TMJ
searchnav-menu
post-thumbnail

TMJ Daily

പെരിയ ഇരട്ടക്കൊലക്കേസ് വിധി: സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്

28 Dec 2024   |   1 min Read
TMJ News Desk

പെരിയ ഇരട്ടക്കൊലപാതക കേസില്‍ മുന്‍ എംഎല്‍എ അടക്കമുള്ള സിപിഐഎം പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന വിധിക്ക് പിന്നാലെ സംസ്ഥാന സര്‍ക്കാരിനും കോണ്‍ഗ്രസിനും എതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്.

സിബിഐ അന്വേഷണം ഒഴിവാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ച പൊതു ഖജനാവിലെ ഒരു കോടിയോളം രൂപ സി പി എം സംസ്ഥാന കമ്മിറ്റി സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സി പി എം തീവ്രവാദി സംഘടനകളെക്കാള്‍ ക്രൂരമായി കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യുന്ന പാര്‍ട്ടിയാണെന്നും മുഖ്യമന്ത്രിയും പാര്‍ട്ടിയും ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പെരിയ ഇരട്ടക്കൊല കേസില്‍ കൊലക്കുറ്റവും ഗുഢാലോചനയും തെളിഞ്ഞതായുള്ള സി.ബി.ഐ. കോടതിവിധി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കേറ്റ കനത്ത പ്രഹരമാണന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ പറഞ്ഞു. ക്രിമിനല്‍ കുറ്റവാളികള്‍ക്കെതിരെ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പുവരുത്താന്‍ ബാധ്യസ്ഥമായ ആഭ്യന്തരവകുപ്പ് അതിന് ശ്രമിക്കുന്നതിനു പകരം കുറ്റവാളികളെ രക്ഷിക്കുന്നതിന് സി.ബി.ഐ. അന്വേഷണത്തിനെതിരെ സുപ്രിംകോടതിയെവരെ സമീപിക്കാന്‍ തയ്യാറായത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.

നിയമം നടപ്പാക്കുന്നതിനു പകരം നിയമ ലംഘകര്‍ക്ക് രക്ഷാ കവചം ഒരുക്കിയ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് തല്‍സ്ഥാനത്ത് തുടരാനുള്ള അര്‍ഹത തീര്‍ത്തും നഷ്ടപ്പെട്ടിരിക്കുകയാണെന്നും ഈസാഹചര്യത്തില്‍ എത്രയും പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസില്‍ ഇന്നാണ് 24 പ്രതികളില്‍ 14 പേര്‍ കുറ്റക്കാരാണെന്ന് സിബിഐ പ്രത്യേക കോടതി കണ്ടെത്തിയത്.


#Daily
Leave a comment