
പാലക്കാട് ലോറി അപകടം: നാല് പെണ്‍കുട്ടികള്‍ മരിച്ചു
പാലക്കാട് കല്ലടിക്കോട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുമേല്‍ ലോറി പാഞ്ഞുകയറി നാല് പെണ്‍കുട്ടികള്‍ മരിച്ചു. അനവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.
ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് പാലക്കാട്- കോഴിക്കോട് ദേശീയ പാതയില്‍ കല്ലടിക്കോട് അപകടം ഉണ്ടായത്. വൈകുന്നേരം സ്‌കൂള്‍ വിട്ട് വിദ്യാര്‍ത്ഥികള്‍ റോഡിലൂടെ നടന്നുപോകുമ്പോള്‍ അവര്‍ക്കിടയിലേക്ക് ഇടിച്ചു കയറിയശേഷം മറിയുകയായിരുന്നു. മൂന്ന് കുട്ടികള്‍ സംഭവസ്ഥലത്തുവച്ചും ഗുരുതരമായി പരിക്കേറ്റ ഒരു കുട്ടി ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.
നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. മഴയത്ത് ലോറിയുടെ നിയന്ത്രണം തെറ്റിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ടുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തില്‍ പരിക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികളുടെ ആരോഗ്യ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.
കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്ത് വെച്ചാണ് ദാരുണാപകടം ഉണ്ടായത്. സിമന്റ് ലോഡ് കയറ്റി വന്ന ലോറി വിദ്യാര്‍ത്ഥികളെ ഇടിച്ചുകയറിയശേഷം റോഡിന് സമീപത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തി.