പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: രാഹുലിനായി ബ്ലൂ കോര്‍ണര്‍ നോട്ടീസ്
പന്തീരങ്കാവില്‍ നവവധു ക്രൂരപീഡനത്തിനിരയായ കേസില്‍ ഭര്‍ത്താവ് രാഹുല്‍ പി ഗോപാലിനായി ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച് ഇന്റര്‍പോള്‍. കേരളാ പോലീസിന്റെ ആവശ്യപ്രകാരമാണ് നടപടി. രാഹുലിന്റെ മൊബൈല്‍ സിഗ്നല്‍ കര്‍ണാടകയില്‍ നിന്ന് പോലീസിന് കിട്ടിയിരുന്നു. ഇയാള്‍ ഇവിടെ നിന്ന് സിങ്കപ്പൂര്‍ വഴി ജര്‍മനിയിലേക്ക് കടന്നതായി പോലീസ് പറഞ്ഞു. രാഹുലിന്റെ ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചു.
ഇയാളുടെ വിദേശത്തുള്ള അക്കൗണ്ടും മരവിപ്പിക്കാന്‍ ശ്രമം തുടങ്ങിയിരിക്കുകയാണ്. രാഹുലിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായവും തേടുന്നുണ്ട്. രാഹുലിന്റെ വീട്ടില്‍ കഴിഞ്ഞദിവസം പോലീസ് പരിശോധനയ്ക്ക് എത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു. ജര്‍മനിയില്‍ എയ്‌റോനോട്ടിക്കല്‍ എഞ്ചിനീയറാണ് രാഹുല്‍.
മെയ് അഞ്ചിനായിരുന്നു രാഹുലും എറണാകുളം സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം നടന്നത്. മെയ് 12 ന് പെണ്‍കുട്ടിയും ബന്ധുക്കളും പന്തീരങ്കാവ് പോലീസ് സ്‌റ്റേഷനില്‍ രാഹുലിനെതിരെ പരാതി നല്‍കുകയായിരുന്നു. സ്ത്രീധനം കുറഞ്ഞെന്ന കാരണത്താല്‍ യുവതിയെ മര്‍ദിക്കുകയും മൊബൈല്‍ ഫോണിന്റെ കേബിള്‍ കഴുത്തില്‍ ചുറ്റി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
മര്‍ദനത്തിന്റെ പാടുകള്‍ അടക്കം കാണിച്ചിട്ടും കേസെടുക്കാതിരുന്ന പന്തീരങ്കാവ് സ്‌റ്റേഷനിലെ ഹൗസ് ഓഫീസര്‍ എഎസ് സരിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ സജു കെ അബ്രഹാമിന്റെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘമാണ് നിലവില്‍ കേസന്വേഷണം നടത്തുന്നത്.