പാലിയേക്കര ടോൾ പിരിവ് ഒരുമാസത്തേക്ക് തടഞ്ഞു
ഇടപ്പള്ളി– മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ പാലിയേക്കരയിലെ ടോൾ പിരിവ് ഒരു മാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി. ഗതാഗത കുരുക്കിന് ഒരാഴ്ചയ്ക്കുള്ളിൽ പരിഹാരം കണ്ടില്ലെങ്കിൽ ടോൾ പിരിവ് നിർത്തലാക്കുമെന്ന് കേസ് ആദ്യം പരിഗണിച്ചപ്പോൾ തന്നെ കോടതി അറിയിച്ചിരുന്നു. ഗതാഗതക്കുരുക്ക് പരിഹരിക്കാതെ ടോൾ പിരിവ് നടത്തരുതെന്നായിരുന്നു ഹർജിക്കാരൻ ഉന്നയിച്ച പരാതി.
കേസ് പരിഗണിച്ചപ്പോൾ മൂന്ന് മാസത്തെ സമയം കൂടി അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ദേശീയപാത അതോറിറ്റിക്ക് വീഴ്ച പറ്റിയതായി കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഒരു മാസത്തിന് ശേഷം കേസ് വീണ്ടും പരിഹരിക്കും. ടോളിന് സമീപമുള്ള സര്‍വീസ് റോഡും തകർന്നതായി ദേശീയപാത അതോറിറ്റി അറിയിച്ചതിനെ തുടർന്നാണ് വിഷയത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കിയത്.
ടോൾ നിർത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ഷാജി കോടങ്കണ്ടത്താണ് ഹർജി നൽകിയത്. ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി.മേനോൻ എന്നിവരുടെ ബെഞ്ചാണ് ഒരുമാസം ടോൾ പിരിക്കുന്നത് തടഞ്ഞത്.


