ഡോ. പറക്കാല പ്രഭാകര്‍ | PHOTO: PTI
ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ചയായി പറക്കാല പ്രഭാകറിന്റെ പുസ്തകം; മോദിക്ക് രൂക്ഷവിമര്‍ശനം
കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്റെ ഭര്‍ത്താവും സാമ്പത്തിക വിദഗ്ധനുമായ പറക്കാല പ്രഭാകറിന്റെ പുസ്തകത്തില്‍ മോദി സര്‍ക്കാരിനെതിരെ അതിശക്തമായ വിമര്‍ശനങ്ങളാണുള്ളത്. നിര്‍മലാ സീതാരാമന്റെ രാഷ്ട്രീയ ആശയങ്ങള്‍ പിന്തുടരുന്ന ആളല്ല നേരത്തെയും പറക്കാല പ്രഭാകര്‍. പക്ഷേ, പുതിയ പുസ്തകത്തിലെ കേന്ദ്രസര്‍ക്കാര്‍ വിമര്‍ശനങ്ങളുടെ രൂക്ഷത പ്രതീക്ഷിക്കാത്തതാണ് എന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്.
മോദി ഭരണകൂടത്തെ വിലയിരുത്തി തയാറാക്കിയ ദി ക്രൂക്ക്ഡ് ടിംബര്‍ ഓഫ് ന്യൂ ഇന്ത്യ: എസ്സേസ് ഓണ്‍ എ റിപ്പബ്ലിക് ഇന്‍ ക്രൈസിസ് എന്ന പുസ്തകത്തിലും തുടര്‍ന്ന് നടത്തിയ അഭിമുഖങ്ങളിലുമാണ് ഡോ. പ്രഭാകറിന്റെ രൂക്ഷവിമര്‍ശനം. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയും പാര്‍ട്ടിയും വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന് സര്‍വനാശമുണ്ടാകും. രാജ്യത്തെ സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും മുച്ചൂടും തകര്‍ത്ത ഭരണമാണു മോദിയുടെതെന്നും പുസ്തകത്തില്‍ പറയുന്നു.
തിരഞ്ഞെടുപ്പുകളെ പരിഹാസ്യമാക്കുന്ന ഭരണം
മെയ് 14 നാണ് ഡോ. പറക്കാല പ്രഭാകറിന്റെ പുസ്തകം ബെംഗളൂരുവില്‍ പുറത്തിറങ്ങിയത്. വികസനത്തിന്റെ പേരില്‍ ഹിന്ദുരാഷ്ട്രമെന്ന അജന്‍ഡ ഒളിച്ചുകടത്തുകയായിരുന്നു കഴിഞ്ഞ ഒമ്പതു വര്‍ഷമായി നരേന്ദ്രമോദിയും ബിജെപിയും. സമ്പദ് വ്യവസ്ഥയെന്നല്ല, ഒന്നിനെക്കുറിച്ചും മോദിക്ക് യാതൊരു ധാരണയുമില്ല. 1990 കള്‍ക്കുശേഷം ദാരിദ്ര്യരേഖയ്ക്കു കീഴിലേക്ക് ഏറ്റവും കൂടുതല്‍പ്പേരെ തള്ളിവിട്ട ഭരണമാണിത്. വ്യാജപ്രചാരണങ്ങള്‍കൊണ്ട് ഓട്ടയടയ്ക്കുകയാണ് ഭരണകൂടവും അണികളും.
സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുകയും വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുകയും ചെയ്യുന്നു. 2024 ല്‍ മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കി ബിജെപി മാറ്റും. വികസനവും അഴിമതി വിരുദ്ധതയും പറഞ്ഞ് അധികാരത്തിലെത്തിയ മോദി ഹിന്ദുത്വയെ ഉയര്‍ത്തിക്കൊണ്ടു വരികയായിരുന്നു. 2014 ല്‍ സദ്ഭരണവും അഴിമതിരഹിത സര്‍ക്കാരും വികസനവും ഉയര്‍ത്തിയായിരുന്നു അവര്‍ വോട്ട് ചോദിച്ചിരുന്നത്. 2016 മുതല്‍ രാജ്യത്തെ തൊഴിലില്ലായ്മയെക്കുറിച്ചു സര്‍ക്കാര്‍ കണക്കുകള്‍ പുറത്തുവിടുന്നില്ല. വികസന വാഗ്ദാനങ്ങളെല്ലാം കാറ്റില്‍പ്പറത്തി ഗൂഢ അജണ്ടകള്‍ നടപ്പാക്കുകയാണ്.
1990 കള്‍ക്കുശേഷം ദാരിദ്ര്യരേഖയ്ക്കു കീഴിലേക്ക് ഏറ്റവും കൂടുതല്‍ പേരെ തള്ളിവിട്ട ഭരണമാണിത്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളെ പണം വാരിയെറിഞ്ഞ് അട്ടിമറിച്ച് തിരഞ്ഞെടുപ്പുകളെ പരിഹാസ്യമാക്കുന്നു. സ്വച്ഛ്ഭാരത് പോലെ പ്രചാരണങ്ങള്‍ നടത്തുന്നുണ്ടെങ്കിലും അത്തരം പദ്ധതികളില്‍ ഒന്നും നടക്കുന്നില്ലെന്നും പ്രഭാകര്‍ പുസ്തകത്തില്‍ പറയുന്നു.
മോദി സര്‍ക്കാര്‍ യുദ്ധം ചെയ്യുന്നത് സ്വന്തം ജനങ്ങളോടാണ്. അതിര്‍ത്തിയില്‍ ചൈന നടത്തുന്ന കയ്യേറ്റങ്ങളില്‍ സര്‍ക്കാരിന് മിണ്ടാട്ടമില്ല. യുവതലമുറയില്‍ മതചിന്ത കുത്തിവച്ച് അക്രമം വളര്‍ത്തുന്നു. ഇന്ത്യ അതിന്റെ സ്ഥാപകതത്ത്വങ്ങളില്‍നിന്നും മൂല്യങ്ങളില്‍നിന്നും അകന്നുവെന്ന് അഭിപ്രായപ്പെട്ട ഡോ. പ്രഭാകര്‍, രാജ്യത്ത് നടക്കുന്ന തെറ്റായ സംഭവങ്ങളിലേക്ക് ശ്രദ്ധക്ഷണിക്കുന്നതിനാണ് താന്‍ ഈ പുസ്തകം എഴുതിയതെന്നും വ്യക്തമാക്കി.
കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്ന് ബിജെപിയില്‍ ചേക്കേറി വിമര്‍ശകനായി
ആന്ധ്രാപ്രദേശിലെ നരസപുരം സ്വദേശിയായ ഡോ. പറക്കാല പ്രഭാകര്‍ അടിയുറച്ച കോണ്‍ഗ്രസ് കുടുംബത്തിലാണ് ജനിച്ചത്. മുന്‍മന്ത്രി ശേഷാവതാരത്തിന്റെയും മുന്‍ എംഎല്‍എ കാളികാമ്പയുടെയും മകന്‍. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദത്തിന് പഠിക്കവെ നിര്‍മലാ സീതാരാമനെ കണ്ടുമുട്ടി. 1986 ല്‍ വിവാഹിതരായി. പിന്നീട് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ഇരുവരും ഗവേഷണത്തിനു ചേര്‍ന്നു.
വാജ്പേയി സര്‍ക്കാരിന്റെ ഭരണകാലത്ത് പ്രഭാകര്‍ ബിജെപി രാഷ്ട്രീയത്തില്‍ സജീവമായി. 2000 ത്തില്‍ ആന്ധ്രാപ്രദേശില്‍ ബിജെപി വക്താവായിരുന്നു. 2006 ലാണ് നിര്‍മല ബിജെപി അംഗത്വം സ്വീകരിച്ചത്. 2007 ല്‍ പ്രഭാകര്‍ ബിജെപി വിട്ട് ചിരഞ്ജീവിയുടെ പ്രജാരാജ്യം പാര്‍ട്ടിയില്‍ ചേര്‍ന്നു. 2014 മുതല്‍ 2018 വരെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ വാര്‍ത്താവിനിമയ ഉപദേഷ്ടാവായിരുന്നു.
മുമ്പും മോദി സര്‍ക്കാരിനെ ഇദ്ദേഹം വിമര്‍ശിച്ചിട്ടുണ്ട്. നിര്‍മലാ സീതാരാമന്‍ പ്രതിരോധമന്ത്രിയായിരിക്കെ സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളെ വിമര്‍ശിച്ചും ലേഖനമെഴുതിയിരുന്നു. നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റുകളെയും പ്രഭാകര്‍ പലതവണ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്.