
യുക്രെയ്‌നിലെ സമാധാന സേന; സൈനിക നേതൃത്വങ്ങള്‍ യോഗം ചേര്‍ന്നു
റഷ്യയുമായുള്ള യുദ്ധത്തില്‍ യുക്രെയ്‌നിനെ സഹായിക്കാന്‍ തയ്യാറുള്ള രാജ്യങ്ങളുടെ മുതിര്‍ന്ന സൈനിക നേതൃത്വങ്ങള്‍ യുകെയില്‍ യോഗം ചേര്‍ന്നു. യുക്രെയ്‌നിലെ നിര്‍ദ്ദിഷ്ട സമാധാന സേനയുമായി ബന്ധപ്പെട്ട പദ്ധതികള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം. യോഗത്തില്‍ 20ല്‍ അധികം രാജ്യങ്ങള്‍ പങ്കെടുക്കുന്നുണ്ട്.
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. യുക്രെയ്‌നില്‍ പാശ്ചാത്യ രാജ്യങ്ങളുടെ സമാധാന സേനയെ വിന്യസിക്കുന്നതിന്റെ പ്രായോഗിക ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് യോഗം. യുക്രെയ്‌നിനെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച രാജ്യങ്ങള്‍ക്ക് ബ്രിട്ടനും ഫ്രാന്‍സുമാണ് നേതൃത്വം നല്‍കുന്നത്. യുക്രെയ്‌നില്‍ സ്ഥിരമായി സമാധാനം നിലനിര്‍ത്താനും രാജ്യത്തെ പുനര്‍നിര്‍മ്മിക്കാനും സൈന്യത്തെ പുനര്‍നിര്‍മ്മിക്കാനും സഹായിക്കുന്ന വിശ്വാസയോഗ്യമായ സൈനിക സഖ്യമാണ് വേണ്ടതെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ലൂക്ക് പൊള്ളാര്‍ഡ് പറഞ്ഞു.
യുക്രെയ്‌നില്‍ റഷ്യ വിജയിച്ചാല്‍ പുടിനെ തടയാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ശക്തമായ വ്യോമ, നാവിക വിഭാഗങ്ങളുള്ള സൈന്യം യുക്രെയ്‌നില്‍ സമാധാനം സൃഷ്ടിക്കാന്‍ വേണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ചില തടസ്സങ്ങള്‍ ഉണ്ട്.
യുക്രെയ്‌നില്‍ നാറ്റോ അംഗരാജ്യങ്ങളില്‍ നിന്നുള്ള സൈന്യത്തെ അംഗീകരിക്കുകയില്ലെന്ന് പുടിന്‍ പറഞ്ഞിട്ടുണ്ട്. കൂടാതെ, യുക്രെയ്‌നിനെ സഹായിക്കാന്‍ എത്തുന്ന രാജ്യങ്ങള്‍ ആവശ്യപ്പെടുന്ന വ്യോമ പ്രതിരോധം നല്‍കാന്‍ യുഎസ് മടിക്കുകയാണ്.