അമീറുല്‍ ഇസ്ലാം | PHOTO: FACE
പെരുമ്പാവൂര്‍ ജിഷ വധക്കേസ്: പ്രതിയുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു
പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു. കുറ്റവിമുക്തനാക്കി വെറുതെ വിടണമെന്ന അമീറുല്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ കോടതി തള്ളി. ജസ്റ്റിസുമാരായ പിബി സുരേഷ്‌കുമാര്‍, എസ് മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
ഡല്‍ഹി നിര്‍ഭയ കേസിന് സമാനമാണ് ജിഷ വധക്കേസ് എന്ന് കോടതി അഭിപ്രായപ്പെട്ടു. 2017 ഡിസംബറിലാണ് ജിഷ വധക്കേസില്‍ അമീറുല്‍ ഇസ്ലാമിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. താന്‍ നിരപരാധിയാണെന്നും സാക്ഷികളില്ലെന്നും പോലീസ് കെട്ടിച്ചമച്ച തെളിവുകളാണ് തനിക്കെതിരെ വിചാരണക്കോടതി പരിഗണിച്ചതെന്നുമാണ് പ്രതി അപ്പീലില്‍ പറഞ്ഞത്.
2016 ഏപ്രില്‍ 18 നാണ് നിയമവിദ്യാര്‍ത്ഥിനിയായിരുന്ന പെരുമ്പാവൂര്‍ സ്വദേശിനിയായ ജിഷയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. യുവതി ലൈംഗിക പീഡനത്തിന് ഇരയായതായും ശരീരത്തില്‍ 38 മുറിവുകളുള്ളതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ കൊലപാതകം, ബലാത്സംഗം, അതിക്രമിച്ച് കയറല്‍, മാരകമായി മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. വിധി കേള്‍ക്കാന്‍ ജിഷയുടെ അമ്മയും സഹോദരിയും കോടതിയില്‍ എത്തിയിരുന്നു.
കൊല്ലപ്പെടും മുമ്പ് ജിഷ പ്രതിയുടെ കൈയില്‍ പിടിച്ചിരുന്നു. ഇതിലൂടെ ലഭിച്ച സാമ്പിളും പ്രതിയുടെ ഡിഎന്‍എയും ഒന്നായിരുന്നു. കൂടാതെ അമീറിന്റെ രക്തം യുവതിയുടെ വസ്ത്രത്തില്‍ നിന്നും ലഭിച്ചിരുന്നു. പ്രതിയുടെ ചെരുപ്പില്‍ ജിഷയുടെ ഡിഎന്‍എ യും കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയിലും യുവതിയുടെ ഡിഎന്‍എ കണ്ടെത്തി. ഇത്തരം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ കോടതി ശരിവച്ചത്.