TMJ
searchnav-menu
post-thumbnail

Representational Image: PTI

TMJ Daily

പാർലമെന്റ് മന്ദിരം നവ ഇന്ത്യയുടെ മുഖം

27 May 2023   |   5 min Read
TMJ News Desk

പാർലമെന്റ് മന്ദിരം നവ ഇന്ത്യയുടെ മുഖമാണെന്നാണ് സർക്കാരിന്റെ വാദം. ഞായറാഴ്ച രാവിലെ 7.30 ഓടെയാണ് പാർലമെന്റ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിക്കും. പ്രത്യേക പൂജകളോടു കൂടിയാണ് തുടക്കം. പൂജയ്ക്ക് ശേഷം പ്രധാനമന്ത്രി പാർലമെന്റിൽ ചെങ്കോൽ സ്ഥാപിക്കും. പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കർ ഓം ബിർള, രാജ്യസഭാ ഉപാധ്യക്ഷൻ, കേന്ദ്രമന്ത്രിമാർ എന്നിവരാണ് പൂജയിൽ പങ്കെടുക്കുക. 12 മണിക്ക് രണ്ടാംഘട്ട ചടങ്ങുകൾ ആരംഭിക്കും. ദേശീയ ഗാനത്തിനു ശേഷം രാജ്യസഭാ ഉപാധ്യക്ഷൻ രാഷ്ട്രപതിയുടേയും ഉപരാഷ്ട്രപതിയുടേയും സന്ദേശം വായിക്കും. പ്രധാനമന്ത്രി  സദസിനെ അഭിസംബോധന ചെയ്യുകയും പുതിയ 75 രൂപ നാണയം പുറത്തിറക്കുകയും ചെയ്യും. ലോക്‌സഭാ സെക്രട്ടറി ജനറലാണ് നന്ദി പ്രസംഗം നടത്തുക. 

ഉദ്ഘാടന ദിവസം പുതിയ മന്ദിരത്തിന് വെളിയിൽ സ്ത്രീകളെ അണിനിരത്തി സമരം പ്രഖ്യാപിച്ചിരിക്കുകയാണ് ഗുസ്തി താരങ്ങൾ. ഞായറാഴ്ച പാർലമെന്റിന് പുറത്ത് മഹിളാ മഹാ പഞ്ചായത്ത് കൂടിച്ചേരാനാണ് തീരുമാനം. താരങ്ങളുടെ പരാതിയിൻമേൽ കേന്ദ്രസർക്കാർ ബ്രിജ് ഭൂഷനെതിരെ നടപടികളെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് പുതിയ നീക്കം. അതേസമയം പാർലമെന്റ് ഉദ്ഘാടനത്തെ ചോദ്യം ചെയ്തുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കാനാവില്ലെന്ന് വെള്ളിയാഴ്ച സുപ്രീം കോടതി വ്യക്തമാക്കി. ജെ കെ മഹേശ്വരി അധ്യക്ഷനായ അവധിക്കാല ബെഞ്ചാണ് ഇത്തരം ഹർജികൾ പരിഗണിക്കാൻ സാധിക്കില്ലെന്ന് അറിയിച്ചത്. തുടർന്ന് ഹർജി പിൻവലിച്ചു. പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന് ലോക്‌സഭാ സെക്രട്ടേറിയേറ്റിനോട് ആവശ്യപ്പെടണം എന്നായിരുന്നു ഹർജി. പാർലമെന്റ് ഉദ്ഘാടനം ചെയ്യാനുള്ള അധികാരം എക്‌സിക്യൂട്ടീവിന് നൽകാൻ ഒരു നിയമവും പറയുന്നില്ലെന്നാണ് ഹർജി സമർപ്പിച്ച അഭിഭാഷകൻ ബെഞ്ചിനെ അറിയിച്ചത്. ആർട്ടിക്കിൾ 79 പ്രകാരം രാഷ്ട്രപതിയാണ് പാർലമെന്റിന്റെ അധിപൻ എന്നാണ് ഹർജിക്കാരൻ വാദിച്ചത്. ആർട്ടിക്കിൾ 79 പ്രകാരമുള്ള അധികാരവും പാർലമെന്റിന്റെ ഉദ്ഘാടനവും തമ്മിൽ എന്ത് ബന്ധമാണെന്ന് കോടതി ചോദിച്ചു. അനാവശ്യ ഹർജി നൽകിയതിന് പിഴ ചുമത്താത്തത് ഭാഗ്യമായി കരുതണമെന്നും കോടതി ശാസിച്ചു.

സൗകര്യങ്ങളോടു കൂടി പുതിയ പാർലമെന്റ്  

മോദി സർക്കാർ അധികാരത്തിൽ വന്നിട്ട് ഒമ്പത് വർഷം തികയുന്ന വേളയിലാണ് പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം. ഹിന്ദുത്വ സൈദ്ധാന്തികനായ വി ഡി സവർക്കറുടെ ജന്മദിനമായ മെയ് 28 ഉദ്ഘാടനത്തിന് തെരഞ്ഞെടുത്തത് ബോധപൂർവമാണെന്ന വിമർശനങ്ങൾക്കിടയിൽ ചടങ്ങു ബഹിഷ്‌ക്കരിക്കാൻ പ്രതിപക്ഷ കക്ഷികൾ തീരുമാനിച്ചു. രാഷ്ട്രപതിക്ക് പകരം പ്രധാനമന്ത്രി പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയാണ് 19 പ്രതിപക്ഷ കക്ഷികൾ ബഹിഷ്‌കരണം പ്രഖ്യാപിച്ചത്. 2020 ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ തറക്കല്ലിടുന്ന ചടങ്ങും പ്രതിപക്ഷ കക്ഷികൾ ബഹിഷ്‌കരിച്ചിരുന്നു. കർഷകരുടെ പ്രതിഷേധം, കോവിഡ് മഹാമാരി, ലോക്ഡൗൺ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി എന്നിവയ്ക്കിടയിൽ ഇത്തരമൊരു ചടങ്ങ് നടത്തുന്നതിൽ പ്രതിഷേധിച്ചായിരുന്നു അന്നത്തെ ബഹിഷ്‌കരണം. കേന്ദ്ര സർക്കാരിന്റെ സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായ 64,500 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പുതിയ പാർലമെന്റ് മന്ദിരത്തിന് നാലു നിലകളാണുള്ളത്. രാജ്യസഭയിലും ലോക്സഭയിലുമായി 1224 എംപിമാരെ ഉൾക്കൊള്ളാൻ സാധിക്കുന്നതാണ് പുതിയ പാർലമെന്റ്. ഭാവിയിൽ അംഗങ്ങളുടെ എണ്ണത്തിൽ ഉണ്ടായേക്കാവുന്ന വർധനവ് കണക്കിലെടുത്താണ് ഇരിപ്പിട സൗകര്യം വർധിപ്പിച്ചിരിക്കുന്നത്. സ്പീക്കറുടെ സീറ്റിന് സമീപം ചെങ്കോൽ അധികാര മുദ്ര സ്ഥാപിക്കും. ചരിത്ര പ്രാധാന്യമുള്ള സ്വർണ ചെങ്കോൽ ബ്രിട്ടീഷ് അധികാരികളിൽ നിന്ന് ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് ലഭിച്ചതാണെന്ന് ആഭ്യന്തര മന്ത്രി അമിതാ ഷാ പറഞ്ഞു.

മൊത്തം 20,000 കോടി രൂപയുടെ സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായ പുതിയ പാർലമെന്റ് പ്രോജക്ടിന്റെ ചെലവ്  970 കോടി രൂപയാണ്. പാർലമെന്റിന് പുറമെ 10 കെട്ടിടങ്ങൾ ചേർന്ന പുതിയ സെൻട്രൽ സെക്രട്ടേറിയേറ്റ്, സെൻട്രൽ കോൺഫറൻസ് സെന്റർ, നാഷണൽ ആർകൈവ്സ് കെട്ടിടം, ഇന്ദിരാഗാന്ധി സെന്റർ ഫോർ നാഷണൽ ആർട്സ് കെട്ടിടം, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി എന്നിവരുടെ ഓഫീസുകളും, വസതികളും, ക്യാബിനറ്റ് സെക്രട്ടേറിയറ്റ്, ദേശീയ സുരക്ഷ കൗൺസിൽ സെക്രട്ടേറിയേറ്റ് തുടങ്ങിയ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ മുഴുവൻ സമുച്ചയങ്ങളും പുനർനിർമിക്കുന്ന പദ്ധതിയായ സെൻട്രൽ വിസ്ത പ്രൊജക്റ്റ് 2026-ൽ പൂർത്തിയാവും എന്നാണ് കണക്കാക്കിയിട്ടുള്ളത്. തുടക്കം മുതൽ ഈ പദ്ധതി വിവാദങ്ങൾ നിറഞ്ഞതായിരുന്നു. ഡൽഹിയുടെ ഹെറിറ്റേജിനും പൈതൃകത്തിനും ഒരു വിലയും കൽപ്പിക്കാത്ത നിർമ്മാണം എന്നതായിരുന്നു പ്രധാന വിമർശനം. നഗരങ്ങളുടെ വാസ്തുശിൽപ്പം, ആസൂത്രണം, പൈതൃകം തുടങ്ങിയ മേഖലകളിലെ വിദഗ്ധർ ഉന്നയിച്ച വിമർശനങ്ങൾ വേണ്ട നിലയിൽ ഇപ്പോഴും പരിഗണിക്കപ്പെട്ടിട്ടില്ല. രാഷ്ട്രീയമായ വിയോജിപ്പുകളാണ് പ്രധാനമായും മാധ്യമങ്ങളിൽ നിറയുന്നത്.  

ഇന്ത്യയുടെ ജനാധിപത്യ പൈതൃകത്തോടൊപ്പം സാംസ്‌കാരിക വൈവിധ്യവും പ്രകടിപ്പിക്കുന്നതാണ് പുതിയ മന്ദിരമെന്നു സർക്കാർ അവകാശപ്പെടുന്നു. പ്രാദേശികമായ കലാരൂപങ്ങളും കരകൗശല വസ്തുക്കളും ഇതിൽ സംയോജിപ്പിച്ചിട്ടുണ്ട്. പ്രധാനകവാടത്തിന് പുറമെ ത്രികോണാകൃതിയിലുള്ള ഘടനയ്ക്ക് ആചാരപരമായ ഒരു പ്രവേശന കവാടവും ലോക്സഭാ സ്പീക്കർക്കും രാജ്യസഭാ ചെയർമാനുമായി പ്രത്യേക കവാടവും ഉണ്ടായിരിക്കും. ലോക്സഭ, രാജ്യസഭ ഹാളുകളും ലൈബ്രറി, മന്ത്രിമാരുടെ ഓഫീസുകൾ, സമിതിയോഗങ്ങൾക്കുള്ള മുറികൾ, ഭക്ഷണശാല തുടങ്ങിയവയാണ് മന്ദിരത്തിന്റെ പ്രധാന ഭാഗങ്ങൾ. ജ്ഞാന, ശക്തി, കർമ എന്നാണ് പ്രധാന കവാടങ്ങളുടെ പേരുകൾ. 888 സീറ്റുകളുള്ള ലോക്സഭാ ഹാൾ ദേശീയ പക്ഷിയായ മയിലിന്റെ തീമിലുള്ള രൂപകല്പനയിലാണ്. താമരയുടെ മാതൃകയിൽ ഒരുക്കിയ രാജ്യസഭാ ഹാളിൽ 384 സീറ്റുകളാണുള്ളത്. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവരുടെയും രാജ്യത്തെ എല്ലാ പ്രധാനമന്ത്രിമാരുടെയും ചിത്രങ്ങൾ ഉണ്ടാകും. കൊണാർക്കിലെ സൂര്യക്ഷേത്രത്തിലെ ചക്രത്തിന്റെ മാതൃകയും കൗടില്യന്റെ ഛായാചിത്രവും കെട്ടിടത്തിൽ സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അത്യാധുനിക സാങ്കേതികവിദ്യയും ഉപകരണങ്ങളും നിറഞ്ഞതാണ് പുതിയ കെട്ടിടം.

പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ല രാഷ്ട്രപതിയാണെന്നാണ് മറ്റൊരു വിമർശനം. ഭരണഘടനയുടെ ആർട്ടിക്കിൾ 79 പ്രകാരം രാഷ്ട്രപതിയും രണ്ട് സഭകളുമടങ്ങുന്ന യൂണിയന് വേണ്ടി ഒരു പാർലമെന്റ് ഉണ്ടായിരിക്കും. അത് യഥാക്രമം ലോക്‌സഭയെന്നും രാജ്യസഭയെന്നും അറിയപ്പെടുന്നു. ഭരണഘടന തന്നെ ഇപ്രകാരം അനുശാസിക്കുമ്പോൾ ഈ വ്യവസ്ഥയിൽ പെടാത്ത പ്രധാനമന്ത്രി എപ്രകാരം ഉദ്ഘാടനം ചെയ്യുമെന്നാണ് ചോദ്യം. 2002-ൽ പഴയ പാർലമെന്റിന്റെ ലൈബ്രറി കെട്ടിടം ഉദ്ഘാടനം ചെയ്തത് അന്നത്തെ രാഷ്ട്രപതിയായിരുന്ന കെ ആർ നാരായണൻ ആയിരുന്നു. അത്തരത്തിൽ ഭരണഘടന അനുശാസിക്കുന്ന ഇപ്പോഴത്തെ രാഷ്ട്രപതി ദ്രൗപതി മുർമു തന്നെ പാർലമെന്റ് ഉദ്ഘാടനം ചെയ്യണമെന്നാണ് ഉയരുന്ന ആവശ്യം. എന്നാൽ ഇതാദ്യമായല്ല രാഷ്ട്രപതിമാർ മാറ്റിനിർത്തപ്പെടുന്നത്. മന്ദിരത്തിന്റെ തറക്കല്ലിടൽ നടന്ന 2020 ഡിസംബർ 10ന് അന്നത്തെ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ ക്ഷണിച്ചിരുന്നില്ല. പകരം നരേന്ദ്ര മോദി തന്നെയായിരുന്നു തറക്കല്ലിട്ടതും ഭൂമി പൂജയിൽ പങ്കെടുത്തതും. പിന്നീട് കെട്ടിടത്തിന് മുകളിലെ അശോക സ്തംഭം അനാച്ഛാദനം ചെയ്തതും നരേന്ദ്ര മോദി തന്നെ.

2019 ഫെബ്രുവരി 25ന് അമർ ജവാൻ ജ്യോതിയുടെ ഭാഗമായി പണികഴിപ്പിച്ച ദേശീയ യുദ്ധസ്മാരകത്തിന്റെ ഉദ്ഘാടനം നിർവഹിച്ചതും പ്രധാനമന്ത്രി തന്നെയായിരുന്നു. രാഷ്ട്രപതി രാം നാഥ് കോവിന്ദിന് അന്നും അവഗണന മാത്രമായിരുന്നു ബിജെപി സർക്കാർ നല്കിയത്. തെരഞ്ഞെടുപ്പ് നേട്ടത്തിനു വേണ്ടി മാത്രമാണ് മോദി സർക്കാർ ദളിത്, ഗോത്രവർഗ വിഭാഗങ്ങളിൽ നിന്ന് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലിഗാർജുൻ ഖാർഗെ കുറ്റപ്പെടുത്തി. ഭരണാഘടനാ ലംഘനം നടത്തി പ്രധാനമന്ത്രി രാഷ്ട്രപതിയെ മറികടക്കുകയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ആരോപിച്ചു. നവ ഇന്ത്യയുടെ കൊടിയടയാളമായി ഉയർത്തിക്കാട്ടുന്ന പുതിയ പാർലമെന്റ് ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണം ഉറപ്പാക്കുമോ എന്ന് വരും നാളുകളിൽ അറിയാം.

എതിർപ്പുമായി പ്രതിപക്ഷം

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റിനെ മറികടക്കുകയാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. പുതിയ പാർലമെന്റിന് തറക്കല്ലിട്ടപ്പോൾ മോദി രാഷ്ട്രപതിയെ മറികടന്നു, ഇപ്പോൾ ഉദ്ഘാടന വേളയിലും. ഇത് സ്വീകാര്യമല്ല എന്ന് യെച്ചൂരി ട്വീറ്റ് ചെയ്തു. പാർലമെന്റ് യോഗം ചേരുന്നത് രാഷ്ട്രപതി യോഗം വിളിച്ചു ചേർത്താൽ മാത്രമാണ്. വർഷം തോറും പാർലമെന്റിന്റെ പ്രവർത്തനം ആരംഭിക്കുന്നത് രാഷ്ട്രപതി സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് എന്നും യെച്ചൂരി ട്വീറ്റിൽ കുറിച്ചു. 

വിഡി സവർക്കറുടെ ജന്മദിനമായ മെയ് 28 ന് പാർലമെന്റ് ഉദ്ഘാടനം നടത്തുന്നതിൽ പല കോണുകളിൽ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്. ''തെരഞ്ഞെടുപ്പ് നേട്ടത്തിനു വേണ്ടി മാത്രമാണ് മോദി സർക്കാർ ദളിത്, ഗോത്രവർഗ വിഭാഗങ്ങളിൽ നിന്ന് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപന ചടങ്ങിലേക്ക് അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ക്ഷണിച്ചില്ല. ഇപ്പോൾ മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതി ദ്രൗപതി മുർമുവിനെയും ക്ഷണിച്ചില്ല. രാഷ്ട്രപതി മാത്രമാണ് സർക്കാരിനെയും പ്രതിപക്ഷത്തെയും രാജ്യത്തെ ഓരോ പൗരനേയും പ്രതിനിധീകരിക്കുന്നത്. രാഷ്ട്രപതി ഉദ്ഘാടനം നിർവഹിക്കുന്നത് ജനാധിപത്യ മൂല്യങ്ങളോടും ഭരണഘടനാപരമായ ഔചിത്യത്തോടുമുള്ള സർക്കാരിന്റെ പ്രതിബദ്ധതയുടെ പ്രതീകമായിരുന്നു'' എന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലിഗാർജുൻ ഖാർഗെ പറഞ്ഞു. ഉദ്ഘാടന ചടങ്ങിലേക്ക് രാഷ്ട്രപതിയെ ക്ഷണിക്കാത്തതുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യങ്ങൾ കണക്കിലെടുത്താണ്  തീരുമാനമെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു. തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രിയാനാണ് പാർട്ടിയുടെ തീരുമാനം ട്വീറ്റിലൂടെ അറിയിച്ചത്. 'പാർലമെന്റ് വെറുമൊരു കെട്ടിടമല്ല, അത് പഴയ പാരമ്പര്യങ്ങളും മൂല്യങ്ങളും കീഴ്വഴക്കങ്ങളും നിയമങ്ങളുമുള്ള ഒരു സ്ഥാപനമാണ്. ഇത് ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറയാണ്. പ്രധാനമന്ത്രി മോദിക്ക് അത് മനസ്സിലായില്ല, ഞായറാഴ്ചത്തെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിൽ ഞങ്ങളെ  ഉൾപ്പെടുത്തേണ്ട എന്ന് ഡെറക് ഒബ്രിയാൻ ട്വീറ്റിൽ കുറിച്ചു. 

മെയ് 28 ന് നിശ്ചയിച്ചിരിക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനായുള്ള ക്ഷണങ്ങൾ മുൻ ലോക്‌സഭാ, രാജ്യസഭാ അധ്യക്ഷൻമാർ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള വിവിധ നേതാക്കൾക്ക് അയച്ചിട്ടുണ്ട്. ഇരുസഭയിലേയും എംപിമാർ, എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും മുഖ്യമന്ത്രിമാർ, ഇന്ത്യാഗവൺമെന്റിന്റെ എല്ലാ മന്ത്രാലയങ്ങളുടേയും സെക്രട്ടറിമാർ, പാർലമെന്റ് കെട്ടിടത്തിന്റെ ചീഫ് ആർക്കിടെക്റ്റ് ബിമൽ പട്ടേൽ, പ്രശസ്ത വ്യവസായി രത്തൻ ടാറ്റ എന്നിവരെയും കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടുണ്ട്. മെയ് 28 ന് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രസിഡന്റ് ദ്രൗപതി മുർമുവും വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖറും അഭിനന്ദന സന്ദേശങ്ങൾ കൈമാറും എന്നാണ് പുറത്തുവരുന്ന വാർത്ത. 2020 ഡിസംബറിൽ നടന്ന പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടൽ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു.


#Daily
Leave a comment