
വിദ്വേഷ പരാമര്‍ശം; മുന്‍കൂര്‍ ജാമ്യംതേടി പി സി ജോര്‍ജ്
വിദ്വേഷ പരാമര്‍ശത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി ബിജെപി നേതാവ് പി സി ജോര്‍ജ് കോടതിയില്‍. ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പ്രസ്താവനയിലെടുത്ത കേസിലാണ് ജാമ്യ ഹര്‍ജി നല്‍കിയത്. മുസ്ലീംങ്ങള്‍ക്കെതിരേ വര്‍ഗീയ-വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ പേരില്‍ ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരമെടുത്ത കേസിലാണ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.
ഇന്ത്യയിലെ മുസ്ലീംങ്ങള്‍ മുഴുവന്‍ വര്‍ഗീയവാദികളാണെന്നും അവര്‍ പാകിസ്താനിലേക്ക് പോകണമെന്നുമാണ് ജനുവരി ആറിനുനടന്ന ചാനല്‍ ചര്‍ച്ചയില്‍ പി സി ജോര്‍ജ് പറഞ്ഞത്. ഈരാറ്റുപേട്ടയില്‍ മുസ്ലീം വര്‍ഗീയത ഉണ്ടാക്കിയാണ് തന്നെ തോല്‍പ്പിച്ചതെന്നും അദ്ദേഹം ചര്‍ച്ചയില്‍ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഈരാറ്റുപേട്ട മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റിയുള്‍പ്പെടെ വിവിധ സംഘടനകള്‍ പരാതി നല്‍കിയിരുന്നു.
വിമര്‍ശനം ശക്തമായപ്പേള്‍, പി സി ജോര്‍ജ് മാപ്പുമായി രംഗത്തെത്തിയിരുന്നു. മുസ്ലീം സഹോദരങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു ജോര്‍ജ് പറഞ്ഞത്.