
അദാനി വിഷയത്തില്‍ പാര്‍ലമെന്റ് പ്രക്ഷുബ്ധം
അദാനി വിഷയത്തില്‍ പ്രതിഷേധം തുടര്‍ന്ന് പാര്‍ലമെന്റിലെ ഇരുസഭകള്‍. ലോക്‌സഭയിലും രാജ്യസഭയിലും അദാനി വിഷയത്തില്‍ അടിയന്തരപ്രമേയത്തിനു കോണ്‍ഗ്രസ് നോട്ടീസ് നല്‍കിയെങ്കിലും സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായില്ല.
അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസിന് അദാനി വിഷയത്തില്‍ പാര്‍ലമെന്റ് തടസപ്പെടുത്തുന്ന നിലപാടിനോട് വിയോജിപ്പുള്ളതായാണ് വിവരം. അദാനി വിഷയത്തില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ നിയമനിര്‍മാണ നടപടികളിലേക്ക് കടക്കാന്‍ പാര്‍ലമെന്റിന് ഇതുവരെ സാധിച്ചിട്ടില്ല.
അദാനി, മണിപ്പൂര്‍, സംബാല്‍ വിഷയങ്ങളില്‍ പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിലെ ആദ്യ ദിനം തന്നെ പ്രക്ഷുബ്ധമായിരുന്നു. ലോകസഭയില്‍ ബഹളത്തെ തുടര്‍ന്ന് ആദ്യം 12 മണിവരെ സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു. പിന്നീട് സഭ തുടങ്ങിയപ്പോഴും പ്രതിപക്ഷം തങ്ങളുടെ ആവശ്യം ശക്തമായി ഉന്നയിച്ചു രംഗത്തുവന്നു. ഗൗതം അദാനിക്കെതിരായ കൈക്കൂലി വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യമാണ് പ്രതിപക്ഷത്തിന്. എന്നാല്‍ അതിന് അനുമതി ലഭിച്ചില്ല.
അദാനി വിഷയത്തിന് പുറമെ മണിപ്പൂരിലെയും സംബാലിലെയും അക്രമങ്ങള്‍ ചര്‍ച്ച ചെയ്യാനും ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ ജനങ്ങള്‍ക്ക് സഹായത്തിനുള്ള ആവശ്യകത ചര്‍ച്ച ചെയ്യുന്നതിനും എംപിമാര്‍ നോട്ടീസ് നല്‍കിയിരുന്നു.