
പാര്‍ലമെന്റ് വഖഫ് ബില്‍ പാസാക്കി
രാജ്യസഭയും വിവാദ വഖഫ് (ഭേദഗതി) ബില്‍ 2025 പാസാക്കി. ഇനി രാഷ്ട്രപതി ഒപ്പുവച്ച് ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ ഈ ബില്‍ നിലവില്‍ വരും. എട്ടുമണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് ബില്ല് വോട്ടിനിട്ടത്.
രാജ്യസഭയില്‍ ബില്ലിന് അനുകൂലമായി 128 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 95 പേര്‍ എതിര്‍ത്തു. ലോകസഭയില്‍ 288 എംപിമാര്‍ പിന്തുണയ്ക്കുകയും 232 പേര്‍ എതിര്‍ക്കുകയും ചെയ്തിരുന്നു.
ലോകസഭയിലേതിന് സമാനമായി രാജ്യസഭയിലും പ്രതിപക്ഷം ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ത്തു. എന്നാല്‍, പ്രതിപക്ഷം നിര്‍ദ്ദേശിച്ച ഭേദഗതികള്‍ തള്ളി.
ചരിത്ര സ്മാരകങ്ങളേയും പുരാവസ്തു പരിധിയില്‍പ്പെടുന്ന സ്വത്തുക്കളേയും വഖഫ് ആക്കാന്‍ പാടില്ലെന്ന് ബില്ലില്‍ വ്യവസ്ഥയുണ്ട്.
ആദിവാസി ഭൂമിയെ വഖഫ് ആക്കാന്‍ പാടില്ലെന്നും അഞ്ച് വര്‍ഷം ഇസ്ലാംമതം അനുഷ്ഠിച്ച ഒരാള്‍ക്ക് മാത്രമേ വഖഫ് ദാനം ചെയ്യാന്‍ അനുമതിയുള്ളൂവെന്നും ബില്ലില്‍ പറയുന്നു.
1995ലെ വഖഫ് നിയമത്തിലെ സെക്ഷന്‍ 107 നീക്കം ചെയ്തു. ഇത് കാരണം, 12 വര്‍ഷം തുടര്‍ച്ചയായി ഒരാള്‍ വഖഫ് ഭൂമി നിയമവിരുദ്ധമായി കൈവശം വച്ചിട്ടുണ്ടെങ്കില്‍ അയാള്‍ക്കെതിരെ കേസെടുക്കാനോ ആ ഭൂമി തിരിച്ചെടുക്കാനോ കഴിയാതെ വരും.
വഖഫ് ബോര്‍ഡില്‍ മുസ്ലിമിതര മതസ്ഥര്‍ക്കും പ്രാതിനിധ്യം നല്‍കി. മുസ്ലിം ട്രസ്റ്റുകള്‍ക്ക് കീഴിലുള്ള ഭൂമികളെ വഖഫ് ആയി കണക്കാക്കുകയില്ല. ആ ഭൂമിയുടെ മേലുള്ള അവകാശം ആ ട്രസ്റ്റിന് തന്നെയാകും.
ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി സ്ഥാപനങ്ങള്‍ വഖഫ് ബോര്‍ഡിലേക്ക് നല്‍കുന്ന സംഭാവനയുടെ വിഹിതം ഏഴ് ശതമാനത്തില്‍നിന്നും അഞ്ചുശതമാനമായി കുറച്ചു.