
പാർലമെന്റ് സമ്മേളനം പ്രതിഷേധത്തോടെ തുടക്കം
പാർലമെന്റിന്റെ വർഷകാല സമ്മേളനം തുടങ്ങി. പഹൽഗാം ഭീകരാക്രമണത്തിലും, അഹമ്മദാബാദ് വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ടവർക്കും ആദരാഞ്ജലിയര്‍പ്പിച്ച് കൊണ്ട് തുടങ്ങിയ ലോകസഭാ സമ്മേളനം അധികം താമസിയാതെ ബഹളമയമായി. പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, അഹമ്മദാബാദ് വിമാനപകടം തുടങ്ങിയ വിഷയങ്ങളിൽ ചര്‍ച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ചോദ്യോത്തരവേള നിര്‍ത്തിവച്ച് വിഷയങ്ങൾ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ ആവശ്യം സ്പീക്കര്‍ തള്ളി.
അതോടെ, ലോക സഭയിൽ പ്രതിപക്ഷ അംഗങ്ങൾ ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കി പ്രതിഷേധം തുടങ്ങി. മുദ്രാവാക്യം വിളിക്കേണ്ടവർ സഭക്ക് പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ട സ്‌പീക്കർ ചോദ്യോത്തരവേള തടസപ്പെടുത്തരുതെന്നും എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുമെന്നും പറഞ്ഞു. എന്നാൽ പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. ഇതോടെ 12 മണി വരെ സ്പീക്കർ സഭ നിർത്തിവച്ചു. പഹൽഗാം, ഓപ്പറേഷൻ സിന്ദൂർ, അഹമ്മദാബാദ് വിമാന ദുരന്തം തുടങ്ങിയ വിഷയങ്ങൾ സഭയിലെത്തിക്കാനാണ് ആദ്യ ഘട്ടത്തിൽ തന്നെ പ്രതിപക്ഷം ശ്രമിച്ചത്. അതേ സമയം, ചർച്ചയാവശ്യപ്പെട്ട് രാജ്യസഭയിൽ നൽകിയ നോട്ടീസുകൾ ചെയർമാൻ തള്ളി.


