TMJ
searchnav-menu
post-thumbnail

Outlook

മതേതരത്വമാണ് കോണ്‍ഗ്രസ്സില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നത്, മൃദു ഹിന്ദുത്വമല്ല

15 May 2023   |   7 min Read
ടി ജെ ശ്രീലാൽ

ർണാടക തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമല്ല. പക്ഷേ ഇത്ര മികച്ച വിജയം കോൺഗ്രസ് നേതൃത്വം പോലും പ്രതീക്ഷിച്ചിരുന്നില്ല. എക്സിറ്റ് പോളുകൾ പ്രവചിച്ചതിനേക്കാൾ വമ്പൻ വിജയം. പരാജയത്തിന്റെ കാരണം കണ്ടെത്താൻ ബിജെപി ശ്രമിച്ചാലും ഇല്ലെങ്കിലും ഈ വിജയ രഹസ്യം എന്താണെന്ന് കോൺഗ്രസ് പരിശോധിക്കണം. നാൽപ്പത്തഞ്ച് ശതമാനം വോട്ടോടെ 135 സീറ്റാണ് കർണാടകത്തിൽ കോൺഗ്രസ് നേടിയത്. ജയനഗർ അടക്കം ചില സീറ്റുകൾ കോൺഗ്രസിന് നഷ്ടപ്പെട്ടത് തീർത്തും ചെറിയ വോട്ടിനും. അതുകൊണ്ട് തന്നെ 2014 ന് ശേഷം ഒന്നോ രണ്ടോ  തിരഞ്ഞെടുപ്പുകളിലൊഴിച്ച് മറ്റെല്ലായിപ്പോഴും പരാജയത്തിന്റെ കാരണം കണ്ടെത്താനായി മാത്രം തലപുകച്ച കോൺഗ്രസ് ഇത്തവണ ഈ വൻവിജയത്തിന്റെ കാരണം പരിശോധിക്കണം. 

അപ്രതീക്ഷിത വിജയം എന്നതുകൊണ്ട് മാത്രമല്ല കോൺഗ്രസ് കാരണം പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നത്. എന്താണ് കോൺഗ്രസ് പാർട്ടിയിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് ജനങ്ങൾ വിധിച്ച തിരഞ്ഞെടുപ്പ് കൂടിയാണിത്. ജെഡിഎസ് എന്ന രാഷ്ട്രീയ പാർട്ടി കൂടി കർണാടകത്തിലുണ്ടെങ്കിലും ബിജെപിയും കോൺഗ്രസും തമ്മിൽ നേരിട്ട് ഏറ്റുമുട്ടിയ സംസ്ഥാനമാണ് കർണാടക. അവിടെ ബിജെപിയെ തുടച്ച് നീക്കി കോൺഗ്രസിനെ ജനങ്ങൾ അധികാരത്തിലെത്തിച്ചെങ്കിൽ അതിന് ചില കാരണങ്ങളുണ്ട്. ആ കാരണങ്ങൾ കോൺഗ്രസ് കണ്ടെത്തി അതിൽ നിന്ന് പാഠം ഉൾകൊണ്ട് മുന്നോട്ട് പോകണം. അതാണ് ഇപ്പോൾ ആ പാർട്ടിക്കും രാജ്യത്തിനും ആവശ്യം.


Representational Image: PTI

മതേതര വോട്ട്

സർക്കാർ വിരുദ്ധ തരംഗം ആഞ്ഞടിച്ചതാണ് കർണാടകത്തിൽ ബിജെപിയെ തറപറ്റിച്ചതെന്ന് വേണമെങ്കിൽ ഒറ്റവരിയിൽ പറയാം. എന്നാൽ സർക്കാർ വിരുദ്ധ തരംഗം മാത്രമല്ല കോൺഗ്രസിന് ഈ വമ്പൻ വിജയം സമ്മാനിച്ചത്. അതിന് കാരണങ്ങൾ വേറെയുണ്ട്. ഈ തിരഞ്ഞെടുപ്പിനെ കോൺഗ്രസ് സമീപിച്ചത് തന്നെ അസാധാരണ രീതിയിലായിരുന്നു. അതിൽ പ്രധാനം സംസ്ഥാന നേതൃത്വത്തിന് കോൺഗ്രസ് ഹൈക്കമാണ്ട് വഴിമാറി കൊടുത്തു എന്നതാണ്. രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയിൽ പോലും കാര്യങ്ങൾ തീരുമാനിച്ചത് സംസ്ഥാന നേതൃത്വമായിരുന്നു. കെ.പി.സി.സി പ്രസിഡണ്ട് ഡി.കെ.ശിവകുമാറും മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയും ഒറ്റക്കെട്ടായി നിന്നു എന്ന് മാത്രമല്ല ഒറ്റക്കെട്ടാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇതിനൊപ്പം നരേന്ദ്രമോദിയെ കടന്നാക്രമിക്കുന്ന പതിവ് പരിപാടിയിൽ നിന്ന് മാറി കർണാടകത്തിലെ ജനങ്ങളുടെ ആവശ്യങ്ങൾ മുന്നോട്ട് വച്ച് പ്രചാരണം നടത്തി. ഇതേ രീതി സ്വീകരിച്ച ഹിമാചൽ പ്രദേശിലും കോൺഗ്രസിന് അധികാരം തിരിച്ചു പിടിക്കാനായി എന്നത് കൂടി ഓർമ്മിപ്പിക്കുന്നു. സാധാരണ രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കുന്ന തിരഞ്ഞെടുപ്പ് രാഷ്ട്രീയ തന്ത്രങ്ങൾ തന്നെയാണ് ഇവയെല്ലാം. പക്ഷേ കോൺഗ്രസ് അത് തിരിച്ചറിയാൻ ഒരു പതിറ്റാണ്ടോളം എടുത്തു എന്നതാണ് വസ്തുത.

കർണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ തിരിച്ചറിവിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇതൊന്നുമല്ല. ബിജെപി തോൽപ്പിക്കാൻ പ്രധാന ആയുധമായി കോൺഗ്രസ് എടുത്തണിഞ്ഞ മൃദുഹിന്ദുത്വ കുപ്പായം കർണാടകത്തിൽ അവർ അഴിച്ചു വച്ചു. അധികാരത്തിൽ എത്തിയാൽ ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന പ്രഖ്യാപനം ന്യൂനപക്ഷങ്ങൾ മാത്രമല്ല ഭൂരിപക്ഷവും ഏറ്റെടുത്തു എന്നതാണ് കർണാടകയിലെ സർവ്വമേഖലകളിലും കോൺഗ്രസ് നേടിയ ആധിപത്യം തെളിയിക്കുന്നത്. കടുത്ത ഹിന്ദുത്വ വാദികൾ സംസ്ഥാനത്തെ പിന്നോട്ട് നടത്തുന്നതിനെതിരെ ഭൂരിപക്ഷ വിഭാഗങ്ങൾ അവർക്കുള്ള അതൃപ്തി പരസ്യമാക്കി. കിങ് മേക്കർ റോളിനായി കരുക്കൾ നീക്കിയ ജെഡിഎസ് ഒരു ഘട്ടത്തിലും ബിജെപിയേയും ഹിന്ദുത്വവാദികളേയും കടുത്ത ഭാഷയിൽ വിമർശിക്കാൻ തയ്യാറായില്ല എന്നത് കൂടി കണക്കിലെടുക്കുമ്പോൾ കോൺഗ്രസിന് ലഭിച്ച സ്വീകാര്യതയിൽ ഭൂരിപക്ഷ സമുദായത്തിന്റെ ഈ നിലപാടിനും സ്വാധീനമുണ്ടെന്ന് തിരിച്ചറിയുക.

മൃദു ഹിന്ദുത്വമല്ല മതേതര നിലപാടാണ് കോൺഗ്രസിൽ നിന്ന് ജനാധിപത്യ ഇന്ത്യ പ്രതീക്ഷിക്കുന്നതെന്ന് അവരെ ഓർമ്മിപ്പിക്കാൻ ഈ തിരഞ്ഞെടുപ്പിന് കഴിയണം. അത് തിരിച്ചറിഞ്ഞ് മുന്നോട്ട് പോകാൻ കോൺഗ്രസ് തയ്യാറാകണം. അല്ലാത്തപക്ഷം ഈ ജയം കർണാടകത്തിൽ തുടങ്ങി അവിടെ തന്നെ അവസാനിക്കും. ബിജെപിയെ എതിർക്കാനും ചെറുക്കാനുമുള്ള വജ്രായുധം മതേതരത്വം തന്നെയാണ്. അതിനുപകരം അവരുടെ കടുത്ത ഹിന്ദുത്വ പ്രചാരണത്തെ മൃദു ഹിന്ദുത്വം കൊണ്ട് നേരിട്ടതാണ് കോൺഗ്രസ് ചെയ്ത വിഢിത്തമെന്ന് കർണാടകയിലെ വോട്ടർമാരുടെ വിധിയെഴുത്തിലുണ്ട്. ന്യൂനപക്ഷങ്ങൾക്ക് സ്വാധീനമുള്ള തീരദേശ കർണാടകയിലും ഹൈദ്രാബാദ് കർണാടകയിലും മാത്രമല്ല കോൺഗ്രസ് ഈ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ചത്. പഴയ മൈസൂരു മേഖലയിൽ ഇത്തവണ നേടിയത് മുപ്പത്തി ഏഴു സീറ്റുകളാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇവിടെ ഇരുപത്തിയൊൻപത് സീറ്റുകൾ നേടിയത് ജെഡിഎസാണ്. ബിജെപിയേയും ജെഡിഎസിനേയും അട്ടിമറിച്ച് ഇവിടെ കോൺഗ്രസ് അധികം നേടിയത് പതിനേഴ് സീറ്റുകളാണ്. ഭൂരിപക്ഷ സമുദായങ്ങൾക്ക് മുൻതൂക്കമുള്ള മറ്റ് പ്രദേശങ്ങളിലും കോൺഗ്രസിന് ഇതേ വിജയം നേടാനായി. 


സിദ്ധരാമയ്യ, ഡി.കെ.ശിവകുമാർ | Photo : PTI

ജയം നൽകുന്ന ഊർജ്ജം

കർണാടകത്തിലെ ചരിത്ര വിജയം രാജ്യത്താകെയുള്ള കോൺഗ്രസ് പ്രവർത്തകർക്കും അനുഭാവികൾക്കും വലിയ ഊർജ്ജം പകരും സംശയമില്ല. അവരുടെ ആവേശം വാനോളം ഉയർത്തും. എന്നാൽ അതിനേക്കാൾ വലിയ ആവേശവും ആത്മവിശ്വാസവും ഈ തിരഞ്ഞെടുപ്പ് ചില കോൺഗ്രസ് നേതാക്കൾക്ക് നൽകും. 135 എന്ന സംഖ്യ ഏറ്റവും ആത്മവിശ്വാസവും ആവേശവും പകരുന്നത് സംസ്ഥാന നേതാക്കൾക്ക് തന്നെയാണ്. ഓപ്പറേഷനിലൂടെ താമര വിരിയിക്കാൻ ഇനി ബിജെപിക്ക് അത്ര എളുപ്പം സാധിക്കില്ല എന്നത് തന്നെ പ്രധാന കാരണം. കഴിഞ്ഞ തവണ ഒരു ഡസനോളം എംഎൽഎമാരെ കോൺഗ്രസിൽ നിന്ന് അടർത്തിയെടുത്താണ് ബിജെപി താമര ഓപ്പറേഷൻ നടത്തിയത്. ഇത്തവണ അത് പോര. ജെഡിഎസിന്റെ പൂർണ പിന്തുണ ലഭിച്ചാലും സർക്കാരുണ്ടാക്കാൻ ബിജെപിക്ക് പിന്നെയും വേണം മുപ്പതിലധികം എംഎൽഎമാർ. കഴിഞ്ഞ തവണത്തെ പർച്ചേസ് റേറ്റ് പരിഗണിച്ചാൽ പോലും ലക്ഷം കോടികൾ വേണ്ടിവരും ഇവരെ വശത്താക്കാൻ. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലും സത്യപ്രതിജ്ഞ ചെയ്യുന്നതിലുമെല്ലാം സാവകാശമുണ്ടായത് ഈ ആത്മവിശ്വാസം കൊണ്ടാണ്. 

കർണാടകത്തിലെ നേതാക്കൾക്ക് മാത്രമല്ല ഈ വിജയം ആത്മവിശ്വാസവും ആവേശവും നൽകുന്നത്. കേരളം അടക്കമുള്ള അയൽ സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതൃത്വത്തിനും ഈ വിജയം ആശ്വാസമാണ്. ബിജെപിക്കെതിരെ ഉറച്ച നിലപാടെടുത്ത് അവരെ പരാജയപ്പെടുത്താൻ കോൺഗ്രസിന് കഴിയുമെന്ന് ബിജെപി വിരുദ്ധരായ ഭൂരിപക്ഷ സമുദായ അംഗങ്ങൾക്കും ബിജെപിയെ ആശങ്കയോടെ നോക്കികാണുന്ന ന്യൂനപക്ഷ സമുദായ അംഗങ്ങൾക്കും മുന്നിൽ തെളിയിക്കാൻ ഈ തിരഞ്ഞെടുപ്പിലൂടെ കോൺഗ്രസിനായി. അവരുടെ വിശ്വാസം വീണ്ടെടുക്കാൻ ഈ തിരഞ്ഞെടുപ്പ് വിജയം സഹായിക്കും. കേരളം അടക്കം ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതൃത്വത്തിന് മറ്റൊരു ആശ്വാസം കൂടി ഈ തിരഞ്ഞെടുപ്പ് വിജയം സമ്മാനിക്കുന്നുണ്ട്. അടുത്ത ലോക്സഭ തിരഞ്ഞെടുപ്പ് നേരിടാനുള്ള സാമ്പത്തിക പ്രതിസന്ധിക്കുള്ള പരിഹാരം കൂടിയാണ് അവർക്ക് കർണാടകത്തിലെ സ്വന്തം സർക്കാർ.

ഈ ജയം ഊർജ്ജം നൽകുന്ന, ആശ്വാസമാകുന്ന പ്രധാനപ്പെട്ട നേതാവ് ഇവരാരുമല്ല. അത് കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ മല്ലികാർജ്ജുന ഖർഗെയാണ്. ദേശീയ അധ്യക്ഷനായി ചുമതലയേറ്റ ശേഷം ഖർഗെ മുന്നിൽ നിന്ന് നടത്തിയ തിരഞ്ഞെടുപ്പാണ് കർണാടകത്തിലേത്. മാത്രമല്ല സ്വന്തം സംസ്ഥാനവും. അറുപതുകളുടെ തുടക്കം മുതൽ കർണാടക രാഷ്ട്രീയത്തിൽ സജീവമാണ് മല്ലികാർജ്ജുന ഖർഗെ. 1999 ൽ എസ്.എം.കൃഷ്ണയ്ക്ക് വേണ്ടിയും 2004 ൽ ധരം സിങിന് വേണ്ടിയും 2013 ൽ സിദ്ധരാമയ്യയ്ക്ക് വേണ്ടിയും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറി നിന്ന നേതാവ്. അങ്ങനെ സംസ്ഥാന രാഷ്ട്രീയത്തിൽ എന്നും സജീവമായിരുന്നു ഖർഗെ. ആ ഖർഗെ ദേശീയ പ്രസിഡണ്ടായി നിന്ന് വിജയിപ്പിച്ച തിരഞ്ഞെടുപ്പ് കൂടിയാണ് കർണാടകത്തിൽ ഇത്തവണ നടന്നത്. ഈ വിജയം പാർട്ടി അധ്യക്ഷനെന്ന നിലയ്ക്ക് ഖർഗെയുടെ അധികാരം കൂടുതൽ ഉറപ്പിക്കും. പ്രത്യേകിച്ച് ദളിത് പിന്നാക്ക വോട്ടുകൾ ഈ തിരഞ്ഞെടുപ്പിൽ ഉറപ്പാക്കാൻ ദളിത് നേതാവ് കൂടിയായ ഖർഗെയ്ക്ക് കഴിഞ്ഞു എന്നത് കൂടി കണക്കിലെടുക്കുമ്പോൾ. ബിജെപിയെ തറപറ്റിച്ച് കർണാടത്തിൽ കോൺഗ്രസിനെ അധികാരത്തിലേറ്റിയ ദേശീയ അധ്യക്ഷനാണ് ഇനി മല്ലികാർജ്ജുന ഖർഗെ. പ്രവർത്തക സമിതിയിലേക്കും എഐസിസിയിലേക്കും പുതിയ അംഗങ്ങളെ നിർദ്ദേശിക്കുമ്പോൾ ഉറച്ച നിലപാടെടുക്കാൻ ഈ തിരഞ്ഞെടുപ്പ് വിജയം അദ്ദേഹത്തെ സഹായിക്കും. ഗാന്ധി കുടുംബത്തിന്റെ ഔദാര്യകസേരയിലല്ല താൻ ഇരിക്കുന്നതെന്ന് രാഹുൽ ഭക്തരുടെ മുഖത്ത് നോക്കി ഇനി ഖാർഗേയ്ക്ക് പറയാം. 


മല്ലികാർജ്ജുന ഖർഗെ | Photo : PTI

പരാജയം, പ്രതിസന്ധി

ഹിമാചൽ പ്രദേശിൽ കോൺഗ്രസിനോടു ഏറ്റ തോൽവി പോലെയല്ല കർണാടകത്തിൽ കോൺസിനോട് ഏറ്റ തോൽവി. പാർട്ടി നിലം പരിശായി. ഒരു ഓപ്പറേഷനിലൂടേയും തിരിച്ചു പിടിക്കാനാകാത്ത പരാജയം. പണവും സ്വാധീനവുമുപയോഗിച്ച് പിൻവാതിലിലൂടെ പിടിച്ചെടുത്ത അധികാരം തിരഞ്ഞെടുപ്പിലൂടെ കോൺഗ്രസ് തിരിച്ചു പിടിച്ചതിന്റെ നാണക്കേട്. നാളിതുവരെ അലങ്കാരമായി കൊണ്ട് നടന്ന അഴിമതിരഹിത ഭരണം എന്ന അവകാശവാദം തരിപ്പണമായി എന്നതാണ് ഇതിനെല്ലാം അപ്പുറം ബിജെപിയെ പ്രതിസന്ധിയിലാക്കുന്നത്. നാൽപത് ശതമാനം സർക്കാർ എന്ന അഴിമതി ആരോപണം ശരിവയ്ക്കുന്നതാണ് ഈ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയമെന്ന കോൺഗ്രസിന്റെയും മറ്റു പ്രതിപക്ഷ പാർട്ടികളുടേയും ആരോപണത്തെ ചെറുക്കാനോ ആക്രമിച്ച് പരാജയപ്പെടുത്താനോ സാധിക്കാത്തത്ര ദുർബലമായിരിക്കുകയാണ് കർണാടകത്തിൽ ബിജെപി. ഈ ആരോപണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാൻ പ്രതിപക്ഷത്തിന് എളുപ്പം കഴിയും. അധികാരത്തിലിരുന്ന് ജനവിധി തേടാൻ പോകുന്ന മധ്യപ്രദേശിൽ ഇത്തരം അഴിമതി ആരോപണങ്ങൾ പ്രതിപക്ഷം ഉയർത്തിയാൽ അതിന് വിശ്വാസ്യത ഏറും. 

പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു കർണാടത്തിലും ബിജെപിയുടെ പ്രധാന പ്രചാരകൻ. ആഭ്യന്തരമന്ത്രി അമിത് ഷായായിരുന്നു കർണാടകത്തിലും തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞത്. ദേശീയ അധ്യക്ഷൻ ജെ പി നഢയും മറ്റു നേതാക്കളുമെല്ലാം ഇവർക്കായി അടിസ്ഥാനമൊരുക്കുന്നതിന് മാത്രമായിരുന്നു. അതുകൊണ്ട് തന്നെ നേതാക്കൾ എത്ര ശ്രമിച്ചാലും ഈ പരാജയത്തിന്റെ ഉത്തരവാദിത്ത്വത്തിൽ നിന്ന് ഈ രണ്ട് നേതാക്കൾക്കും മാറി നിൽക്കാനാകില്ല. കർണാടകത്തിൽ നടന്നത് സംസ്ഥാന വിഷയങ്ങളിലൂന്നിയ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പാണെന്ന പതിവ് പല്ലവിയൊന്നും മതിയാകില്ല ന്യായീകരണത്തിന്. പ്രധാനമന്ത്രി തലങ്ങും വിലങ്ങും ഓടി നടന്ന് പ്രചാരണം നടത്തിയ ബംഗളൂരു മേഖലയിൽ ബിജെപിക്ക് ആധിപത്യം നേടാനായത് മാത്രമാണ് ഏകപ്രതിരോധ ആയുധം. ബംഗളൂരു മേഖലയിലെ 22 മണ്ഡലങ്ങളിലൂടേയും നരേന്ദ്രമോദി റോഡ് ഷോ നടത്തിയിരുന്നു. പക്ഷേ അപ്പോഴും തന്ത്രങ്ങൾ മെനഞ്ഞ അമിത് ഷായുടെ പരാജയം മറയ്ക്കാൻ തൊടുന്യായം പറയാൻ പോലും സംസ്ഥാന ദേശീയ നേതൃത്വത്തിന് കഴിയുന്നില്ല. 

അമിത് ഷായുടേയും ബിജെപിയുടേയും കർണാടക തിരഞ്ഞെടുപ്പ് തന്ത്രത്തിൽ അത്ര വലിയ പാളിച്ചയാണുണ്ടായത്. കാലങ്ങളായി പാർട്ടിയെ കണ്ണുരുട്ടി വരുതിക്ക് നിറുത്തിയിരുന്ന ലിംഗായത്തുകളെ പാഠം പഠിപ്പിക്കാനിറങ്ങിയതാണ് അതിൽ ഏറ്റവും വലിയ വീഴ്ച. യെദ്യൂരപ്പയെ മാറ്റാൻ തീരുമാനിച്ചപ്പോൾ ലിംഗായത്തുകളുടെ കടുത്ത സമ്മർദ്ദം മൂലമാണ് ബസവരാജ് ബൊമ്മെയെ മുഖ്യമന്ത്രിയാക്കേണ്ടി വന്നത്. ബൊമ്മെയുടെ കഴിവില്ലായ്മയാണ് കടുത്ത സർക്കാർ വിരുദ്ധ തരംഗത്തിനും അഴിമതി ആരോപണത്തിനും ഇടയാക്കിയതെന്നാണ് ദേശീയ നേതൃത്വം വിലയിരുത്തിയത്. കാരണമറിയാമെങ്കിലും നടപടിയെടുക്കാൻ കഴിയാതെ ലിംഗായത്ത് നേതാക്കളുടെ നിലപാടിനൊപ്പം പോകേണ്ടി വന്നു ബിജെപിക്ക്. ഇതോടെയാണ് ഈ തിരഞ്ഞെടുപ്പിൽ ലിംഗായത്ത് വിഭാഗത്തെ ഒഴിവാക്കി ദളിത് ആദിവാസി മറ്റു പിന്നാക്ക വിഭാഗങ്ങളെ ഒപ്പം കൂട്ടാൻ ബിജെപി ശ്രമിച്ചത്. പക്ഷേ കൈയ്യിലുണ്ടായിരുന്നത് പോകുകയും ചെയ്തു, ഉത്തരത്തിലിരുന്നതൊട്ടു കിട്ടിയുമില്ല. 


നരേന്ദ്രമോദി | Photo: PTI

ലിംഗായത്ത് സമുദായം പിണങ്ങി പോകുകയും ചെയ്തു. മറ്റു വിഭാഗങ്ങൾ ഒപ്പം കൂടിയതുമില്ല. ഇതാണ് ഇപ്പോൾ കർണാടകത്തിൽ ബിജെപിയുടെ അവസ്ഥ. പ്രത്യേക സംവരണം ഉൾപ്പടെയുള്ള പ്രഖ്യാപനങ്ങൾ നടത്തിയിട്ടും ദളിത് ആദിവാസി വിഭാഗങ്ങൾ ബിജെപിയെ വിശ്വസിച്ചില്ല. പിന്നാക്ക സെൻസസിനെ രാജ്യവ്യാപകമായി എതിർക്കുന്ന ബിജെപി കർണാടകത്തിൽ ദളിത് സംവരണം പ്രഖ്യാപിച്ചതിലെ പൊള്ളത്തരം അവർ വേഗം തിരിച്ചറിഞ്ഞു. ലിംഗായത്ത് സമുദായം കൈവിട്ടതിനെക്കാൾ ബിജെപിയെ ആശങ്കയിലാക്കുന്നത് അവർ കോൺഗ്രസിന് പിന്തുണ നൽകിയെന്നതാണ്. യെദ്യൂരപ്പയുടെ തട്ടകമായ മധ്യകർണാടകത്തിൽ പോലും ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ടു. ഇവിടുള്ള 28 സീറ്റിൽ ബിജെപിക്ക് ലഭിച്ചത് ആറെണ്ണം മാത്രമാണ്. 21 സീറ്റുകൾ കോൺഗ്രസ് കൊണ്ടു പോയി. കഴിഞ്ഞ തവണ 23 സീറ്റായിരുന്നു ബിജെപി ഇവിടെ നേടിയത്. ലിംഗായത്തുകൾ ബിജെപിയെ കൈവിട്ടപ്പോൾ ഡി.കെ.ശിവകുമാറിന്റെ വൊക്കലിഗ സമുദായവും, സിദ്ദരാമയ്യയുടെ കുറുബ സമുദായവും കോൺഗ്രസിനൊപ്പം തന്നെ നിന്നു. ഇങ്ങനെ ലിംഗായത്തും, വൊക്കലിഗയും പിന്നാക്ക വിഭാഗങ്ങളും ദളിത് ആദിവാസി ന്യൂനപക്ഷ വിഭാഗങ്ങളും ബിജെപി കൈവിട്ടതാണ് ഇത്ര വലിയ തിരിച്ചടിക്ക് ഇടയാക്കിയത്. അതിനുള്ള കാരണം അമിത് ഷായുടെ പാളിപ്പോയ തിരഞ്ഞെടുപ്പ് തന്ത്രവും. 

ഇത്ര കനത്ത പരാജയമാണെങ്കിലും, സംസ്ഥാന തിരഞ്ഞെടുപ്പിലേറ്റ പരാജയത്തെക്കാൾ ബിജെപി ദേശീയ നേതൃത്വത്തെ അലട്ടുന്നത് അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പാണ്. 28 ലോക്സഭ സീറ്റുകളാണ് കർണാടത്തിലുള്ളത്. ഇതിൽ 25 സീറ്റുകളും കഴിഞ്ഞ തവണ നേടിയത് ബിജെപിയാണ്. കോൺഗ്രസിനും ജെഡിഎസിനും ഒരോ സീറ്റ് ലഭിച്ചു.  നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിൽ കണക്കെടുപ്പ് നടത്തിയാൽ കഴിഞ്ഞ തവണ ലഭിച്ച ഇരുപത്തി അഞ്ച് സീറ്റീൽ ഇരുപത്തിയൊന്നും ബിജെപിക്ക് നഷ്ടമാകും. സംസ്ഥാനത്തെ സർവ്വ വിഭാഗങ്ങളും പാർട്ടിക്ക് എതിരായി നിൽകുന്ന സാഹചര്യത്തിൽ, നിയമസഭ തിരഞ്ഞെടുപ്പുകൾ പ്രാദേശിക വിഷയങ്ങളിലൂന്നിയാണ് നടക്കുന്നതെന്ന ന്യായം നിരത്തിയാലൊന്നും ഈ പ്രതിസന്ധി മറയ്ക്കാനാകില്ല. പരമാവധി സീറ്റുകൾ വിജയിച്ച വടക്കേയിന്ത്യയിലെ തട്ടകങ്ങളിൽ ചിലയിടത്തെങ്കിലും തിരിച്ചടി പ്രതീക്ഷിക്കുന്ന ബിജെപിക്ക് കർണാടകത്തിലെ ഈ പ്രതിസന്ധി ഇരുട്ടടിയാകുന്നതും അതുകൊണ്ടാണ്. ഈ പ്രതിസന്ധി മറികടക്കാൻ ലിംഗായത്ത് സമുദായത്തിന് മുന്നിൽ ബിജെപി നേതൃത്വം മുട്ടുകുത്തുന്നതടക്കമുള്ള നടപടികൾ വരും ദിവസങ്ങളിലുണ്ടായേക്കാം. അതുൾപ്പടെയുള്ള പരിഹാരക്രിയങ്ങൾ അധികം നീട്ടികൊണ്ട് പോകാൻ ബിജെപി നേതൃത്വത്തിന് സാധിക്കില്ല. 

ലോക്സഭ തിരഞ്ഞെടുപ്പിൽ മാത്രമല്ല കർണാടത്തിലെ കനത്ത പരാജയം ദേശീയ തലത്തിൽ ബിജെപിയെ പ്രതിസന്ധി ഉയർത്തുന്നത്. രാജ്യസഭയിൽ കൂടിയാണ്. കർണാടത്തിൽ ആകെ 12 രാജ്യസഭ സീറ്റുകളാണുള്ളത്. ഇതിൽ നിലവിൽ 6 സീറ്റുകൾ ബിജെപിക്കാണ്. ധനമന്ത്രി നിർമ്മല സീതാരാമനും, കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖറുമൊക്ക ഇതിൽപെടും. ബാക്കിയുളളതിൽ 5 സീറ്റ് കോൺഗ്രസിനും ഒരു സീറ്റ് ജെഡിഎസിനുമാണ്. നിലവിലെ എംഎൽഎമാരുടെ എണ്ണം കണക്കിലെടുക്കുമ്പോൾ കർണാടത്തിൽ ഇനി ഒഴിവു വരുന്ന ഭൂരിപക്ഷം സീറ്റുകളും കോൺഗ്രസിന് അനായാസം വിജയിക്കാനാകും. അതായത് കോൺഗ്രസ് മുക്ത ഇന്ത്യയെന്ന മുദ്രാവാക്യം ബിജെപി ആദ്യം നടപ്പിലാക്കാൻ ശ്രമിച്ച് രാജ്യസഭയിൽ കോൺഗ്രസിന്റെ അംഗബലം കൂടുമെന്ന് സാരം. ഇങ്ങനെ ബിജെപിയുടെ പലതല നീക്കങ്ങളും തന്ത്രങ്ങളും അട്ടിമറിക്കപ്പെട്ട തിരഞ്ഞെടുപ്പ് കൂടിയാണ് കർണാടകത്തിൽ നടന്നത്.


Representational image: PTI

ഇനിയെന്ത്

എല്ലാ രീതിയിലും അനുകൂല സാഹചര്യമാണ് കർണാടത്തിൽ ഇപ്പോൾ കോൺഗ്രസിനുള്ളത്. പക്ഷേ രാവുണ്ടെന്ന് കരുതി വെളുക്കുവോളം കക്കരുത് എന്ന ചൊല്ല് മറക്കാതിരുന്നാൽ നന്ന്. മുഖ്യമന്ത്രിയെ ചൊല്ലി ചില തർക്കങ്ങൾ ഉണ്ടാകുന്നതിലൊന്നും തെറ്റില്ല. എത്ര വലിയ വിജയം നേടിയാലും കോൺഗ്രസിന് അതിന്റെ പരമ്പരാഗത രീതികൾ മാറ്റാനാകില്ല. പക്ഷേ സംസ്ഥാന നേതാക്കളും കോൺഗ്രസ് ഹൈക്കമാണ്ടും എപ്പോഴും ഓർക്കേണ്ട ചില ഓർമ്മപ്പെടുത്തലുകൾ ഈ തിരഞ്ഞെടുപ്പ് നൽകുന്നുണ്ട്. അതിലൊന്ന് ഐക്യമാണ് ഈ വിജയം സമ്മാനിച്ചത് എന്നതാണ്. അതുപോലെ തന്നെ സംസ്ഥാന നേതൃത്വത്തിന് പൂർണ അധികാരം നൽകിയതും ഈ വിജയത്തിന്റെ മാറ്റ് കൂട്ടി. ഡൽഹിയിലിരുന്ന് ചരട് വലിച്ച് ആ മാറ്റ് കളയരുത്. രാജസ്ഥാനിൽ നടക്കുന്ന നാടകങ്ങളുടെ സ്ക്രിപ്റ്റ് ഡൽഹിയിൽ എഴുതിയതാണെന്ന ആരോപണം ശക്തമാണെന്ന് കൂടി കണക്കിലെടുത്താണ് ഈ ഓർമ്മപ്പെടുത്തൽ.

#outlook
Leave a comment