
ആഷസിലെ ആദ്യ ടെസ്റ്റിൽ നിന്നും പാറ്റ് കമ്മിൻസ് പുറത്ത്
നവംബറിൽ ആരംഭിക്കുന്ന ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ നിന്നും ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെ ഒഴിവാക്കി. നടുവിനേറ്റ പരിക്കിനെ തുടർന്നാണ് കമ്മിൻസിനെ ആഷസ് പരമ്പരയിൽ നിന്നും ഒഴിവാകുന്നതെന്നാണ് സിഡ്നി ഹെറാൾഡിന്റെ റിപ്പോർട്ട്.
ഈ വർഷം ആദ്യം വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന പരമ്പരയിലാണ് കമ്മിൻസിന് പരുക്കേറ്റത്. തുടർന്ന് ചികിത്സയിലായിരുന്ന ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആഷസിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പരിക്ക് പൂർണമായും ഭേദമാവാത്ത സാഹചര്യത്തിലാണ് ഓസ്‌ട്രേലിയൻ ക്യാപ്റ്റനെ ഒഴിവാക്കിയത്. ഇന്ത്യയ്ക്ക് എതിരെ ഈ മാസം നടക്കുന്ന ഏകദിന പരമ്പരയിൽ നിന്നും കമ്മിൻസിനെ പരിക്ക് മൂലം ഒഴിവാക്കിയിരുന്നു.
കമ്മിൻസിന്റെ അഭാവത്തിൽ സ്റ്റീവൻ സ്മിത്താവും ആദ്യ ആഷസ് ടെസ്റ്റിൽ ഓസ്‌ട്രേലിയയെ നയിക്കുക. മിച്ചൽ സ്റ്റാർക്കിനും ജോഷ് ഹേസിൽവുഡിനുമൊപ്പം മെൽബൺ താരം സ്കോട്ട് ബോളണ്ടാവും പേസ് നിരയിൽ അണിനിരക്കുക.


