
പാസ്‌പോര്‍ട്ട് സൂചിക: ഇന്ത്യയ്ക്ക് 148ാം സ്ഥാനം
ലോകത്തിലെ ശക്തിയേറിയ പാസ്‌പോര്‍ട്ടുകളുടെ സൂചികയില്‍ ഇന്ത്യയ്ക്ക് 148ാം സ്ഥാനം. നൊമാഡ് ക്യാപിറ്റലിസ്റ്റ് പാസ്‌പോര്‍ട്ട് സൂചിക 2025ല്‍ 199 രാജ്യങ്ങളാണുള്ളത്. കഴിഞ്ഞ വര്‍ഷം 147ാം സ്ഥാനത്തായിരുന്നു.
നികുതി, കുടിയേറ്റ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ നൊമാഡ് ക്യാപിറ്റലിസ്റ്റ് ഓരോ രാജ്യത്തിന്റെ പാസ്‌പോര്‍ട്ടുകളുടെ ശക്തി അഞ്ച് ഘടകങ്ങള്‍ ഉപയോഗിച്ച് വിശകലനം ചെയ്ത് വര്‍ഷംതോറും ഈ സൂചിക പ്രസിദ്ധീകരിച്ചുവരുന്നു. വിസ രഹിത യാത്ര (50 ശതമാനം), നികുതി ചുമത്തല്‍ (20 ശതമാനം) ആഗോള കാഴ്ച്ചപ്പാട് (10 ശതമാനം), ഇരട്ട പൗരത്വം (10 ശതമാനം), വ്യക്തിഗത സ്വാതന്ത്ര്യം (10 ശതമാനം) എന്നീ ഘടകങ്ങളാണ് പരിഗണിക്കുന്നത്.
ഇന്ത്യയുടെ ആകെ സ്‌കോര്‍ 47.5 ആണ്. കിഴക്കനാഫ്രിക്കന്‍ രാജ്യമായ കോമോറോസും ഇന്ത്യയ്‌ക്കൊപ്പം 148ാമത് ഉണ്ട്. കഴിഞ്ഞവര്‍ഷം 147ല്‍ ഇന്ത്യയ്‌ക്കൊപ്പം ഉണ്ടായിരുന്നത് മൊസാംബിക്ക് ആണ്.
ഈ സൂചിക പ്രകാരം 2025ലെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് അയര്‍ലന്‍ഡിന്റേത് ആണ്. ഐറിഷ് പൗരന്‍മാര്‍ക്ക് യൂറോപ്യന്‍ യൂണിയനിലും യുണൈറ്റഡ് കിങ്ഡത്തിലും സ്വതന്ത്രമായി വസിക്കാനും ജോലി ചെയ്യാനുമുള്ള അവകാശം ഉള്ളതാണ് അയര്‍ലന്‍ഡിനെ ഒന്നാമത് എത്തിച്ചത്.
രണ്ടാം സ്ഥാനത്ത് സ്വിറ്റ്‌സര്‍ലന്‍ഡ് ആണ്. ഗ്രീസ്, പോര്‍ച്ചുഗല്‍, മാള്‍ട്ട, ഇറ്റലി, ലക്‌സംബര്‍ഗ്, ഫിന്‍ലന്‍ഡ്, നോര്‍വേ, യുഎഇ, ന്യൂസിലന്‍ഡ്, ഐസ് ലന്‍ഡ് എന്നീ രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ വരുന്നത്. യുഎസ് യൂറോപ്യന്‍ രാജ്യമായ സാന്‍ മാരിനോയ്‌ക്കൊപ്പം 45ാം സ്ഥാനത്താണ്.
സൂചികയിലെ 195 മുതല്‍ 199 വരെയുള്ള സ്ഥാനങ്ങള്‍ പാകിസ്താന്‍, ഇറാഖ്, എറിത്രിയ, യെമന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളാണുള്ളത്.
ജനുവരിയില്‍ പുറത്ത് വന്ന ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയില്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷത്തെ 80ാം സ്ഥാനത്തുനിന്നും 85ാം സ്ഥാനത്തേക്ക് പതിച്ചിരുന്നു. അന്താരാഷ്ട്ര വ്യോമഗതാഗത അസോസിയേഷന്റെ ഡാറ്റ വിലയിരുത്തിയാണ് ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചിക തയ്യാറാക്കുന്നത്.


