തുടര്‍ന്നാണ് ഷഹബാസ് ഷെറിഫ് അധികാരത്തിലെത്തിയത്. പാര്‍ലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്ന് അന്നുമുതല്‍ ആവശ്യപ്പെടുകയാണ് ഇമ്രാന്‍.

ആശങ്കയ്ക്കിടയിലെ പ്രഖ്യാപനം

മാസങ്ങളായി രാജ്യത്ത് തുടരുന്ന രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധികള്‍ മൂലം പൊതുതിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുമോ എന്ന ആശങ്കകള്‍ക്കിടെയാണ് പുതിയ പ്രഖ്യാപനം. സഖ്യകക്ഷി സര്‍ക്കാരിലെ അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച അത്താഴവിരുന്നിലായിരുന്നു പാര്‍ലമെന്റ് പിരിച്ചുവിടുന്നതിനെ കുറിച്ച് പ്രധാനമന്ത്രി നേരത്തെ അറിയിച്ചത്. അത്താഴവിരുന്നില്‍ പങ്കെടുത്തവരില്‍ നിന്നെല്ലാം പ്രധാനമന്ത്രി അഭിപ്രായങ്ങള്‍ തേടിയതായാണ് വിവരം. ഇടക്കാല സര്‍ക്കാര്‍ സംവിധാനങ്ങളും സജ്ജീകരണങ്ങളും ഉള്‍പ്പെടെയുള്ള കാര്യങ്ങളും ചര്‍ച്ച ചെയ്തതായാണ് സൂചന. പ്രതിപക്ഷവുമായി മൂന്നു ദിവസത്തെ കൂടിയാലോചനയ്ക്കുശേഷം ഇടക്കാല പ്രധാനമന്ത്രിയുടെ പേര് പ്രസിഡന്റിന് സമര്‍പ്പിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പും നല്‍കിയിരുന്നു.

#Daily
Leave a comment