TMJ
searchnav-menu
post-thumbnail

PHOTO: PTI

TMJ Daily

ഹൈക്കോടതിയുടെ സ്ഥിരബെഞ്ച് തലസ്ഥാനത്ത് വേണം; സ്വകാര്യ ബില്‍ അവതരിപ്പിച്ച് ശശി തരൂര്‍

05 Aug 2023   |   2 min Read
TMJ News Desk

ഹൈക്കോടതിയുടെ സ്ഥിരബെഞ്ച് തലസ്ഥാനമായ തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്ന് ശശി തരൂര്‍ എംപി. ഇതു സംബന്ധിച്ച് വെള്ളിയാഴ്ച ലോക്‌സഭയില്‍ അദ്ദേഹം സ്വകാര്യ ബില്‍ അവതരിപ്പിച്ചു. സര്‍ക്കാര്‍ കക്ഷികളാകുന്ന കേസുകളില്‍ ഹൈക്കോടതിയില്‍ ഹാജരാവാന്‍ ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ ബില്‍ അവതരിപ്പിച്ച വിവരം തന്റെ ഫേസ്ബുക്കിലൂടെ അദ്ദേഹം ജനങ്ങളെ അറിയിച്ചു.

വളരെക്കാലത്തെ ആവശ്യം

'തിരുവനന്തപുരത്തിന്റെ എംപി എന്ന നിലക്ക് കേരള ഹൈക്കോര്‍ട്ടിന്റെ ഒരു സ്ഥിരബെഞ്ച് തിരുവനന്തപുരത്ത് സ്ഥാപിക്കാന്‍ വേണ്ടി Establishment of a Permanent Bench in Thiruvananthapuram ഇന്നലെ ലോക്‌സഭയില്‍ അവതരിപ്പിച്ചു. കേരള ഹൈക്കോര്‍ട്ടിന്റെ ഒരു സ്ഥിര ബെഞ്ച് തലസ്ഥാനമായ  തിരുവനന്തപുരത്ത് വേണമെന്നത് വളരെക്കാലമായിട്ടുള്ള ആവശ്യമാണ്. കേരളസംസ്ഥാനം തന്നെ പല കേസുകളുടെയും കക്ഷിയാണ്. അത്തരം കേസുകളില്‍ ഒഫീഷ്യല്‍സിന് ലീവിനും യാത്രക്കുമുള്ള ചെലവും അതിനുള്ള പ്രയാസവും തന്നെ കണക്കിലെടുത്താല്‍ കക്ഷികള്‍ക്കും സാക്ഷികള്‍ക്കും ബുദ്ധിമുട്ടില്ലാതെ തന്നെ നീതി നടപ്പിലാക്കാനും ഖജനാവിന് കൂടുതല്‍ പരിക്കേല്‍പ്പിക്കാതിരിക്കാനും തിരുവനന്തപുരത്ത് ഒരു ബെഞ്ച് സ്ഥാപിക്കുന്നതാണ് ഏറ്റവും അനുയോജ്യം. അതുകൊണ്ട് തന്നെ തിരുവനന്തപുരത്തിന് വേണ്ടിയും സംസ്ഥാനത്തിന് വേണ്ടിയും ഒരു പ്രൈവറ്റ് മെമ്പര്‍ ബില്ല് ഇന്നലെ അവതരിപ്പിച്ചു. ഇത് ഈ ആവശ്യത്തിന് വേണ്ടിയുള്ള എന്റെ പല പരിശ്രമങ്ങള്‍ക്കും ഇതിന് മുമ്പവതരിപ്പിച്ച 'എല്ലാ സംസ്ഥാനങ്ങളുടെയും തലസ്ഥാനങ്ങളില്‍ HC ബെഞ്ചുകള്‍ വേണമെന്ന ബില്ലിനും (അത് 2019 ലെ ലോക്‌സഭ പിരിച്ചുവിട്ടതോടെ കാലാവശേഷമായി) ശേഷം നടത്തിയ പരിശ്രമമാണ്. ഈ ബില്‍ പാസാക്കാനും അത് മൂലം കേരളത്തിന്റെ തെക്കന്‍ ജില്ലകളിലുള്ളവരുടെ, വിശിഷ്യാ തിരുവനന്തപുരത്തുള്ള, ജനങ്ങളുടെ ആവശ്യം നിറവേറ്റാനും ഞാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു' എന്ന് ശശി തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വിവാദത്തിലായ ഹൈബിയുടെ ബില്‍ 

എറണാകുളം എംപി ഹൈബി ഈഡന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച സ്വകാര്യബില്‍ വിവാദം സൃഷ്ടിച്ചിരുന്നു. സംസ്ഥാനത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് മാറ്റണം എന്നായിരുന്നു ബില്ലില്‍ ഹൈബി ആവശ്യപ്പെട്ടത്. എന്നാല്‍ ബില്ലിന്മേല്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം തേടി ചീഫ് സെക്രട്ടറിക്ക് കേന്ദ്രം കത്തയക്കുകയും സംസ്ഥാന സര്‍ക്കാര്‍ ആവശ്യം നിരാകരിക്കുകയും ചെയ്തു. 

ബില്ലിനെ എതിര്‍ത്ത് കോണ്‍ഗ്രസ് നേതാക്കളും രംഗത്ത് വന്നിരുന്നു. ഹൈബിയുടെ ആവശ്യം പ്രായോഗികമല്ല എന്നാണ് ശശി തരൂര്‍ അന്ന് പറഞ്ഞത്. തലസ്ഥാനം തിരഞ്ഞെടുക്കുന്നതിന് പിന്നില്‍ ഭൂമിശാസ്ത്രപരമായ കാരണങ്ങള്‍ മാത്രമല്ല ചരിത്രപരമായ സവിശേഷതകളുടെ കൂടെ അടിസ്ഥാനത്തിലാണ്, ഹൈബിയുടെ ലോജിക് പ്രകാരം ഇന്ത്യന്‍ തലസ്ഥാനം ഡല്‍ഹിയില്‍ നിന്നും നാഗ്പൂരിലേക്ക് മാറ്റേണ്ടിവരുമെന്നും ശശി തരൂര്‍ പരിഹാസരൂപേണ പറഞ്ഞിരുന്നു.


#Daily
Leave a comment