
പാലക്കാട് ഉപതിരഞ്ഞെടുപ്പ്; മൂന്ന് ആഴ്ചയില്‍ പിടിച്ചെടുത്തത് 1.56 കോടി രൂപ
പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ 23 ദിവസമായി നടത്തിയ പരിശോധനകളില്‍ ജില്ലയില്‍ നിന്ന് 1.56 കോടി പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. പൊലീസ്, എക്‌സൈസ്, ആദായനികുതി തുടങ്ങി വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളിലാണ് പണം കണ്ടെത്തിയത്. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ഒക്ടോബര്‍ 15 മുതലുള്ള കണക്കാണിത്.
ഇതില്‍ 49.82 ലക്ഷം രൂപ സംസ്ഥാന പൊലീസും 1.07 കോടി രൂപ ആദായനികുതി വകുപ്പുമാണ് പിടിച്ചെടുത്തത്. ജില്ലയില്‍ നിന്ന് ഇതുവരെ പിടിച്ചെടുത്തത് 2.76 കോടി രൂപയുടെ വസ്തുക്കളാണ്.
23.9 ലക്ഷം രൂപ വിലവരുന്ന 12064.15 ലിറ്റര്‍ മദ്യം, 93.21 ലക്ഷം രൂപ വരുന്ന കഞ്ചാവ്, 189.96 കിലോഗ്രാം ലഹരിമരുന്ന് എന്നിവയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നുണ്ട്.
2021-ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് വാഹനം തട്ടിക്കൊണ്ടുപോയി മൂന്നരക്കോടിയുടെ പണം കൊടകരയില്‍ കവര്‍ച്ചചെയ്യപ്പെട്ടത്. ഡ്രൈവറുടെ പരാതിയില്‍ അന്വേഷണം നടത്തിയപ്പോള്‍ ഇത് ബിജെപി കര്‍ണാടകയില്‍ നിന്നെത്തിച്ച് കേരളത്തില്‍ വിതരണംചെയ്യാനായി കൊണ്ടുപോയ കുഴല്‍പ്പണമാണെന്ന് കണ്ടെത്തുകയായിരുന്നു. ഈ കള്ളപ്പണക്കേസ് കേരളാ പൊലീസ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനായി കൈമാറിയിരുന്നു. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ പുരോഗതിയെന്തെങ്കിലും ഉണ്ടായതായി അറിവില്ല. അടുത്തിടെയാണ് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് നടത്തിയ വെളിപ്പെടുത്തലിലൂടെ കൊടകര കള്ളപ്പണക്കേസ് വീണ്ടും ചര്‍ച്ചയായിരുന്നു. കേരളാ പൊലീസ് നടത്തിയ അന്വേഷണത്തില്‍ അത് മൂന്നരക്കോടിയല്ല 41 കോടിയോളം രൂപ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയതായും റിപ്പോര്‍ട്ട് വന്നിരുന്നു.
പാലക്കാട്ടെ സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ അനധികൃതമായി വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യാന്‍ എത്തിച്ചുവെന്ന എല്‍ഡിഎഫ് പരാതിക്ക് പിന്നാലെ പൊലീസ് പരിശോധനയ്ക്ക് എത്തിയിരുന്നു. കള്ളപ്പണം എത്തിയെന്ന സംശയത്തെ തുടര്‍ന്ന് ബുധന്‍ 12 ന് പാലക്കാട് നഗരമധ്യത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതും വിവാദമായി. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അവകാശവാദങ്ങളും പുറത്തുവന്ന സിസി ടിവി ദൃശ്യങ്ങളും പൊരുത്തപ്പെടുന്നില്ലെന്ന് സിപിഎം പറയുന്നു. കള്ളപ്പണ വിവാദം ഇങ്ങനെ കത്തിപ്പടരുമ്പോഴാണ് മൂന്നാഴ്ച കൊണ്ട് പിടിച്ചെടുത്ത പണത്തിന്റെ കണക്ക് പുറത്തുവരുന്നത്.