.jpeg)
സൗരപരീക്ഷ കടന്ന് പാര്‍ക്കര്‍ സോളാര്‍ പ്രോബ്
സൂര്യന്റെ അന്തരീക്ഷത്തില്‍ പ്രവേശിച്ചശേഷം പാര്‍ക്കര്‍ സോളാര്‍ പ്രോബ് സുരക്ഷിതമായി തിരിച്ചെത്തിയെന്ന് നാസ. പ്രോബ് ഡിസംബര്‍ 24ന് സൗരോപരിതലത്തില്‍ നിന്നും 3.8 മില്ല്യണ്‍ മൈല്‍ അടുത്ത് വരെ എത്തിയിരുന്നു. ഒരു മനുഷ്യ നിര്‍മ്മിത പേടകം സൂര്യനോട് ഇത്രയും അടുത്ത് എത്തുന്നത് ആദ്യമായിട്ടാണ്.
സൂര്യനെ കുറിച്ച് കൂടുതല്‍ പഠിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സൂര്യന്റെ ഏറ്റവും പുറത്തെ ആകാശമായ കൊറോണയിലൂടെയാണ് പ്രോബ് യാത്ര ചെയ്തത്.
വ്യാഴാഴ്ച്ച അര്‍ദ്ധ രാത്രിയോടെ പ്രോബില്‍ നിന്നുള്ള സിഗ്നല്‍ ലഭിച്ചുവെന്ന് മേരിലാന്‍ഡിലുള്ള ജോണ്‍ ഹോപ്കിന്‍സ് ഫിസിക്‌സ് ലബോറട്ടറിയിലെ ശാസ്ത്രജ്ഞര്‍ അറിയിച്ചു. ജനുവരി 1-ന് വിശദമായ ടെലിമെട്രി വിവരങ്ങള്‍ പ്രോബ് അയക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നാസ പറഞ്ഞു.
നാസയുടെ വെബ്‌സൈറ്റിലെ വിവരം അനുസരിച്ച് പ്രോബ് 1,800 ഡിഗ്രി ഫാരന്‍ഹീറ്റ് ചൂടിനെ അതിജീവിച്ചുവെന്നും അത് മണിക്കൂറില്‍ 430,000 മൈല്‍ വേഗതയില്‍ സഞ്ചരിക്കുകയും ചെയ്തു.
കൊറോണയില്‍ മില്ല്യണ്‍ കണക്കിന് ചൂട് എങ്ങനെ ഉണ്ടാകുന്നുവെന്ന് മനസ്സിലാക്കാന്‍ ശാസ്ത്രജ്ഞരെ പ്രോബിന്റെ ഈ യാത്ര സഹായിക്കും. കൂടാതെ, സൗരവാതത്തെക്കുറിച്ചും കൂടുതല്‍ വെളിച്ചം വീശും. സൗരവാതത്തിലെ ഊര്‍ജ്ജകണികകള്‍ക്ക് എങ്ങനെ പ്രകാശത്തിന്റെ വേഗതയോട് അടുത്തുള്ള വേഗം ലഭിക്കുന്നുവെന്നുള്ള വിവരവും ലഭിക്കും.
പാര്‍ക്കര്‍ സോളാര്‍ പ്രോബിന്റെ കണ്ടെത്തലുകള്‍ സൂര്യനെക്കുറിച്ചുള്ള നിലവിലെ പഠന പുസ്തകങ്ങളെ മാറ്റിയെഴുതുമെന്ന് നാസയുടെ സൗരഫിസിക്‌സ് ഡയറക്ടറായ ഡോ. ജോസഫ് വെസ്റ്റ്‌ലേക്ക് പറഞ്ഞു. പാര്‍ക്കര്‍ സോളാര്‍ പ്രോബ് ദൗത്യം വിക്ഷേപിച്ചത് 2018-ലാണ്. ക്രമാനുഗതമായി സൂര്യനിലേക്കുള്ള അകലം കുറച്ചു കൊണ്ടുവന്ന് നക്ഷത്രത്തെ ചുറ്റുകയാണ്.