
പാലക്കാട് കള്ളപ്പണ വിവാദം; റിപ്പോര്‍ട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍
പാലക്കാട് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന കള്ളപ്പണ ആരോപണങ്ങളില്‍ റിപ്പോര്‍ട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍. പാലക്കാട് ജില്ലയുടെ തിരഞ്ഞെടുപ്പ് ചുമതലയുളള കലക്ടറോടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടല്‍ മുറികളിലടക്കം നടന്ന പരിശോധനയെ കുറിച്ചും കളക്ടറോട് പ്രാഥമിക റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
പാലക്കാട്ടെ സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ അനധികൃതമായി വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യാന്‍ എത്തിച്ചുവെന്ന എല്‍ഡിഎഫ് പരാതിക്ക് പിന്നാലെയാണ് പൊലീസ് പരിശോധനയ്ക്ക് എത്തിയത്. കള്ളപ്പണം എത്തിയെന്ന സംശയത്തെ തുടര്‍ന്ന് ഇന്നലെ രാത്രി 12നാണ് പാലക്കാട് നഗരമധ്യത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ പൊലീസ് പരിശോധന നടത്തിയത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പരിശോധനക്കെത്തിയിരുന്നു. ഷാനിമോള്‍ ഉസ്മാന്റെ മുറിയില്‍ പരിശോധന നടത്താന്‍ പൊലീസ് എത്തിയപ്പോഴായിരുന്നു കോണ്‍ഗ്രസ് നേതാക്കളടക്കമുള്ളവര്‍ ഹോട്ടലില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. അതിനു മുന്‍പ് ബിന്ദു കൃഷ്ണ അടക്കമുള്ളവരുടെ മുറി പരിശോധിച്ചിരുന്നു. എന്നാല്‍ പൊലീസ് ആവശ്യപ്പെട്ടിട്ടും ഷാനിമോള്‍ ഉസ്മാന്‍ മുറി തുറന്നില്ല.
വനിതാ പൊലീസ് ഇല്ലെന്ന കാരണം ഉന്നയിച്ചായിരുന്നു ആദ്യം മുറി തുറക്കാതിരുന്നത്. പിന്നീട് വനിതാ പൊലീസ് എത്തിയപ്പോള്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്ലെന്ന വാദമുന്നയിച്ചും പരിശോധന തടയാന്‍ ശ്രമിച്ചിരുന്നു. വനിതാ ഉദ്യോഗസ്ഥയെ എത്തിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
അതേസമയം കോണ്‍ഗ്രസുകാരുടെ വാദങ്ങള്‍ പൊളിയുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത് കള്ളമാണെന്നും വ്യക്തമായെന്നും രാഹുല്‍ ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്ന് പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ബിജെപിയും കോണ്‍ഗ്രസും ഇന്ത്യയിലും കേരളത്തിലും കള്ളപ്പണം ഒഴുകിയതിന്റെ ചരിത്രമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.