
പെഗാസസ് ചോര്‍ത്തല്‍: യുഎസ് കോടതി വിധി ഇന്ത്യന്‍ രാഷ്ട്രീയത്തിലും വിവാദം സൃഷ്ടിക്കുന്നു
പെഗാസസ് ചാര സോഫ്റ്റുവെയര്‍ ഉപയോഗിച്ച് വാട്‌സ്ആപ്പ് ഉപയോക്താക്കളില്‍ നിന്നും വിവരം ചോര്‍ത്തിയെന്ന കേസില്‍ ഇസ്രായേല്‍ കമ്പനിയായ എന്‍എസ്ഒ കുറ്റക്കാരാണെന്ന് യുഎസ് കോടതി കണ്ടെത്തി. 2019-ല്‍ 1,400 ഫോണുകളിലെ വാട്‌സ്ആപ്പ് പ്രവര്‍ത്തനം തടസ്സപ്പെടുത്തിയ സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ടുള്ള കേസിലാണ് സൈബര്‍ ഇന്റലിജന്‍സ് സ്ഥാപനമായ എന്‍എസ്ഒ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ ഇടപാടുകള്‍ നിരീക്ഷിക്കാന്‍ എന്‍എസ്ഒയുടെ സോഫ്റ്റുവെയര്‍ അവസരമൊരുക്കിയെന്ന് കോടതി കണ്ടെത്തി.
അതേസമയം, യുഎസ് കോടതി വിധി ഇന്ത്യന്‍ രാഷ്ട്രീയത്തിലും വിവാദം ഉയര്‍ത്തുന്നു. 2021-ല്‍ ഇന്ത്യയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളുടെ ഫോണുകള്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്‍എസ്ഒില്‍ നിന്നും വാങ്ങിയ പെഗാസസ് ചാര സോഫ്റ്റുവെയര്‍ ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തിയെന്നായിരുന്നു ആരോപണം.
ഇന്ത്യയില്‍ 300 വാട്‌സ്ആപ്പ് നമ്പറുകളെ ലക്ഷ്യമിട്ടു എന്നുള്ളതിനുള്ള തെളിവാണ് കോടതി വിധിയെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു. ബിജെപി സര്‍ക്കാരും ഏജന്‍സികളും എന്തൊക്കെ വിവരങ്ങളാണ് ചോര്‍ത്തിയതെന്ന് അദ്ദേഹം ചോദിച്ചു. അത് എങ്ങനെ ഉപയോഗിച്ചുവെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
കേന്ദ്ര സര്‍ക്കാരിനോട് ഏതാനും ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു. ലക്ഷ്യമിട്ട 300 പേരുകള്‍ ആരെല്ലാം? രണ്ട് കേന്ദ്ര മന്ത്രിമാര്‍ ആരാണ്? മൂന്ന് പ്രതിപക്ഷ നേതാക്കള്‍ ആരെല്ലാം? ഭരണഘടനാ അതോറിറ്റി ആരാണ്? മാധ്യമപ്രവര്‍ത്തകര്‍ ആരെല്ലാം? ബിസിനസ് വ്യക്തികള്‍ ആരെല്ലാം? എന്ന് അദ്ദേഹം ചോദിച്ചു.
യുഎസ് കോടതിയുടെ വിധി സുപ്രീംകോടതി ശ്രദ്ധിക്കുമോയെന്ന് അദ്ദേഹം ചോദിച്ചു. പെഗാസസ് ചാരസോഫ്റ്റുവെയര്‍ സംഭവത്തില്‍ സുപ്രീംകോടതി കൂടുതല്‍ അന്വേഷണം നടത്തുമോയെന്നും 300 ഇന്ത്യാക്കാരുടെ പേരുകള്‍ സമര്‍പ്പിക്കാന്‍ സുപ്രീംകോടതി മെറ്റയോട് ആവശ്യപ്പെടുമോയെന്നും അദ്ദേഹം ആരാഞ്ഞു.
പെഗാസസ് ലക്ഷ്യമിട്ട 300 ഇന്ത്യാക്കാരുടെ പേരുകള്‍ മെറ്റ പുറത്തുവിടുമോയെന്നും അദ്ദേഹം ചോദിച്ചു.