
പെരിയ ഇരട്ടക്കൊല: 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം
കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ പത്ത് പ്രതികള്‍ക്ക് സിബിഐ പ്രത്യേക കോടതി ഇരട്ട ജീവപര്യന്തം വിധിച്ചു. ഒന്നു മുതല്‍ എട്ടുവരെയുള്ള പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ അടക്കം നാല് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും വിധിച്ചു. 2019 ഫെബ്രുവരി 17-നാണ് സംഭവം നടന്നത്.
ഒന്നു മുതല്‍ എട്ടുവരെ പ്രതികളായ എ പീതാംബരനും സജി സി ജോര്‍ജിനും കെ എം സുരേഷിനും, കെ അനില്‍ കുമാറിനും, ഗിജിന്‍, ആര്‍ ശ്രീരാഗിനും എ അശ്വിനും സുബീഷിനും 10-ാം പ്രതി ടി രഞ്ജിത്തിനും 15-ാം പ്രതി എ സുരേന്ദ്രനുമാണ് ഇരട്ട ജീവപര്യന്തം ലഭിച്ചത്. ഒന്നു മുതല്‍ എട്ടുവരെയുള്ള പ്രതികള്‍ക്കെതിരെയുള്ള കൊലപാതകക്കുറ്റം ചെയ്തതായി കോടതി കണ്ടെത്തിയിരുന്നു. സിപിഐഎമ്മിന്റെ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ് എ പീതാംബരന്‍.
മുന്‍ ഉദുമ എംഎല്‍എയും സിപിഐഎം നേതാവുമായ കുഞ്ഞിരാമനെ കൂടാതെ കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, കെ വി ഭാസ്‌കരന്‍ എന്നിവര്‍ക്കാണ് അഞ്ച് വര്‍ഷം കഠിന തടവ് ലഭിച്ചത്. പൊലീസ് കസ്റ്റഡിയില്‍ നിന്നും പ്രതിയെ കടത്തിക്കൊണ്ടുപോയിയെന്ന കുറ്റമാണ് മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്റെ പേരിലുള്ളത്.