TMJ
searchnav-menu
post-thumbnail

TMJ Daily

ഭരണത്തിന്റെ സ്വാദ് ശരിയായ തോതില്‍ അനുഭവിക്കാന്‍ ജനങ്ങള്‍ക്ക് കഴിയണം: പിണറായി

09 Dec 2024   |   1 min Read
TMJ News Desk

രണത്തിന്റെ സ്വാദ് ശരിയായ തോതില്‍ അനുഭവിക്കാന്‍ ജനങ്ങള്‍ക്ക് കഴിയണമെന്നും അതിനുള്ള സാഹചര്യമൊരുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേഗതക്കുറവെന്ന പരാതിയുണ്ടാകാതെ കാര്യങ്ങള്‍ തീര്‍പ്പാക്കണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞു. വഴിവിട്ട നടപടികള്‍ക്ക് പ്രത്യേക അവകാശമുണ്ടെന്ന പെരുമാറ്റ രീതി ചില ഓഫീസുകളിലും മേഖലകളിലുമുണ്ടെന്നും അത് നാട് ആഗ്രഹിക്കുന്ന കാര്യമല്ലെന്നും സര്‍ക്കാര്‍ അത് അംഗീകരിക്കില്ലെന്നും അതിന് എതിരെ സര്‍ക്കാര്‍ കര്‍ക്കശ നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങള്‍ക്കായി നടപ്പാക്കുന്ന നല്ല കാര്യങ്ങള്‍ അവര്‍ അറിഞ്ഞു പോയാല്‍ സര്‍ക്കാരിന് ഗുണകരമായാലോ എന്ന് ചിന്തിക്കുന്ന ചിലരുണ്ടെന്നും ചിലരുടെ താത്പര്യം സംരക്ഷിക്കുന്ന പ്രത്യേകതരത്തിലെ പ്രചാരണമാണ് അത്തരം സന്ദര്‍ഭങ്ങളില്‍ നടക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. നെഗറ്റീവ് ചിന്തയും നിഷേധാത്മക നിലപാടും വളര്‍ത്തിക്കൊണ്ടുവരികയാണ് അത്തരക്കാരുടെ ലക്ഷ്യം. എന്നാല്‍ ജനങ്ങള്‍ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വിധിയെഴുത്തു നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നടപ്പാക്കിയ നല്ല കാര്യങ്ങള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്ന രീതി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉദ്യോഗസ്ഥര്‍ അര്‍പ്പണബോധത്തോടെ കാര്യങ്ങള്‍ നിര്‍വഹിക്കണം. ഫയലുകള്‍ ഇപ്പോഴും കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ട്. അത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ വലിയ ശ്രമം നടത്തും. സെക്രട്ടറിയേറ്റിലും മറ്റ് ഓഫീസുകളിലും ഇതിനായി ഇടപെടലുണ്ടാകും. ജനങ്ങളുടെ ദാസന്‍മാരായാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കേണ്ടത്. സേവനം ജനങ്ങളുടെ അവകാശമാണ്. അതിനാലാണ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ വേളയില്‍ ഓരോ ഫയലിന് പിന്നിലും ഒരു ജീവിതമുണ്ടെന്ന് ജീവനക്കാരെ ഓര്‍മപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.


#Daily
Leave a comment