പെരിയാര്‍ മത്സ്യക്കുരുതി: റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കുഫോസ്, വെള്ളത്തില്‍ അമിത രാസസാന്നിധ്യം കണ്ടെത്തി
പെരിയാര്‍ മത്സ്യക്കുരുതിയില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കേരള മത്സ്യബന്ധന സമുദ്ര ഗവേഷണ സര്‍വകലാശാല (കുഫോസ്). സള്‍ഫൈഡ്, അമോണിയ തുടങ്ങിയ രാസവസ്തുക്കള്‍ വെള്ളത്തില്‍ കലര്‍ന്നതാണ് മത്സ്യക്കുരുതിക്ക് കാരണമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പെരിയാറിന്റെ തീരത്തായി പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളില്‍ നിന്നുള്ള രാസമാലിന്യം വെള്ളത്തില്‍ കലര്‍ന്നിട്ടുണ്ടെന്ന് കുഫോസ് വ്യക്തമാക്കി. എഐ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള നിരീക്ഷണ സംവിധാനങ്ങളൊരുക്കണമെന്നും കുഫോസ് നിര്‍ദേശിച്ചു. അതിവേഗം രാസമാലിന്യം പെരിയാറില്‍ കലര്‍ന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയതെന്നാണ് കണ്ടെത്തല്‍.
സര്‍ക്കാര്‍ വാദം
പാതാളം ബണ്ട് തുറന്നതോടെ വെള്ളത്തില്‍ മാലിന്യമടിഞ്ഞതും വെള്ളത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതുമാണ് മത്സ്യങ്ങള്‍ ചത്ത് പൊങ്ങാന്‍ കാരണമായതെന്നായിരുന്നു മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണ്ടെത്തല്‍. ഈ വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഓക്‌സിജന്‍ അളവ് കുറഞ്ഞുവെന്ന കാരണം തന്നെയാണ് കുഫോസ് റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടിയത്. എന്നാല്‍ അതിനുള്ള കാരണം രാസവസ്തുക്കളുടെ അമിത സാന്നിധ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളത്തിന്റെ സാംപിളും മത്സ്യ സാംപിളും ശേഖരിച്ച് നടത്തിയ പരിശോധനയില്‍ ഇക്കാര്യം വ്യക്തമാണെന്ന് കുഫോസ് ചൂണ്ടിക്കാട്ടുന്നു.
രാസമാലിന്യങ്ങള്‍ക്കൊപ്പം ജൈവമാലിന്യങ്ങളും പെരിയാറില്‍ കലരുന്നുണ്ട്. അറവുശാല മാലിന്യം, ആശുപത്രി മാലിന്യമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. അപകടകരമായ അളവില്‍ കീടനാശിനി സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും നാഷണല്‍ എന്‍വയോണ്‍മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും നടത്തിയ പഠനങ്ങളിലാണ് കീടനാശിനി സാന്നിധ്യം കണ്ടെത്തിയത്.