ROBERT VADRA | PHOTO: PTI
അമേഠിയില്‍ മത്സരിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിക്കുന്നു; രാഷ്ട്രീയ പ്രവേശനത്തിന് സൂചന നല്‍കി റോബര്‍ട്ട് വാധ്‌ര
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വീണ്ടും സൂചന നല്‍കി വ്യവസായിയും പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാധ്‌ര. അമേഠിയും റായ്ബറേലിയും ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിക്കുന്നതായും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഗ്രഹം പ്രകടിപ്പിക്കുന്നതായും വാധ്‌ര വ്യക്തമാക്കി. താന്‍ രാഷ്ട്രീയത്തില്‍ വന്നാല്‍ വികസനം ഉണ്ടാകുമെന്നും തൊഴിലില്ലായ്മ പരിഹരിക്കപ്പെടുമെന്നും ജനങ്ങള്‍ വിശ്വസിക്കുന്നുണ്ടെന്ന് വാധ്‌ര പറഞ്ഞു.
അമേഠിയിലോ റായ്ബറേലിയിലോ പ്രിയങ്കാ ഗാന്ധി മത്സരിച്ചേക്കാമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് റോബര്‍ട്ട് വാധ്‌ര രാഷ്ട്രീയ പ്രവേശനം നടത്തിയേക്കാമെന്ന സൂചനകള്‍ ശക്തിപ്പെടുന്നത്. പ്രിയങ്കയും പാര്‍ലമെന്റില്‍ എത്തണമെന്ന ആഗ്രഹവും വാധ്‌ര പ്രകടിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി അധ്യക്ഷ അടക്കമുള്ള പദവികള്‍ക്ക് പ്രിയങ്ക അര്‍ഹയാണെന്നും എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും വാധ്‌ര പറഞ്ഞു.
തെറ്റ് തിരുത്താന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നു
ബിജെപി നേതാവ് സ്മൃതി ഇറാനിയെ തെരഞ്ഞെടുത്ത തെറ്റ് തിരുത്താനാണ് ജനങ്ങള്‍ തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെടുന്നതെന്ന് റോബര്‍ട്ട് വാധ്‌ര പറഞ്ഞു. എന്നാല്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിച്ചാല്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും തനിക്ക് ജനങ്ങളുമായി ഇടപഴകാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുക നിര്‍ബന്ധമല്ലെന്നും വാധ്‌ര വ്യക്തമാക്കി. നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളെ വേട്ടയാടുകയാണെന്നും മോദിക്ക് കീഴില്‍ നടക്കുന്നത് ജനാധിപത്യത്തിന് പകരം ഏകാധിപത്യമാണെന്നും വാധ്‌ര പ്രതികരിച്ചു.