TMJ
searchnav-menu
post-thumbnail

REPRESENTATIONAL IMAGE: PTI

TMJ Daily

മഹാമാരിയും യുദ്ധങ്ങളും : 165 ദശലക്ഷം ആളുകള്‍ കൊടും പട്ടിണിയിലേക്ക്

15 Jul 2023   |   2 min Read
TMJ News Desk

കോവിഡ് മഹാമാരിയും യുക്രൈന്‍ യുദ്ധവും 165 ദശലക്ഷം ആളുകളെ കൊടും പട്ടിണിയിലേക്ക് തള്ളിവിട്ടതായി ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ട്. 2020 നും 2023 ന്റെ അവസാനത്തിനും ഇടയില്‍ 75 ദശലക്ഷം ആളുകള്‍ ദിവസം 2.15 ഡോളറില്‍ താഴെ മാത്രം വരുമാനമുള്ളവരായി, കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ടതായി പറയുന്നു. യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാം പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. 

ദരിദ്രരായവര്‍ കൂടുതല്‍ കഷ്ടപ്പെടുന്നു. 2023 ല്‍ അവരുടെ വരുമാനം കോവിഡിന് മുമ്പുള്ള നിലവാരത്തിന് താഴെയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. വികസ്വര രാജ്യങ്ങള്‍ക്കുള്ള കടംതിരിച്ചടവ് താല്ക്കാലികമായി നിര്‍ത്തണമെന്നും യുഎന്‍ ആവശ്യപ്പെട്ടു. മനുഷ്യരാശിയുടെ പകുതിയോളം ആളുകള്‍ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ചെലവാക്കുന്നതിനെക്കാള്‍ കൂടുതല്‍ പണം, കടത്തിന്റെ പലിശ അടയ്ക്കുന്ന രാജ്യങ്ങളിലാണ് ജീവിക്കുന്നത്. വികസ്വര രാജ്യങ്ങള്‍, താഴ്ന്ന നിലയിലുള്ള കടമാണെങ്കിലും ഉയര്‍ന്ന പലിശ നല്‍കേണ്ടി വരുന്നു. 90 ദശലക്ഷം ആളുകള്‍ ഒരു ദിവസം 3.65 ഡോളര്‍ എന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയും വരും. 

കരുതണം മുന്നറിയിപ്പുകളെ 

സുഡാന്‍, ഹെയ്തി, ബുര്‍ക്കിന ഫാസോ, മാലി എന്നിവിടങ്ങളിലെ ജനങ്ങളെ കാത്തിരിക്കുന്നത് കൊടും പട്ടിണിയെന്ന് ഐക്യരാഷ്ട്ര സഭ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പട്ടിണി അതിരൂക്ഷമായ അഫ്ഗാനിസ്ഥാന്‍, സൊമാലിയ, നൈജീരിയ, ദക്ഷിണ സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് ഈ നാലു രാജ്യങ്ങളെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിജാഗ്രതാ ലിസ്റ്റിലുള്ള ഒമ്പതു രാജ്യങ്ങള്‍ക്കുപുറമെ, 22 രാജ്യങ്ങള്‍ ഹോട്ട്സ്പോട്ട് വിഭാഗത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ജനങ്ങളുടെ ജീവനും തൊഴിലും സംരക്ഷിക്കാന്‍ അടിയന്തര നടപടി വേണമെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെയും ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെയും റിപ്പോര്‍ട്ടുകളില്‍ ആവശ്യപ്പെടുന്നു. പത്തുലക്ഷത്തോളം ആളുകള്‍ സുഡാനില്‍ നിന്ന് പലായനം ചെയ്യാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ പോര്‍ട്ട് സുഡാന്‍ വഴിയുള്ള വിതരണ ശ്യംഖല തടസ്സപ്പെട്ടതിനാല്‍ വരും മാസങ്ങളില്‍ രാജ്യത്തെ 25 ലക്ഷത്തിലധികം ആളുകള്‍ കൊടുംപട്ടിണി നേരിടുമെന്നാണ് ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കിയത്. 

താളംതെറ്റിച്ച് ആഭ്യന്തര യുദ്ധങ്ങള്‍ 

യെമന്‍, മ്യാന്‍മാര്‍, സിറിയ, യുക്രൈന്‍, എത്യോപ്യ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നീണ്ടുനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ വിവിധ തലങ്ങളിലാണ് ജനങ്ങളെ ബാധിച്ചത്. റഷ്യ-യുക്രൈന്‍ യുദ്ധം അതിഭീമമായ നഷ്ടമാണ് യുക്രൈന് സമ്മാനിച്ചത്. 40,000 ത്തിലധികം പേരുടെ മരണത്തിനിടയാക്കി. 1.5 കോടിയോളം ആളുകളാണ് അഭയാര്‍ത്ഥികളായത്. സിറിയ കഴിഞ്ഞ 12 വര്‍ഷമായി സംഘര്‍ഷഭരിതമാണ്. ജോര്‍ദാനില്‍ സിറിയയില്‍ നിന്ന് രജിസ്റ്റര്‍ ചെയ്ത 6.75 ലക്ഷം അഭയാര്‍ത്ഥികളാണ് ഉള്ളത്. 

2021 ഒക്ടോബറിലെ സൈനിക അട്ടിമറിക്ക് പിന്നാലെയുണ്ടായ സംഘര്‍ഷങ്ങള്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി സുഡാനില്‍ നിലനിന്നിരുന്നു. സൈനിക മേധാവി അബ്ദുള്‍ ഫത്താഹ് അല്‍ ബുര്‍ഹാനും അര്‍ധ സൈനിക കമാന്‍ഡറായ ഉപസൈനിക മേധാവി മുഹമ്മദ് ഹംദാന്‍ ഡാഗ്ലോയും തമ്മിലുണ്ടായ തര്‍ക്കങ്ങളാണ് ഇരു സേനകളും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചത്. ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എട്ടു ലക്ഷത്തിലേറെ പേര്‍ സുഡാനില്‍ നിന്ന് പലായനം ചെയ്യുമെന്ന് ഐക്യരാഷ്ട്രസഭയും അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

കഴിഞ്ഞ എട്ടു വര്‍ഷമായി തുടരുന്ന യെമനിലെ ആഭ്യന്തര യുദ്ധം പതിനായിരത്തിലേറെ കുട്ടികളെ ബാധിച്ചതായി അടുത്തിടെ പുറത്തുവിട്ട യുനിസെഫിന്റെ കണക്കുകള്‍ പറയുന്നു. 2014 മുതല്‍ ആരംഭിച്ച യുദ്ധത്തില്‍ ഇതുവരെ കൊല്ലപ്പെടുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്ത കുട്ടികളുടെ എണ്ണം 11,000 ത്തിലധികമാണെന്ന് യുഎന്‍ ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 7.3 കോടിയോളം ജനങ്ങളാണ് നാടും വീടും ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായത്. 2015 മാര്‍ച്ചിനും 2022 സെപ്തംബറിനുമിടയില്‍ 3,774 കുട്ടികള്‍ മരിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. യെമനിലെ രണ്ടു ദശലക്ഷം കുട്ടികള്‍ പോഷകാഹാരക്കുറവ് നേരിടുന്നവരാണ്.




#Daily
Leave a comment