IMAGE: FLICKR
പലസ്തീന്‍ തുറന്ന ജയിലായി മാറുന്നു: ഇസ്രായേലിനെതിരെ കടുത്ത വിമര്‍ശനവുമായി യുഎന്‍
ഇസ്രായേലിന്റെ സൈനിക അധിനിവേശം പലസ്തീന്‍ പ്രദേശങ്ങളെ തുറന്ന ജയിലുകളാക്കി മാറ്റുമെന്ന് ഐക്യരാഷ്ട്രസഭയുടെ വിമര്‍ശനം. 1967 ലെ അധിനിവേശത്തിനുശേഷം പതിനായിരക്കണക്കിന് കുട്ടികളടക്കം 8,00,000 പലസ്തീനികളെ ഇസ്രായേല്‍ തടവിലാക്കിയതായി യുഎന്‍ വിദഗ്ധര്‍ പറഞ്ഞു. നിലവില്‍ ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന 5,000 ത്തോളം പലസ്തീനികളില്‍ 1,100 പേരും കുറ്റവും വിചാരണയുമില്ലാതെ തടവില്‍ കഴിയുന്നുണ്ടെന്നും വിദഗ്ധര്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിനെ അറിയിച്ചു.
ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്നവരില്‍ 160 പലസ്തീനിയന്‍ കുട്ടികളുണ്ടെന്ന് പലസ്തീനിലെ മനുഷ്യാവകാശ സ്ഥിതിയെ റിപ്പോര്‍ട്ട് ചെയ്തു യുഎന്‍ സ്പെഷ്യല്‍ റിപ്പോര്‍ട്ടര്‍ ഫ്രാന്‍സെസ്‌ക അല്‍ബനീസ് സൂചിപ്പിച്ചു. പലസ്തീനികളെ ഏകപക്ഷീയമായി തടങ്കലില്‍ വയ്ക്കുന്നതിനെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് അല്‍ബനീസ് അവതരിപ്പിച്ചത്. അധിനിവേശത്തിനുശേഷം പലസ്തീന്‍ പ്രദേശത്തെ തുറന്ന ജയിലായി ഇസ്രായേല്‍ മാറ്റുന്നതിനെക്കുറിച്ച് അല്‍ബനീസ് തന്റെ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു. നിയമവിരുദ്ധമായി ഇസ്രായേല്‍ നടത്തുന്ന കുടിയേറ്റങ്ങളെയും റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചു. പലസ്തീനികളെ നിയമവിരുദ്ധമായി തടവിലാക്കുന്നതിലൂടെ ഇസ്രായേല്‍ ചെയ്യുന്നത് കുറ്റകൃത്യമാണെന്നും അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പ്രോസിക്യൂട്ടര്‍ ഇത് അടിയന്തിരമായി അന്വേഷിക്കണമെന്നും യുഎന്‍ പറഞ്ഞു. അധിനിവേശ പലസ്തീന്‍ പ്രദേശത്തെക്കുറിച്ചുള്ള യുഎന്‍ വിമര്‍ശനത്തെ നിരസിച്ച ഇസ്രായേല്‍, അല്‍ബനീസിന്റെ റിപ്പോര്‍ട്ട് അവതരണത്തില്‍ പങ്കെടുത്തില്ല.
ജെനിന്‍ ക്യാമ്പിലെ ഇസ്രായേല്‍ ആക്രമണം
ഓപ്പറേഷന്‍ ഹോം ആന്‍ഡ് ഗാര്‍ഡന്‍ എന്ന പേരിലായിരുന്നു ഇസ്രായേല്‍ ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ആക്രമണം അഴിച്ചുവിട്ടത്. പലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തെ സൗദി വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ആക്രമണത്തില്‍ 12 പലസ്തീനികളും ഒരു പട്ടാളക്കാരനും കൊല്ലപ്പെട്ടതായായിരുന്നു റിപ്പോര്‍ട്ട്. ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ അറബ് രാജ്യങ്ങള്‍ അടിയന്തരമായി ഇടപെടണമെന്ന് അറബ് ലീഗ് ആവശ്യപ്പെട്ടു. ഇസ്രായേലില്‍ തുടരുന്ന ആക്രമണത്തില്‍ അന്വേഷണം നടത്തി അന്താരാഷ്ട്ര കോടതിയില്‍ വിചാരണ ചെയ്യണമെന്നായിരുന്നു അറബ് ലീഗിന്റെ ആവശ്യം.
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ക്യാമ്പിലെ നിരവധി താമസസ്ഥലങ്ങള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഇടിച്ചു നിരത്തി. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അയ്യായിരത്തിലേറെ പലസ്തീന്‍കാരാണ് ഒറ്റദിവസംകൊണ്ട് ജെനിന്‍ ക്യാമ്പില്‍ ഭവനരഹിതരായത്. മൂവായിരത്തിലധികം ആളുകളെ ക്യാമ്പില്‍ നിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി പലസ്തീന്‍ റെഡ് ക്രസന്റ് അറിയിച്ചു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇസ്രായേല്‍ നടത്തുന്ന ഏറ്റവും വലിയ സൈനിക നടപടിയായിരുന്നു ഇത്.
അശാന്തമായ വെസ്റ്റ് ബാങ്ക്
1950 കളിലാണ് വടക്കന്‍ വെസ്റ്റ് ബാങ്കില്‍ ജെനിന്‍ ക്യാമ്പ് സ്ഥാപിതമാകുന്നത്. ക്യാമ്പില്‍ 18,000 ത്തോളം പലസ്തീനികളാണ് താമസിക്കുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് മൂവായിരത്തിലധികം പലസ്തീനികള്‍ ക്യാമ്പ് വിട്ടുപോയി. സമീപകാലത്ത് ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണം അധിനിവേശ വെസ്റ്റ് ബാങ്കില്‍ വര്‍ധിച്ചുവരികയാണ്. ഈ വര്‍ഷം 180 ലധികം പലസ്തീനികള്‍ അക്രമത്തില്‍ കൊല്ലപ്പെട്ടു.
നൂറുകണക്കിന് പലസ്തീന്‍ യുവാക്കളെയാണ് സൈന്യം അറസ്റ്റു ചെയ്തത്. സംഘര്‍ഷത്തില്‍ പരുക്കേറ്റവര്‍ക്കാവശ്യമായ വൈദ്യസഹായം നല്‍കാന്‍ ആശുപത്രികളിലേക്ക് മാറ്റാന്‍ പോലും ഇസ്രായേല്‍ സൈന്യം അനുവദിച്ചില്ലെന്ന് പലസ്തീന്‍ ആരോപിച്ചു. അന്തര്‍ദേശീയ സമൂഹം ഇടപെട്ടില്ലെങ്കില്‍ വന്‍ ദുരന്തമാകും ഉണ്ടാകുകയെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് കൂട്ടിച്ചേര്‍ത്തു.
പലസ്തീന്‍ സായുധ പ്രതിരോധത്തിന്റെ കേന്ദ്രമായി മറ്റുള്ളവര്‍ ജെനിന്‍ ക്യാമ്പിനെ കാണുമ്പോള്‍ തീവ്രവാദ ക്യാമ്പായാണ് ഇസ്രായേല്‍ വിശേഷിപ്പിക്കുന്നത്. ഇസ്ലാമിക്, ജിഹാദ്, ഫത്തഹ് പാര്‍ട്ടി എന്നിവരുടെ സായുധ ഗ്രൂപ്പുകളുടെ കേന്ദ്രം കൂടിയാണ് ജെനിന്‍ ക്യാമ്പ്. അതിനാല്‍ തീവ്രവാദികളായവരുടെ കൈവശമുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തു നശിപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് ഇസ്രായേലിന്റെ വാദം.
ആയിരത്തിലേറെ സൈനികരുടെ അകമ്പടിയില്‍ ഡ്രോണുകളും 150 ഓളം ബുള്‍ഡോസറുകളും കവചിത വാഹനങ്ങളുമാണ് ജെനിന്‍ ക്യാമ്പിലേക്ക് ഇരച്ചുകയറിയത്. മരണപ്പെട്ടവരില്‍ കുട്ടികളും ഉള്‍പ്പെടും. വീടുകളും വാഹനങ്ങളും റോഡുകളുമുള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളും ആക്രമണത്തില്‍ തകര്‍ക്കപ്പെട്ടു. ഇതിനുമുമ്പ് 2002 ലാണ് ജെനിന്‍ ക്യാമ്പിനു നേരെ ഇസ്രായേലിന്റെ മറ്റൊരു വലിയ സൈനിക ആക്രമണം നടന്നത്. അന്ന് ഒരാഴ്ച നീണ്ട ആക്രമണത്തില്‍ 50 ലധികം പലസ്തീനികളും 23 ഇസ്രായേല്‍ സൈനികരും കൊല്ലപ്പെട്ടിരുന്നു.