
ഇമ്രാന്‍ ഖാന് | PHOTO: WIKI COMMONS
പാകിസ്ഥാന്‍ പൊതുതിരഞ്ഞെടുപ്പ്; ആദ്യ ലീഡ് ഇമ്രാന്‍ ഖാന്
പാകിസ്ഥാന്‍ പൊതുതിരഞ്ഞെടുപ്പില്‍ ലീഡ് അവകാശപ്പെട്ട് ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്‌രീകെ പാര്‍ട്ടി(പി.ടി.ഐ). വ്യാഴാഴ്ച പൂര്‍ത്തിയായ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ പുറത്ത് വന്നതോടെയാണ് പി.ടി.ഐ ലീഡ് അവകാശവാദവുമായി രംഗത്തെത്തിയത്. ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ മൂന്ന് സീറ്റുകളില്‍ പി.ടി.ഐ പിന്തുണയുള്ള സ്വതന്ത്രര്‍ വിജയിച്ചിരുന്നു.
തിരഞ്ഞെടുപ്പിന് മുന്നേ നടന്ന അഭിപ്രായ സര്‍വ്വേകളിലുള്‍പ്പെടെ നവാസ് ഷെരീഫ് നേതൃത്വം നല്‍കുന്ന പാകിസ്ഥാന്‍ മുസ്ലീം ലീഗിന്(നവാസ്) ആയിരുന്നു മുന്‍തൂക്കം. എന്നാല്‍ അപ്രതീക്ഷിതമായി ഇമ്രാന്‍ ഖാന്‍ ലീഡെടുത്തതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലാണ്.
പാകിസ്ഥാനില്‍ ഫലപ്രഖ്യാപനം നീളുന്നു
പാകിസ്ഥാന്‍ പൊതുതിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നീളുന്നു. വ്യാഴാഴ്ച പൂര്‍ത്തിയായ വോട്ടെടുപ്പിന്റെ ഫലപ്രഖ്യാപനം വെള്ളിയാഴ്ച രാവിലെയായിരുന്നു വരേണ്ടിയിരുന്നത്. എന്നാല്‍ ഫലപ്രഖ്യാപനം നീളുന്നതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ ആശങ്കയിലായിട്ടുണ്ട്. വോട്ടെടുപ്പ് കഴിഞ്ഞ് 10 മണിക്കൂര്‍ കഴിഞ്ഞായിരുന്നു ഔദ്യോഗികമായിട്ടുള്ള ആദ്യ ഫലങ്ങള്‍ പുറത്ത് വന്നത്.
പാകിസ്ഥാനിലെ 336 പാര്‍ലമെന്റ് സീറ്റിലേക്കും പ്രവിശ്യാ അസംബ്ലികളിലെ 749 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ഫെഡറല്‍ ലെജിസ്ലേച്ചറിലേക്ക് 5,121 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമ്പോള്‍ പ്രവിശ്യകളിലേക്ക് മത്സരിക്കുന്നത് 12,965 സ്ഥാനാര്‍ത്ഥികളാണ്. പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, സൈനിക മേധാവി അസിം മുനീര്‍, നവാസ് ഷെരീഫ്, ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായ ബിലാവല്‍ ഭൂട്ടോ സര്‍ദാരി എന്നിവരാണ് മത്സരിച്ചവരില്‍ പ്രമുഖര്‍.