TMJ
searchnav-menu
post-thumbnail

TMJ Daily

രാജസ്ഥാനില്‍ പാക് സൈനികന്‍ പിടിയില്‍

04 May 2025   |   1 min Read
TMJ News Desk

രാജസ്ഥാനിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്നും പാകിസ്താന്‍ റേഞ്ചര്‍ ബിഎസ്എഫ് പിടിയിലായി. പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിക്കുന്നതിന് ഇടയില്‍ ഒരു ബിഎസ്എഫ് ജവാന്‍ പാക് പിടിയിലായിരുന്നു. ഇയാള്‍ രണ്ടാഴ്ച്ചയോളമായി പാക് തടവിലാണ്. ഈ സാഹചര്യത്തിലാണ് പുതിയ സംഭവ വികാസം.

ഇന്ത്യയുടെ അതിര്‍ത്തി രക്ഷാ സേനയായ ബിഎസ്എഫിന്റെ രാജസ്ഥാന്‍ അതിര്‍ത്തിയിലെ വിഭാഗമാണ് പാക് റേഞ്ചറെ പിടികൂടിയത്.

പഞ്ചാബിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ വച്ച് ഏപ്രില്‍ 23നാണ് ബിഎസ്എഫ് ജവാനായ പൂര്‍നം കുമാര്‍ സാഹു പാക് പിടിയിലായത്. ഇന്ത്യന്‍ സൈന്യം ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിട്ടും പുര്‍നത്തെ വിട്ടുനല്‍കാന്‍ പാക് സൈന്യം തയ്യാറായിട്ടില്ല.

അതേസമയം, തുടര്‍ച്ചയായി പത്താം ദിനവും പാക് സൈന്യം നിയന്ത്രണ രേഖയില്‍ വെടിവയ്പ്പ് നടത്തി. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു. എട്ടിടത്താണ് വെടിവയ്പ്പ് നടന്നത്.

പാകിസ്താന് വായ്പ നല്‍കുന്നതില്‍ നിന്നും ഐഎംഎഫിനെ തടയാന്‍ ഇന്ത്യ ശ്രമിക്കുന്നത് രാഷ്ട്രീയപ്രേരിതമാണെന്ന് പാകിസ്താന്‍ ആരോപിച്ചു. മെയ് 9ന് ഐഎംഎഫ് അധികൃതര്‍ പാക്കിസ്താന്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ഇന്ത്യ വായ്പ നല്‍കരുതെന്ന് ആവശ്യപ്പെട്ടത്.


 

#Daily
Leave a comment