TMJ
searchnav-menu
post-thumbnail

TMJ Daily

അപേക്ഷിക്കാത്ത ക്ഷേത്രത്തിന് വിദേശ സംഭാവന സ്വീകരിക്കാനുള്ള അനുമതി

25 Jan 2025   |   1 min Read
TMJ News Desk

വിദേശ സംഭാവന സ്വീകരിക്കാനുള്ള അനുമതി ലഭിക്കാന്‍ അപേക്ഷ സമര്‍പ്പിക്കാത്ത ക്ഷേത്രത്തിന് മതപരമായ കാര്യങ്ങള്‍ക്ക് വിദേശത്തുനിന്നും സംഭാവന സ്വീകരിക്കാനുള്ള അനുമതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കി. 2010ലെ വിദേശ സംഭാവന നിയന്ത്രണ നിയമം അനുസരിച്ചാണ് ഉത്തര്‍പ്രദേശിലെ വൃന്ദാവനില്‍ ബാങ്കെ ബിഹാരി ക്ഷേത്രത്തിന് അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്.

ഈ രജിസ്‌ട്രേഷന്‍ ലഭിക്കുന്നതിനായി ഒരിക്കലും തങ്ങള്‍ അപേക്ഷിച്ചിട്ടില്ലെന്ന് ക്ഷേത്രത്തിലെ പുരോഹിതര്‍ പറയുന്നുവെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങളുടേയും ഫണ്ടുകളുടേയും നിയന്ത്രണത്തെച്ചൊല്ലി യുപിയിലെ ബിജെപി സര്‍ക്കാരുമായി നിയമപോരാട്ടത്തിലാണ് ഈ ക്ഷേത്ര കമ്മിറ്റി. ഈ കമ്മിറ്റിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളും ഉണ്ട്.

550 വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണിത്. സേവായത് ഗോസ്വാമി പുരോഹിതര്‍, സാരസ്വത ബ്രാഹ്‌മണര്‍, സ്വാമി ഹരിദാസിന്റെ പിന്‍ഗാമികള്‍ എന്നിവരുടെ പരമ്പരാഗത സമൂഹമാണ് ഈ ക്ഷേത്രത്തിന്റെ ഉടമകള്‍. ഇവരാണ് ക്ഷേത്രം പരിപാലിക്കുന്നതും. സ്വര്‍ണവും മറ്റ് വിലയേറിയ വസ്തുക്കളും കൂടാതെ ക്ഷേത്രത്തിന്റെ പക്കലുള്ള പണം 480 കോടി രൂപ വരുമെന്ന് സംസ്ഥാന സര്‍ക്കാരിലെ സ്രോതസ്സുകള്‍ പറയുന്നു.

ഇന്നലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം താക്കൂര്‍ ശ്രീ ബാങ്കെ ബിഹാരി ജി മഹാരാജ് ക്ഷേത്രത്തിന് മത (ഹിന്ദു) വിഭാഗത്തില്‍ വിദേശത്തുനിന്നുള്ള സംഭാവന സ്വീകരിക്കാന്‍ അനുമതി നല്‍കിയത്.

ക്ഷേത്രത്തെ മറ്റൊരു വിവാദത്തില്‍ ചാടിക്കാനുള്ള ഗൂഢാലോചന പോലെ തോന്നുന്നുവെന്ന് ക്ഷേത്രത്തിലെ പുരോഹിതരില്‍ ഒരാളായ അശോക് ഗോസ്വാമി പറഞ്ഞു. വിദേശത്ത് വസിക്കുന്ന ഭക്തര്‍ വര്‍ഷങ്ങളായി സംഭാവന നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗോസ്വാമിമാരെ കൂടാതെ പുറത്തുനിന്നുള്ളവരും ക്ഷേത്ര കമ്മിറ്റിയില്‍ ഉണ്ടെന്നും എന്നാല്‍ ആരാണ് ഈ അപേക്ഷ നല്‍കിയതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും ക്ഷേത്ര ഉടമകളായ പുരോഹിതര്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഭക്തര്‍ നേരിട്ട് പൂജാരിക്ക് നല്‍കുന്നത്, ചെക്ക് അല്ലെങ്കില്‍ ഡിജിറ്റല്‍ പണമിടപാട്, കാണിക്കപ്പെട്ടിയില്‍ ഭക്തര്‍ നിക്ഷേപിക്കുന്നത് എന്നീ മൂന്ന് തരത്തില്‍ ക്ഷേത്രത്തിന് ഫണ്ട് ലഭിക്കുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.


#Daily
Leave a comment