
പാക് ട്രെയിന്‍ തട്ടിയെടുത്ത സംഭവം: 27 ഭീകരെ വധിച്ചു, 155 യാത്രക്കാരെ രക്ഷപ്പെടുത്തി
പാകിസ്ഥാനില്‍ ബലൂചിസ്ഥാന്‍ ഭീകരര്‍ ട്രെയിന്‍ തട്ടിയെടുത്ത സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഇതുവരെ 27 ഭീകരര്‍ കൊല്ലപ്പെടുകയും 155 യാത്രക്കാരെ രക്ഷപ്പെടുത്തുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിന് ഇടയില്‍ 37 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഭീകരര്‍ തട്ടിയെടുത്ത ജാഫര്‍ എക്‌സ്പ്രസില്‍ ഒമ്പത് കോച്ചുകളിലായി 500 ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. 20 പാക് സൈനികര്‍ കൊല്ലപ്പെട്ടു.
ഇന്നലെ ക്വറ്റയില്‍ നിന്നും പെഷവാറിലേക്ക് പോകുകയായിരുന്നു ട്രെയിനിനെ ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ആണ് തട്ടിയെടുത്തത്. പാക്കിസ്ഥാനില്‍ നിന്നും ബലൂചിസ്ഥാന്‍ പ്രവിശ്യയെ സ്വതന്ത്രമാക്കാന്‍ പോരാടുന്ന സായുധ സംഘടനയാണ് ബിഎല്‍എ. 30 സുരക്ഷ ജീവനക്കാരെ ബിഎല്‍എ വധിച്ചിരുന്നു.
റെയില്‍വേ ട്രാക്ക് ബോംബ് വച്ച് തകര്‍ത്തശേഷമാണ് ട്രെയിന്‍ തട്ടിയെടുത്തത്.ട്രെയിന്‍ ഡ്രൈവറെ വധിച്ചിരുന്നു. ഭീകരര്‍ യാത്രക്കാര്‍ക്ക് സമീപം ചാവേറുകളെ നിര്‍ത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.
ബന്ദികളെ മോചിപ്പിക്കാന്‍ പാകിസ്ഥാന്‍ പൂര്‍ണതോതിലെ രക്ഷാപ്രവര്‍ത്തനം ആണ് നടത്തുന്നത്.
ഇന്നലെ രാവിലെ യാത്ര പുറപ്പെട്ട ട്രെയിനിനെ മലനിരകള്‍ക്കിടയിലെ തുരങ്ക കവാടങ്ങളില്‍ ഒന്നില്‍വച്ചാണ് ഭീകരര്‍ തട്ടിയെടുത്തത്.