TMJ
searchnav-menu
post-thumbnail

ഷഹബാസ് ഷെറിഫ് | PHOTO: TWITTER

TMJ Daily

പാകിസ്ഥാന്‍ പൊതുതിരഞ്ഞെടുപ്പിലേക്ക്; പാര്‍ലമെന്റ് 9 നു പിരിച്ചുവിടും

05 Aug 2023   |   2 min Read
TMJ News Desk

പാകിസ്ഥാന്‍ പാര്‍ലമെന്റ് ഈ മാസം ഒമ്പതിനു പിരിച്ചുവിടുമെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷെറിഫ് സഖ്യകക്ഷികളെ അറിയിച്ചു. കാലാവധി തീരുന്നതിനു മൂന്നുദിവസം മുമ്പാണ് പിരിച്ചുവിടുന്നത്. ഇതുസംബന്ധിച്ച് പ്രസിഡന്റിനോടു ശുപാര്‍ശ ചെയ്യുമെന്നു പ്രധാനമന്ത്രി ഘടകകക്ഷികളെ അറിയിച്ചു. ഇതോടെ രാജ്യത്തു പൊതുതിരഞ്ഞെടുപ്പിന് കളമൊരുങ്ങി.

ആഗസ്റ്റ് 12 നാണ് അഞ്ചുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാകുന്നത്. കാലാവധി തീരുംമുമ്പ് പാര്‍ലമെന്റ് പിരിച്ചുവിട്ടാല്‍ പൊതുതിരഞ്ഞെടുപ്പ് നടത്താന്‍ 90 ദിവസം സമയം ലഭിക്കുമെന്നതിനാലാണിത്. കാലാവധി പൂര്‍ത്തിയായാല്‍ 60 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിയമം. 

ലോകം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ്

ദേശീയ അസംബ്ലിയിലെ 342 സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പിനാണ് ഇതോടെ കളമൊരുങ്ങുന്നത്. തിരഞ്ഞെടുപ്പില്‍ പാകിസ്ഥാന്‍ മുസ്ലിംലീഗ് (നവാസ്) വന്‍ വിജയം നേടുമെന്ന് ഷഹബാസ് ഷെറിഫ് വ്യക്തമാക്കി. ദേശീയ അസംബ്ലി പിരിച്ചുവിടുകയാണെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രധാനമന്ത്രിയുടെ വിജ്ഞാപനം പാക് പ്രസിഡന്റിന് കൈമാറും. പ്രസിഡന്റ് ഒപ്പുവയ്ക്കുന്നതോടെ പാര്‍ലമെന്റ് പിരിച്ചുവിടുന്നത് യാഥാര്‍ത്ഥ്യമാകും. പ്രസിഡന്റ് ഒപ്പുവച്ചില്ലെങ്കിലും പ്രധാനമന്ത്രിയുടെ വിജ്ഞാപനം പുറത്തിറങ്ങി 48 മണിക്കൂറിനുശേഷം ദേശീയ അസംബ്ലി സ്വാഭാവികമായും പിരിച്ചുവിടും. പാകിസ്ഥാനില്‍ ഇതുവരെയും ഒരു സര്‍ക്കാരിന് കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 

മുന്‍ പ്രധാനമന്ത്രി ഷാഹിദ് അബ്ബാസി, ബലൂചിസ്ഥാനില്‍ നിന്നുള്ള സ്വതന്ത്ര എംപി അസ്ലം ഭൂട്ടാനി എന്നിവരെ കാവല്‍ പ്രധാനമന്ത്രിമാരായി പരിഗണിക്കുന്നതായും സൂചനയുണ്ട്. കാവല്‍ പ്രധാനമന്ത്രിയെ സംബന്ധിച്ച് സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ സമവായമുണ്ടാക്കുകയാണ് ലക്ഷ്യം. എന്നാല്‍ ധാരണയിലെത്തിയില്ലെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ട് നിര്‍ദിഷ്ട പേരുകളില്‍ നിന്ന് താല്കാലിക പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒരു സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദേശം ചെയ്യും. 

മുന്‍ പ്രധാനമന്ത്രി നവാസ് ഷെറിഫ് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ലണ്ടനില്‍നിന്ന് പാകിസ്ഥാനിലേക്ക് മടങ്ങിയെത്തും. 2018 ല്‍ അഴിമതി കേസുകളില്‍ നവാസ് ഷെരീഫിന് 11 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചെങ്കിലും ചികിത്സയ്ക്കായി തൊട്ടടുത്ത വര്‍ഷം ലണ്ടനിലേക്ക് പോകാന്‍ കോടതി അനുവാദം നല്‍കുകയായിരുന്നു. 

2023 ലെ ഡിജിറ്റല്‍ സെന്‍സസിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. ഏകദേശം 22 കോടി ജനങ്ങളാണ് പാകിസ്ഥാനിലുള്ളത്. അവിശ്വാസ പ്രമേയത്തിലൂടെ ഇമ്രാന്‍ ഖാനെ 2022 ഏപ്രിലില്‍ പുറത്താക്കിയതിനെ തുടര്‍ന്നാണ് ഷഹബാസ് ഷെറിഫ് അധികാരത്തിലെത്തിയത്. പാര്‍ലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്ന് അന്നുമുതല്‍ ആവശ്യപ്പെടുകയാണ് ഇമ്രാന്‍.

ആശങ്കയ്ക്കിടയിലെ പ്രഖ്യാപനം

മാസങ്ങളായി രാജ്യത്ത് തുടരുന്ന രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധികള്‍ മൂലം പൊതുതിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുമോ എന്ന ആശങ്കകള്‍ക്കിടെയാണ് പുതിയ പ്രഖ്യാപനം. സഖ്യകക്ഷി സര്‍ക്കാരിലെ അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച അത്താഴവിരുന്നിലാണ് പ്രധാനമന്ത്രിയുടെ അറിയിപ്പ്. അത്താഴവിരുന്നില്‍ പങ്കെടുത്തവരില്‍ നിന്നെല്ലാം പ്രധാനമന്ത്രി അഭിപ്രായങ്ങള്‍ തേടിയതായാണ് വിവരം. ഇടക്കാല സര്‍ക്കാര്‍ സംവിധാനങ്ങളും സജ്ജീകരണങ്ങളും ഉള്‍പ്പെടെയുള്ള കാര്യങ്ങളും ചര്‍ച്ച ചെയ്തതായാണ് സൂചന. പ്രതിപക്ഷവുമായി മൂന്നു ദിവസത്തെ കൂടിയാലോചനയ്ക്കുശേഷം ഇടക്കാല പ്രധാനമന്ത്രിയുടെ പേര് പ്രസിഡന്റിന് സമര്‍പ്പിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി.


#Daily
Leave a comment