PHOTO: PTI
പാര്‍ലമെന്റ് സുരക്ഷാ വീഴ്ച: അന്വേഷണത്തിനായി പ്രത്യേക സെല്‍
ഡിസംബര്‍ 13 ന് പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയെ തുടര്‍ന്നുണ്ടായ കളര്‍ സ്പ്രേ ആക്രമണം അന്വേഷിക്കാന്‍ ആറ് സംസ്ഥാനങ്ങളിലായി ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ ടീമുകള്‍. രാജസ്ഥാന്‍, ഹരിയാന, കര്‍ണാടക, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര എന്നീ ആറ് സംസ്ഥാനങ്ങളിലാണ് പ്രത്യേക സംഘത്തെ നിയമിച്ചിരിക്കുന്നത്. ഇതിന് പുറമെ 50 പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് പ്രതികളുടെ ഡിജിറ്റല്‍, ബാങ്ക് വിവരങ്ങളും പശ്ചാത്തലവും അന്വേഷിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
അറസ്റ്റിലായ ആറ് പ്രതികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഡിലീറ്റ് ചെയ്ത 'ഭഗത് സിംഗ് ഫാന്‍ ക്ലബ്' എന്ന ഫേസ്ബുക്ക് പേജിന്റെ വിശദാംശങ്ങളും ആക്സസ് ചെയ്യാന്‍ മെറ്റായ്ക്ക് കത്തയച്ചിട്ടുണ്ടെന്നും ഡല്‍ഹി പോലീസ് അറിയിച്ചു.
അന്വേഷണം വേണമെന്ന് പ്രധാനമന്ത്രി
കളര്‍ സ്‌പ്രേ ആക്രമണത്തില്‍ ചര്‍ച്ചയല്ല, വിശദമായ അന്വേഷണമാണ് വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സംഭവത്തിന്റെ ഗൗരവം കുറച്ചു കാണരുതെന്നും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആക്രമണത്തെക്കുറിച്ചു പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റിന്റെ ഇരുസഭകളിലും വിശദീകരണം നല്‍കണമെന്നും ചര്‍ച്ച നടത്തണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം നിലനില്‍ക്കെയാണു പ്രധാനമന്ത്രിയുടെ പ്രതികരണം.
കളര്‍ സ്പ്രേ ആക്രമണം
സന്ദര്‍ശക ഗ്യാലറിയില്‍ നിന്ന് താഴേക്കുചാടി കളര്‍ സ്‌പ്രേ പ്രയോഗിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി, 452 വകുപ്പുകള്‍ ചേര്‍ത്തുമാണ് ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സുരക്ഷാവീഴ്ചയെ കുറിച്ച് അന്വേഷിക്കുന്നതിനായി സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ അനീഷ് ദയാല്‍ സിങ്ങിന്റെ നേതൃത്വത്തില്‍ മറ്റ് സുരക്ഷാ ഏജന്‍സികളില്‍ നിന്നുള്ള അംഗങ്ങളെയും വിദഗ്ധരെയും ഉള്‍പ്പെടുത്തി ഒരു സമിതിയും രൂപീകരിച്ചിട്ടുണ്ടായിരുന്നു.
വന്‍ സുരക്ഷാവീഴ്ച
വലിയ രീതിയിലുള്ള സുരക്ഷാവീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നാണ് എംപിമാര്‍ ഉള്‍പ്പെടെ പ്രതികരിക്കുന്നത്. പരിഭ്രാന്തിയുടെ നിമിഷങ്ങളാണ് സഭയില്‍ ഉണ്ടായത്. സന്ദര്‍ശക ഗ്യാലറിയില്‍ നിന്നും ചാടിയവര്‍ ഏകാധിപത്യം അനുവദിക്കില്ല, ഭരണഘടനയോട് ഉത്തരവാദിത്തം പുലര്‍ത്തുക എന്ന് മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. ഗാലറിയില്‍ നിന്ന് ചാടിയതില്‍ ഒരാള്‍ മൈസൂര്‍ സ്വദേശി സാഗര്‍ എന്നയാളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടുപേര്‍ പാര്‍ലമെന്റിനു പുറത്തും മഞ്ഞ നിറത്തിലുള്ള സ്പ്രേ പ്രയോഗിച്ച് പ്രതിഷേധിച്ചു.