
പാക് ആണവായുധങ്ങളെ ഐഎഇഎയുടെ മേല്‍നോട്ടത്തിലാക്കണം: രാജ്‌നാഥ് സിങ്
പാകിസ്താന്റെ ആണവായുധങ്ങളെ അന്താരാഷ്ട്ര ആണോവര്‍ജ്ജ ഏജന്‍സിയുടെ (ഐഎഇഎ) മേല്‍നോട്ടത്തിന് കീഴില്‍ കൊണ്ടുവരണമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു. ഓപ്പറേഷന്‍ സിന്ദൂറിനുശേഷം ജമ്മുകശ്മീര്‍ സന്ദര്‍ശിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. പാകിസ്താന്റെ ആണവ ബ്ലാക്ക്‌മെയിലിങ്ങിന് മുന്നില്‍ ഇന്ത്യ മുട്ടുകുത്തിയില്ലെന്ന വസ്തുതയില്‍നിന്നും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിലെ ഇന്ത്യയുടെ ശക്തമായ ആര്‍ജ്ജവം അളക്കാമെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു.
പാകിസ്താന്‍ ഉത്തരവാദിത്വരഹിതമായി അനവധി തവണ ഇന്ത്യയുടെ നേര്‍ക്ക് ആണവ ഭീഷണികള്‍ മുഴക്കിയത് ലോകം കണ്ടുവെന്ന് മന്ത്രി പറഞ്ഞു.
അത്തരമൊരു തെമ്മാടി രാഷ്ട്രത്തിന്റെ കൈയില്‍ ആണവായുധങ്ങള്‍ സുരക്ഷിതമാണോയെന്ന ചോദ്യം ലോകത്തിന് മുന്നില്‍ ഉയര്‍ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍, പാകിസ്താന്റെ ആണവായുധങ്ങള്‍ ഐഎഇഎയുടെ മേല്‍നോട്ടത്തിന് കീഴിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ചരിത്രത്തില്‍ ഇന്ത്യ ഭീകരതയ്‌ക്കെതിരെ സ്വീകരിച്ച ഏറ്റവും വലിയ നടപടിയാണ് ഓപ്പറേഷന്‍ സിന്ദൂറെന്ന് പ്രതിരോധമന്ത്രി പറഞ്ഞു.
കഴിഞ്ഞ 35-40 വര്‍ഷമായി ഇന്ത്യ അതിര്‍ത്തി കടന്നുള്ള ഭീകരത അനുഭവിക്കുന്നുവെന്നും ഭീകരതയ്‌ക്കെതിരെ ഏതറ്റംവരെയും നമ്മള്‍ പോകുമെന്ന് ലോകത്തിന് മുന്നില്‍ വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു.


