TMJ
searchnav-menu
post-thumbnail

TMJ Daily

ഇന്ത്യന്‍ ജുഡീഷ്യറിയിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമാകുന്നു: മുന്‍ ചീഫ് ജസ്റ്റിസ് രമണ

23 Mar 2025   |   1 min Read
TMJ News Desk

ന്ത്യയിലെ ജുഡീഷ്യറിയിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് കുറഞ്ഞുവരികയാണെന്ന് മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു. പരിഹാരങ്ങള്‍ തയ്യാറാക്കുമ്പോള്‍ ഈ കാഴ്ച്ചപ്പാടുകള്‍ അംഗീകരിക്കുകയും അഭിസംബോധന ചെയ്യുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ സമീപകാലത്തായി ഒരു ശരാശരി പൗരന്‍ കോടതിയെ സമീപിക്കുന്നതിനെ കുറിച്ച് സംശയാലുവാണെന്നും അവര്‍ അജ്ഞാതമായതിനെ പേടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേസുകള്‍ അവസാനിക്കാനെടുക്കുന്ന കാലതാമസം, പ്രാപ്യത, അടിസ്ഥാന സൗകര്യക്കുറവ്, ധാരാളം ഒഴിവുകളുള്ളത്, നിയമനടപടികളിലെ സുതാര്യത, ക്രിമിനല്‍ നീതിന്യായ സംവിധാനത്തിന്റെ പോരായ്മ, വ്യാജ കേസുകള്‍ വര്‍ദ്ധിക്കുന്നത് എന്നിവയില്‍ അവര്‍ ആശങ്കപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയ്ക്ക് നിയമവ്യവസ്ഥയെ കൂടുതല്‍ പ്രാപ്യമാക്കേണ്ടതിന്റെ ആവശ്യകതയെ ചൂണ്ടിക്കാണിക്കുയായിരുന്നു അദ്ദേഹം.

നിയമസംവിധാനത്തെ ഇന്ത്യാവല്‍ക്കരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പ്രാദേശിക ഭാഷയില്‍ നീതി നടപ്പിലാക്കുന്നത് സുതാര്യത വര്‍ദ്ധിപ്പിക്കുമെന്ന് ജസ്റ്റിസ് രമണ പറഞ്ഞു.

ക്ലയന്റുകള്‍ക്ക് നടപടിക്രമങ്ങളും നിയമത്തിന്റെ ഭാഷയും മൂലം കോടതി നടപടികള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്. ഒരിക്കല്‍ കേസ് ഫയല്‍ ചെയ്തു കഴിഞ്ഞാല്‍ തങ്ങളുടെ തര്‍ക്കത്തിന്റെ ഭാവിയുടെമേലുള്ള നിയന്ത്രണം തങ്ങള്‍ക്ക് നഷ്ടമായിയെന്ന് അവര്‍ക്ക് തോന്നുന്നു. എന്നാല്‍, ഭാഷാ തടസ്സം നീക്കം ചെയ്താല്‍ നീതി നടപ്പിലാക്കല്‍ മെച്ചപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദി ഹിന്ദു ദിനപത്രം സംഘടിപ്പിച്ച നിയമ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


#Daily
Leave a comment