
പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ് റദ്ദാക്കി
പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ് ഹൈക്കോടതി റദ്ദാക്കി. ഭര്‍ത്താവും കേസിലെ ഒന്നാം പ്രതിയുമായ രാഹുല്‍ പി.ഗോപാലും പരാതിക്കാരിയായ ഭാര്യയും കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലായിരുന്നു ഉത്തരവ്.
കേസിലെ പ്രതിയായിരുന്ന രാഹുല്‍ ഗോപാല്‍, താനും ഭാര്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്തു അതിനാല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഭര്‍ത്താവ് തന്നെ ഉപദ്രവിച്ചിട്ടില്ലെന്ന് ഭാര്യയും കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
കോഴിക്കോട് സ്വദേശിയായ രാഹുലിനെ വിവാഹം ചെയ്ത എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിനിയെ മര്‍ദിക്കപ്പെട്ട നിലയില്‍ വീട്ടുകാര്‍ കണ്ടെത്തിയതായിരുന്നു കേസിന് തുടക്കം. തുടര്‍ന്ന് ഗാര്‍ഹിക പീഡനത്തിന് രാഹുലിനെതിരെ കേസെടുത്തു. പിന്നീട് രാഹുല്‍ ജര്‍മനിയിലേക്ക് പോയി. യുവതി മൊഴി മാറ്റിപ്പറഞ്ഞ് തനിക്ക് പരാതിയില്ലെന്ന നിലപാടുമാണ് സ്വീകരിച്ചത്.
ഗാര്‍ഹിക പീഡന പരാതി എന്ന നിലയില്‍ സംഭവം വലിയ രീതിയില്‍ വിവാദമാവുകയും രാഹുലിനെതിരെ വധശ്രമത്തിന് കേസും ഉള്‍പ്പെടുത്തുകയായിരുന്നു. പിന്നീട്, തന്നെ ഭര്‍ത്താവ് മര്‍ദിച്ചിട്ടില്ലെന്നും വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി പരാതി നല്‍കിയതാണെന്നും ഭാര്യ പറയുകയായിരുന്നു.