Representational image: Pexels
ആശുപത്രിയില്‍ രോഗിയുടെ അതിക്രമം; ജീവനക്കാരെ കുത്തി പരുക്കേല്‍പ്പിച്ചു
കായംകുളം താലൂക്ക് ആശുപത്രിയില്‍ ജീവനക്കാര്‍ക്ക് നേരെ രോഗിയുടെ ആക്രമണം. ആശുപത്രിയിലെ ഹോം ഗാര്‍ഡിനും സുരക്ഷാ ജീവനക്കാരനുമാണ് കുത്തേറ്റത്. കൃഷ്ണപുരം കാപ്പില്‍ സ്വദേശി ദേവരാജനാണ് ആക്രമണം നടത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. നഴ്‌സിങ്ങ് റൂമില്‍ അതിക്രമിച്ച് കയറിയ ദേവരാജന്‍ ബഹളം വയ്ക്കുകയായിരുന്നു. ആദ്യം സര്‍ജിക്കല്‍ കത്രിക കാണിച്ച് നഴ്‌സിനെ ഭീഷണിപ്പെടുത്തി. അതുകേട്ട് എത്തിയ ഹോം ഗാര്‍ഡ് വിക്രമനെ കത്രിക ഉപയോഗിച്ച് കുത്തുകയായിരുന്നു. തടയാനെത്തിയ സെക്യൂരിറ്റി ജീവനക്കാരന്‍ മധുവിനെയും ആക്രമിച്ചു.
മധുവിന് കൈയിലും വിക്രമന് വയറ്റിലുമാണ് കുത്തേറ്റിരിക്കുന്നത്. ഇരുവരെയും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് എത്തിയ ശേഷമാണ് ദേവരാജനെ കീഴടക്കിയത്. കാലില്‍ മുറിവേറ്റതിന് ചികിത്സയ്‌ക്കെത്തിയതാണ് ദേവരാജന്‍. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം.